നെയ്യാറ്റിന്‍കര: യുവാവിനെ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ടുകൊന്ന ഡിവൈഎസ്പി ബി. ഹരികുമാറിനെ പിടികൂടാതെ പോലീസ്. അന്വേഷണം പ്രഹസനമെന്നും പോലീസ് ഒളിച്ച് കളിക്കുകയാണെന്നും ആക്ഷേപം. ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത് അറസ്റ്റ് വൈകിപ്പിക്കാനാണെന്ന ആരോപണവും ഉയരുന്നു. അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് സമരസമിതിയും, യുവമോര്‍ച്ചയും ഡിവൈഎസ്പി ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി. ഹരികുമാറിനെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുന്നതായി സനലിന്റെ കുടുംബവും ആരോപിച്ചു. പ്രതിയെ എത്രയും വേഗം പിടികൂടിയില്ലെങ്കില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരമിരിക്കുമെന്ന് അമ്മ രമണിയും ഭാര്യ വിജിയും പറഞ്ഞു.
ഹരികുമാറിന്റെ വീട്ടില്‍ ഇതുവരെയും പോലീസ് അന്വേഷണം നടത്തിയില്ല. ഹരികുമാറിന് ക്വാറി മാഫിയകളുമായി അടുത്ത ബന്ധമുള്ളതിനാല്‍ ഇവരുടെ സംരക്ഷണയിലായിരിക്കും എന്നാണ് നിഗമനം. ഇതിനിടെ സാക്ഷിക്ക് വധഭീഷണി ഉണ്ടായി. കൊടങ്ങവിളയില്‍ ഹോട്ടല്‍ നടത്തുന്ന മാഹീനാണ് വധഭീഷണി ഉണ്ടായത്. ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തതിന് പിന്നാലെ കടയിലെത്തിയ ഒരു സംഘം മാഹീനെ ഭീഷണിപ്പെടുത്തിയത്. ഹരികുമാറിന് അനുകൂലമായി സാക്ഷി പറയണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. ഡിവൈഎസ്പിയുടെ അനുയായികളായ മാഫിയ സംഘങ്ങളാണ് ഭീഷണിക്ക് പിന്നിലെന്നാണ് സൂചന.
സനലിനെ ഇടിച്ച വാഹനത്തിന്റെ ഉടമയും തെളിവുകള്‍ നല്കി. ഹമ്പിന് അടുത്തെത്തിയപ്പോള്‍ പെട്ടെന്ന് കാറിലേക്ക് എന്തോ വന്നു വീണു. പെട്ടെന്ന് വണ്ടി നിര്‍ത്തി പുറത്തിറങ്ങി നോക്കിയപ്പോഴാണ് മനുഷ്യനാണെന്നു മനസ്സിലായതെന്ന് വാഹനത്തിന്റെ ഉടമ നിഖില്‍ പറഞ്ഞു. കാര്‍ പെട്ടെന്ന് നിര്‍ത്തിയതിനാല്‍ സനലിന്റെ ദേഹത്തുകൂടി കാര്‍ കയറിയില്ലെന്നും നിഖില്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് എസ്പി കെ.എം. ആന്റണിയുടെ നേതൃത്വത്തില്‍ 11 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: