ആലപ്പുഴ: പ്രളയത്തെത്തുടര്‍ന്ന് മാറ്റിവച്ച അറുപത്തിയാറാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് പുന്നമടക്കായലില്‍ നടക്കും. ചുണ്ടന് വള്ളങ്ങളുടെ മത്സരത്തില്‍ 20 വള്ളങ്ങളും പ്രദര്‍ശന മത്സരത്തില്‍ അഞ്ച് വള്ളങ്ങളും ഉള്‍പ്പടെ 25 ചുണ്ടന്‍വള്ളങ്ങള്‍ മാറ്റുരയ്ക്കും.
കൂടാതെ വെപ്പ് എ വിഭാഗത്തില്‍ 9 വള്ളങ്ങളും വെപ്പ് ബി വിഭാഗത്തില്‍ ഏഴ് വള്ളങ്ങളും ഇരുട്ടുകുത്തി എ ഗ്രേഡ് നാലു വള്ളങ്ങളും ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തില്‍ 17 വള്ളങ്ങളും ഇരുട്ടുകുത്തി സി ഗ്രേഡ് വിഭാഗത്തില്‍ 9 വള്ളങ്ങളും 4 ചുരുളന്‍ വള്ളങ്ങളും 6 തെക്കനോടി വള്ളങ്ങളും ഉള്‍പ്പെടെ 56 ചെറുവള്ളങ്ങളും മത്സരിക്കും .
ഈ ജലമേളയില്‍ ഇക്കുറി വള്ളങ്ങളുടെ മെയിന്റനന്‍സ് ഗ്രാന്‍ഡ്, വള്ളങ്ങളുടെ ബോണസ് എന്നിവ കഴിഞ്ഞ തവണത്തേക്കാള്‍ പത്ത് ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഏകദേശം ഒന്നര കോടിയോളം രൂപ ബോണസും ഗ്രാന്‍ഡായും നല്‍കുന്നുണ്ട്. കൂടാതെ ഇത്തവണ മുന്നിലെത്തുന്ന 10 വള്ളങ്ങള്‍ക്ക് സമ്മാനത്തുക വര്‍ധിപ്പിക്കാനും തീരുമാനം എടുത്തിട്ടുണ്ട്. രാവിലെ 11ന് ചെറുവള്ളങ്ങളുടെ മത്സരം ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും എല്ലാ വിഭാഗങ്ങളുടെയും ഫൈനല്‍ മത്സരങ്ങളും അരങ്ങേറും.
വള്ളംകളിക്ക് ആവേശം പകരാന്‍ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും തെലുങ്ക നടന് അല്ലുഅര്‍ജ്ജുനും എത്തും. ജലോത്സവത്തിന്റെ ഉദ്ഘാടനം ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നിര്‍വ്വഹിക്കും. മന്ത്രി തോമസ് ഐസക്ക് അദ്ധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: