തുലാമാസത്തിലെ വെളുത്തപക്ഷ ഷഷ്ഠിയാണ് സ്കന്ദഷഷ്ഠി. സന്താനാഭിവൃദ്ധിക്കും രോഗശാന്തിക്കും ദുരിതനിവാരണത്തിനും ദാമ്പത്യഭദ്രതയ്ക്കും അത്യുത്തമമാണ് സ്കന്ദഷഷ്ഠിവ്രതം. ഈ വര്‍ഷത്തെ സ്കന്ദഷഷ്ഠി നാളെയാണ്. സുബ്രഹ്മണ്യസ്വാമിക്ക് പ്രാധാന്യമുള്ള ചൊവ്വാഴ്ച ദിനത്തിലാണ് സ്കന്ദഷഷ്ഠി വരുന്നതെന്ന പ്രത്യേകതയുമുണ്ട് നാളത്തെ സ്കന്ദഷഷ്ഠിക്ക്.
സുബ്രഹ്മണ്യപ്രീതിക്കായുള്ള സ്കന്ദഷഷ്ഠിവ്രതത്തിന് ആറുദിവസത്തെ വ്രതാനുഷ്ഠാനമാണ് ഉത്തമം. ഇതനുസരിച്ച് തുലാമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ദിനം വ്രതം ആരംഭിക്കണമെന്നാണ് ആചാരം. സ്കന്ദനെ കാണാതെ ദുഃഖിതരായ ദേവന്മാരും അമ്മയായ പാര്‍വതീദേവിയും തുടര്‍ച്ചയായി ആറു ദിവസം വ്രതമനുഷ്ഠിക്കുകയും തന്മൂലം ശൂരപദ്മാസുരന്റെ മായയെ അതിജീവിച്ച സുബ്രഹ്മണ്യന് തുലാമാസത്തിലെ ഷഷ്ഠിദിനത്തില്‍ അസുരനെ വധിക്കുകയും ചെയ്തു. അതിനാല്‍ തുലാമാസത്തിലെ ഷഷ്ഠി സ്കന്ദഷഷ്ഠി എന്നറിയപ്പെടുന്നു. ഷഷ്ഠി ദിനത്തില്‍ ഭഗവാന്റെ മൂലമന്ത്രമായ ഓം വചത്ഭുവേ നമഃ, 108 തവണ ജപിക്കണം. മുരുകനെ പ്രാര്‍ഥിക്കുമ്പോള്‍ ‘ഓം ശരവണ ഭവഃ’ എന്ന മന്ത്രം 21 തവണ ജപിക്കുന്നതും ഉത്തമമാണ്. ആറ് ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നതിനു തുല്യമാണ് ഒരു സ്കന്ദഷഷ്ഠി വ്രതം. കുടുംബസൗഖ്യത്തിനും ജീവിതസൗഭാഗ്യത്തിനും അത്യുത്തമമാണ് സ്കന്ദഷഷ്ഠി വ്രതം. ഭക്തിയോടെ അനുഷ്ഠിച്ചാല്‍ ഭര്‍തൃസന്താന ദുഃഖവും തീരാവ്യാധികളും ഉണ്ടാവുകയില്ല. ഉദ്ദിഷ്ടകാര്യസിദ്ധിക്കായും ഷഷ്ഠിവ്രതം അനുഷ്ഠിക്കാവുന്നതാണ്. എല്ലാ മാസത്തിലെയും ഷഷ്ഠിനാളില്‍ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമെങ്കിലും ഏറ്റവും പ്രധാനം സ്കന്ദഷഷ്ഠി തന്നെ. മാസംതോറുമുള്ള ഷഷ്ഠി വ്രതാചരണം തുടങ്ങേണ്ടത് തുലാമാസത്തിലെ ഷഷ്ഠി മുതലാണ്.
വെളുത്തപക്ഷത്തിലെ പ്രഥമ മുതല്‍ ശരീരശുദ്ധി വരുത്തണം. കഴിവതും നല്ല കാര്യങ്ങള്‍ മാത്രം ചിന്തിക്കുകയും പറയുകയും വേണം. അരിയാഹാരം ഒരു നേരമേ കഴിക്കാവൂ. ദിവസം മുഴുവന്‍ ഷണ്‍മുഖനാമ കീര്‍ത്തനം ഭക്തിപുരസ്സരം ചൊല്ലണം. കഴിവിന് അനുസരിച്ച് വഴിപാട് നടത്തണം. ആറാമത്തെ ദിവസമായ ഷഷ്ഠിനാളില്‍ അതിരാവിലെ ഉണര്‍ന്ന് കുളിച്ച് ശുദ്ധ വസ്ത്രം ധരിച്ച് ഷണ്മുഖ പൂജ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ചാണകം മെഴുകി ശുദ്ധിയാക്കി ഭഗവാന്റെ ചിത്രം പ്രതിഷ്ഠിക്കണം.
സ്കന്ദസ്തോത്രങ്ങള്‍ ഭക്തിപൂര്‍വം ഉരുവിട്ട് പ്രാര്‍ഥിക്കണം. സ്കന്ദഷഷ്ഠി ദിവസം ഉപവാസം അനുഷ്ഠിക്കണം. ഭഗവാന്റെ പ്രസാദമായ വെളള നിവേദ്യം ഉച്ചയ്ക്ക് വാങ്ങിയാലും വൈകുന്നേരമേ കഴിക്കാവൂ. സൂര്യോദയത്തിന് ശേഷം ആറുനാഴിക ഷഷ്ഠിയുള്ള ദിവസമാണ് ഷഷ്ഠി വ്രതമെടുക്കേണ്ടത്. വെളുത്തപക്ഷത്തിലെ പഞ്ചമി നാള് ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് സുബ്രഹ്മണ്യനെ പ്രാര്‍ഥിച്ച് കഴിയണം. ഷഷ്ഠിദിവസം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പോവുകയും പ്രാര്‍ഥിക്കുകയും വേണം. ഉദ്ദിഷ്ഠകാര്യ സിദ്ധിക്കും വിധിപ്രകാരമുള്ള ഷഷ്ഠിവ്രതാനുഷ്ഠാനം ഫലപ്രദമാണ്.
സന്താനസൗഖ്യം, സര്‍പ്പദോഷ ശാന്തി, ത്വക്രോഗ ശാന്തി എന്നിവയ്ക്കും ഈ വ്രതം നല്ലതാണ്. സ്കന്ദഷഷ്ഠി വ്രതാനുഷ്ടാനത്തിലൂടെ നീച, ഭൂത, പ്രേതബാധകള്‍ അകലുമത്രെ. തീരാവ്യാധികള്‍ക്കും ദുഃഖങ്ങള്‍ക്കും മരുന്നാണ് സ്കന്ദഷഷ്ഠി. ഭര്‍തൃദുഃഖവും പുത്രദുഃഖവുമുണ്ടാകില്ല. സത്സന്താനലബ്ധിക്കും ഇഷ്ട ഭര്‍തൃസംയോഗത്തിനും സ്കന്ദഷഷ്ഠി ഉത്തമമത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: