‘ജയചന്ദ്ര, തുനേ ദേശകോ ബര്ബാദ് കര്ദിയാ
ഗൈരോംകോ ലാക്കര്‍ ഹിന്ദ് മേ ആബാദ് കര്ദിയാ
കാശീബനാ ബനാറസ് പ്രയാഗ ഇലാഹാബാദ് ബനാ
പ്രഭുരാമ കി അയോധ്യാ പുരികോ
തുനേ ഫൈസാബാദ് കര് ദിയാ ജയചന്ദ്ര…”
(ജയചന്ദ്രാ നീ ദേശത്തെ കുട്ടിച്ചോറാക്കി. വിദേശികളെ ഹിന്ദുസ്ഥാനില്‍ കൊണ്ടുവന്ന് പാര്‍പ്പിച്ചു. കാശി ബനാറസ് ആക്കി. പ്രയാഗ ഇലാഹാബാദ് ആക്കി, രാമന്റെ അയോധ്യയെ ഫൈസാബാദാക്കി).
1959-ല്‍ ആര്‍എസ്എസ് തൃതീയ വര്‍ഷ ശിക്ഷണത്തിന് നാഗപൂരില്‍ പോയപ്പോള്‍, രാത്രിയിലെ അനൗപചാരിക പരിപാടികള്‍ക്കിടയില്‍ ഉത്തര്‍പ്രദേശില്‍നിന്നു വന്ന സ്വയംസേവകര്‍ പാടിത്തകര്‍ത്ത ഒരു ക്വവാലി ഗാനത്തിന്റെ തുടക്കമിങ്ങനെ ആയിരുന്നു. ഇതുപോലെ എട്ടുനൂറ്റാണ്ടിന്റെ മുസ്ലിം തേര്‍വാഴ്ചക്കാലത്തെ ഹൈന്ദവ ധ്വംസനങ്ങളെ എടുത്തുകാട്ടുന്ന ഏതാനും ചരണങ്ങള്‍ കൂടി അതിനുണ്ടായിരുന്നു.
അത്യധികം ആവേശത്തോടുകൂടി ഈ പാട്ടിന്റെ പല്ലവി എല്ലാവരും ചേര്‍ന്നു തുള്ളിച്ചാടിക്കൊണ്ട് പാടി. ആര്‍എസ്എസ് പ്രവര്‍ത്തനം ഉത്തരഭാരതത്തിലേക്കു ചെന്നപ്പോള്‍ പഞ്ചാബിലെയും യുപിയിലെയും സ്വയംസേവകര്‍ അതിന്റെ ഗാനശാഖയിലേക്കു നല്‍കിയതാണ് സൂഫി ശൈലിയിലുള്ള ക്വവാലി പാട്ടുകള്‍. ”വീരകേശവ ആയെ ഥേ, വീര കേശവ ആയെ ഥേ, വീര കേശവ ആയെ ഥേ, ഹമ്കോ ജഗാനേ കേലിയെ, ഹതഭാഗ്യ ഹിന്ദുരാഷ്ട്രക്കോ ഫിര്‍സേ ഉഠാനേ കേലിയേ” എന്ന ക്വവാലി ശൈലിയിലുള്ള ഗണഗീതം പഴയ മലബാറിലെ ആര്‍എസ്എസ് പ്രചാരക് ശങ്കര്‍ ശാസ്ത്രി ആലപിച്ചത് മനസ്സില്‍ തങ്ങിനില്ക്കുന്നുണ്ട്. പതിനെട്ടുപടികള്‍ക്കും ശരണം വിളിച്ചുകൊണ്ട് 1960-കളില്‍ ജി. അപ്പുക്കുട്ടന് എന്ന പ്രചാരകന് നയിച്ച ശരണകീര്ത്തനവുമുണ്ട്.
”ഹിന്ദുസ്ഥാനമുണരുവാന് ഹിന്ദുധര്‍മ്മം വളര്‍ത്തുവാന്‍
ഹിന്ദുക്കള്‍ക്ക് സംഘശക്തി ലഭിച്ചിടുവാന്‍
ഓരോ ഹിന്ദു സ്വയംസേവകായി മാറി പ്രവര്‍ത്തിപ്പിന്‍
ഓരോ ഹിന്ദു പടയാളി വീരരായ് മാറിന്”
എന്ന വഞ്ചിപ്പാട്ട് താളത്തോടെ പാടുന്നത് ക്വവാലിയുടെ ആവേശം തരുന്നതായിരുന്നു. പരേതനായ കെ. പെരച്ചനും അവിസ്മരണീയ ഭരതേട്ടനും ഇത്തരം സമൂഹ ഗാനാലാപനം നയിക്കുമായിരുന്നു.
ഇത്രയും പ്രതിപാദിക്കാന്‍ ഇടയായത് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഈയിടെ പ്രഖ്യാപിച്ച ചില നിര്‍ദ്ദേശങ്ങള്‍ വായിച്ചതാണ്. അടുത്തുവരുന്ന പ്രയാഗാ കുംഭമേള മുതല്‍ അലഹാബാദ് നഗരത്തിന്റെ പേര് പ്രയാഗ്രാജ് എന്നാക്കി സര്‍ക്കാര്‍ തീരുമാനമെടുത്തത് വാര്‍ത്താ മാധ്യമങ്ങളില്‍ വന്നിരുന്നു. ഇതിനെ തികഞ്ഞ ആഹ്ലാദത്തോടെയാണ് ബഹുഭൂരിപക്ഷം ജനങ്ങളും സ്വീകരിച്ചത്. മതേതര കേന്ദ്രങ്ങളില്‍ മുറുമുറുപ്പും എതിര്‍പ്പുമുണ്ടായി. രാജ്യത്തെ ഹിന്ദുവല്‍ക്കരിക്കാനുള്ള കുത്സിതമായ ബിജെപി നീക്കമാണിതെന്ന പതിവ് പല്ലവി ഉയരുന്നുണ്ട്. സ്വാതന്ത്ര്യം ലഭിച്ച കാലത്തുതന്നെ അലഹബാദിന്റെ പേര് പ്രയാഗ എന്നാക്കണമെന്ന് പല കോണ്‍ഗ്രസ്സ് നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു. തന്റെ പൈതൃക ഭവനം സ്ഥിതിചെയ്യുന്ന നഗരത്തിന്റെ പേര് അക്ബര്‍ ചക്രവര്‍ത്തി നല്‍കിയതാണെന്നും ‘അക്ബര്‍’ മതേതരത്വത്തിന്റെ പ്രതീകമാണെന്നും, അതിനാല്‍ പേരുമാറ്റുന്ന പ്രശ്നമില്ലെന്നും നെഹ്റു ഉറച്ചു. എന്നാല്‍ കുംഭമേള നടക്കുന്ന ത്രിവേണീ സംഗമത്തിലെ തപാലാപ്പീസിന് പ്രയാഗ് എന്ന പേരും അതിനനുസരിച്ച മുദ്രയും അനുവദിക്കപ്പെട്ടു.
ഭാരതത്തിലെ തീര്‍ത്ഥങ്ങളുടെ രാജസ്ഥാനമാണ് പ്രയാഗയ്ക്ക് നമ്മുടെ പൂര്‍വികര്‍ നല്‍കിയത്. പതിനെട്ടു പുരാണങ്ങളിലെയും തീര്‍ത്ഥ വര്‍ണനകളില്‍ ഏറ്റവും വര്ണിക്കപ്പെടുന്നതു പ്രയാഗയാണ്. സ്വാതന്ത്ര്യം കിട്ടി എഴുപത്തിരണ്ടാം വര്‍ഷത്തില്‍ ആ പുണ്യതീര്ത്ഥത്തിന് യഥാര്‍ത്ഥ നാമധേയം നല്കാന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തയ്യാറായിരിക്കുന്നു.
”പ്രയാഗം പാടലീ പുത്രം വിജയാനഗരം തദാ
ഇന്ദ്രപ്രസ്ഥം ഗയാം ചൈവ
പ്രത്യുഷേ പ്രത്യഹംസ്മരേത്” എന്നായിരുന്നു സംഘത്തിന്റെ ആദ്യത്തെ പ്രാതസ്മരണയില്‍ ചൊല്ലിയിരുന്നത്.
ആദിത്യനാഥിന്റെ മറ്റൊരു തീരുമാനം ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കിയതാണ്. അയോധ്യയുടെയും രാമജന്മസ്ഥാനത്തിന്റെയും സ്ഥാനത്തിനുള്ള പ്രാധാന്യം ഇല്ലാതാക്കാന്‍ അവധിലെ നവാബ് പണിത തലസ്ഥാനമാണ് ഫൈസാബാദ്. പില്ക്കാലത്ത് തലസ്ഥാനം ലഖ്നൗവിലേക്ക് മാറ്റിയപ്പോള്‍ ഫൈസാബാദിന് ജില്ലാ ആസ്ഥാനമെന്ന സ്ഥാനമാണ് ലഭിച്ചത്.
യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം വരുന്ന സമയത്ത്, അയോധ്യയില്‍ വന്‍തോതിലുള്ള സാംസ്കൃതിക സമുച്ചയ നിര്‍മാണവും പ്രഖ്യാപിക്കപ്പെട്ടു. അതിന് സാക്ഷ്യം വഹിച്ചത് ദക്ഷിണ കൊറിയന്‍ പ്രഥമ വനിത കിംജുങ് സൂക് ആയിരുന്നു. മാതൃപാരമ്പര്യം അയോധ്യയിലേക്ക് നീളുന്ന ചരിത്രമാണ് കൊറിയന്‍ രാജകുടുംബത്തിനുള്ളത്. പൊതുവര്‍ഷം (എഡി) 48-ല്‍ അയോധ്യയിലെ രാജകുമാരി കൊറിയയിലേക്കു പോയി അവിടത്തെ രാജാവിന്റെ രാജ്ഞിയായി ഫിയോസാങ് ഓക് എന്ന പേര് സ്വീകരിച്ചുവെന്ന കഥ അനുസ്മരിച്ചുകൊണ്ടാണ് ഭാരതീയ വേഷത്തില്‍ അവരുടെ സ്മാരകം ഉദ്ഘാടനം ചെയ്യാന്‍ പ്രഥമ വനിത എത്തിയത്. സരയൂ നദീതീരത്ത് രാമകഥാ ഉദ്യാനം അടുത്തുതന്നെ പൂര്‍ത്തിയാകും. ജന്മസ്ഥാനത്തെ ശ്രീരാമ ക്ഷേത്രത്തിന്റെ മുന്നോടിയായി അതു വിലസും.
അതിനിടെ ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദിന്റെ പേര് കര്‍ണാവതി എന്നാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നു: സബര്‍മതി തീരത്ത് ചാലൂക്യ രാജവംശത്തിലെ രാജാകര്ണന് സ്ഥാപിച്ച നഗരമായിരുന്നു കര്‍ണാവതി. കര്‍ണാവതിയും സോമനാഥവും പശ്ചിമേഷ്യയിലെങ്ങും സുപ്രസിദ്ധമായിരുന്നു. വിശേഷിച്ചും അറേബ്യയിലെ ജനങ്ങള്‍ ഭക്ത്യാദരപൂര്‍വം ആരാധിച്ചുവന്ന ക്ഷേത്രങ്ങളായിരുന്നു, പിന്നീട് മെക്കയായിത്തീര്ന്ന മഹേശ്വരവും സോമനാഥവുമത്രേ. ഇസ്ലാം മതം അറേബ്യയില്‍ വ്യാപകമാവുകയും വിഗ്രഹധ്വംസനം അവരുടെ മുഖ്യപരിപാടിയാവുകയും ചെയ്തപ്പോള്‍ അവിടത്തെ പൂജാരിമാര്‍, ശിവലിംഗവുമായി കടല്‍ കടന്ന് സോമനാഥത്തില്‍ അതു പ്രതിഷ്ഠിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു. ദല്‍ഹിയില്‍ അധികാരം സ്ഥാപിച്ച സുല്ത്താന്മാരും ഗുജറാത്തിനെ ആക്രമണ ലക്ഷ്യമാക്കാന്‍ കാരണവും മറ്റൊന്നല്ല. പതിനാലാം നൂറ്റാണ്ടില്‍ ദല്‍ഹി സുല്‍ത്താന്‍ കര്‍ണാവതി കീഴടക്കി, അഹമ്മദാബാദ് എന്ന് പേരുമാറ്റി. അതാണിപ്പോള്‍ പഴയ പേരിലേക്കു തിരികെ പോകുന്നത്.
വിദേശഭരണം അവസാനിച്ചപ്പോള്‍ത്തന്നെ, നമ്മുടെ നാട്ടിലെ നഗരങ്ങളും മറ്റും അവയുടെ പൂര്‍വ നാമങ്ങള്‍ സ്വീകരിക്കേണ്ടതായിരുന്നു. അതിന് ചുമതലപ്പെട്ടവര്‍ തങ്ങളുടെ ആശയപരവും മതപരവുമായ കാരണങ്ങളാല്‍ തയ്യാറാകാതിരുന്നു. അതിന്റെ ഏറ്റവും നല്ല ഉദാഹരണം സുല്‍ത്താന്‍ ബത്തേരിയാണ്. മൈസൂറിനും വയനാടിനുമിടയിലെ ഏറ്റവുംപ്രധാനമായ വാണിജ്യവിനിമയത്താവളമായിരുന്നു ഗണപതിവട്ടം എന്ന സ്ഥലം. ടിപ്പു കോഴിക്കോട് ആക്രമിക്കാനുള്ള വരവില്‍ ഗണപതിവട്ടത്തിന് സമീപം തന്റെ പീരങ്കി നിരകള്‍ സ്ഥാപിച്ച് അവിടത്തെ മഹാഗണപതി ക്ഷേത്രം തകര്‍ത്തു. അല്പം അകലത്തെ ജൈനക്ഷേത്രത്തെ വെറുതെ വിട്ടു. നാലു പതിറ്റാണ്ടുകള്‍ക്കു മുന്‍പ് മാത്രമാണ് ഗണപതി ക്ഷേത്രം നാട്ടുകാര്‍ ചേര്‍ന്ന് പുതുക്കിപ്പണിതത്.
മലബാര്‍ ഈസ്റ്റിന്ത്യാ കമ്പനിയുടെ കൈവശം വന്നപ്പോള്‍ പീരങ്കി നിര ഇരുന്ന സ്ഥലത്തിന് ‘സുല്‍ത്താന്‍സ് ബാറ്ററി’ എന്ന പേര് വീണു. അതിനെ മലയാളീകരിച്ച് സുല്‍ത്താന്‍ ബത്തേരിയാക്കി. കേരളത്തിലെ സ്ഥലങ്ങളുടെ പേരുകള്‍ അതിന്റെ യഥാര്‍ത്ഥ പൂര്‍വരൂപത്തിലാക്കാന്‍ നിയമമുണ്ടാക്കിയ ഇ.കെ. നായനാരുടെ ഇടതുഭരണം മതേതരത്വം നിലനിര്‍ത്താനും, വര്‍ഗീയ സ്വഭാവമില്ലാതാക്കാനും ഗണപതിവട്ടം വേണ്ട, സുല്‍ത്താന്‍ ബത്തേരി മതി, അതിന് അര്‍ത്ഥമോ അനര്‍ത്ഥമോ എന്തുവന്നാലും എന്നുവച്ചു. ത്രിചൂരിനെ തൃശ്ശിവപേരൂരാക്കാതെ തൃശ്ശൂരാക്കിയതിനും കണ്ണന്നൂര്‍ (എന്നായിരുന്നു ഇംഗ്ലീഷ് പേര്) കണ്ണൂരാക്കിയതിനും പിന്നിലെ കുരുട്ടുബുദ്ധിയും അതുതന്നെ; വര്‍ഗീയത ചുവയ്ക്കില്ലല്ലോ. മാറ്റിയ പേരുകള്‍ കേന്ദ്രത്തെക്കൊണ്ട് സ്വീകരിപ്പിക്കാന് ഒന്നും ചെയ്തതുമില്ല.
സ്ഥലത്തിന്റെ പേരുകളില്‍ മാത്രമല്ല, സര്‍ക്കാരുകളുടെ എല്ലാ നടപടികളിലും നീക്കങ്ങളിലും ‘സ്വ’യുടെ ശക്തിയുണ്ടാകേണ്ടതാവശ്യമാകുന്നു. ദല്‍ഹിയിലെ റോഡുകള്‍ ഈയടുത്തകാലംവരെ ബ്രിട്ടീഷ്, മുഗള്‍ ഭരണകര്‍ത്താക്കളുടെ പേരും പേറിയാണ് കിടന്നത്. അതു മിക്കവാറും തിരുത്തപ്പെട്ടു. ഭാരതീയ ജനസഞ്ചയത്തിന്റെ ഹൃദയത്തില്‍ കുത്തിമുറിവേല്‍പ്പിച്ചുകൊണ്ടിരുന്ന ചില പേരുകള്‍ തിരുത്തപ്പെട്ടത് ആശ്വാസകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: