കണ്ണൂര്‍: അഴീക്കോട്ടെ മുസ്ലിം ലീഗ് എംഎല്‍എ കെ.എം. ഷാജിയെ അയോഗ്യനാക്കിയതോടെ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രവും കഴിഞ്ഞ കാലങ്ങളില്‍ മണ്ഡലത്തിലെ എല്‍ഡിഎഫ്-യുഡിഎഫ് വിജയങ്ങളും ചര്‍ച്ചയാവുന്നു.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ എം.വി. രാഘവന്റെ മകന് എം.വി. നികേഷ് കുമാര്‍ നിയമസഭാ തെഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിയായപ്പോള്‍ തന്നെ ഏറെ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരുന്നു.
പിതാവിനെ ജീവിതകാലം മുഴുവന്‍ വേട്ടയാടിയ പാര്‍ട്ടിക്കുവേണ്ടി നികേഷ് കുമാര്‍ വോട്ട് ചോദിക്കുന്നതിലെ വിരോധാഭാസം ചര്‍ച്ചയായിരുന്നു. കൂത്തുപറമ്പില്‍ അഞ്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിക്കാന്‍ കാരണക്കാരനെന്ന് പാര്‍ട്ടി ആരോപിക്കുന്ന രാഘവന്റെ മകനെ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിപ്പിച്ചതിനെതിരെ പാര്‍ട്ടിക്കുള്ളില്‍തന്നെ വിഭാഗീയത രൂപംകൊണ്ടു. കെ.എം. ഷാജിക്കെതിരെ ന്യൂനപക്ഷ വോട്ട് സംഘടിപ്പിക്കാന്‍ എസ്ഡിപിഐയടക്കമുളള മുസ്ലീം തീവ്രവാദ സംഘടനകളുമായി സിപിഎം നേതൃത്വമുണ്ടാക്കിയ രഹസ്യ ധാരണയും പാര്‍ട്ടിയില്‍ പ്രശ്നമായി. നികേഷ് കുമാര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ചെയ്തു.
അഴീക്കോട് മണ്ഡലം സിപിഎമ്മിന്റെ അഭിമാനമായിരുന്നു. എന്നാല്‍ സീറ്റ് ലീഗിന് നല്കി 2011ല്‍ കെ.എം. ഷാജിയിലൂടെ വര്‍ഷങ്ങള്‍ക്ക് ശേഷം യുഡിഎഫ് തിരിച്ചുപിടിച്ചു. 2011ല്‍ കെ.എം. ഷാജി 493 വോട്ടുകള്‍ക്കു വിജയിച്ച അഴീക്കോട് മണ്ഡലത്തില്‍ നികേഷ്കുമാറിനെ നിര്‍ത്തി മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു എല്‍ഡിഎഫ് ലക്ഷ്യം. എന്നാല്‍ പരാജയപ്പെട്ടത് പാര്‍ട്ടിക്കും നികേഷിനും ഏറെ ക്ഷീണമുണ്ടാക്കി. കെ.എം. ഷാജിയുടെ പേരില്‍ ഇറങ്ങിയ വര്‍ഗീയത നിറഞ്ഞ ലഘുലേഖ ന്യൂനപക്ഷ വോട്ടുതട്ടാനുളള യുഡിഎഫ് ശ്രമത്തിന്റെ ഭാഗമായിരുന്നു എന്ന് ആരോപണമുണ്ടായിരുന്നു.
2011ലെ തെരഞ്ഞെടുപ്പില്‍ 493 വോട്ടിന്റെ ഭൂരിപക്ഷം നേടിയ ഷാജി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 2287 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. 2006ല്‍ ഇരവിപുരത്തെ തോല്‍വിക്കു ശേഷമാണ് ഷാജി അഴീക്കോട്ടെത്തി വിജയിച്ചത്. ചടയന്‍ ഗോവിന്ദനും പി. ദേവൂട്ടിയും ടി.കെ. ബാലനും ഇ.പി. ജയരാജനും എം. പ്രകാശനും പല കാലഘട്ടങ്ങളില്‍ അഴീക്കോട് നിന്ന് സിപിഎം ബാനറില്‍ വിജയിക്കുകയുണ്ടായി.
1977ല്‍ തുടങ്ങുന്ന അഴീക്കോട് മണ്ഡലത്തിന്റെ ചരിത്രത്തില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ അല്ലാത്ത രണ്ടുപേര്‍ മാത്രമാണ് വിജയിച്ചത്. 1987ല്‍ എം.വി. രാഘവനും, 2011ലും 2016ലും കെ.എം. ഷാജിയും. സിപിഎം വിട്ട എംവിആറിനു മത്സരിക്കാന്‍ ലീഗിന്റെ കയ്യിലുണ്ടായിരുന്ന മണ്ഡലം 1987ല്‍ വിട്ടുകൊടുത്തു. 1389 വോട്ടിന് ഇ.പി. ജയരാജനെ തോല്‍പ്പിച്ച് എംവിആര്‍ വിജയിച്ചെങ്കിലും തൊട്ടടുത്ത തെരഞ്ഞെടുപ്പു മുതല്‍ സിഎംപി സ്ഥാനാര്‍ഥികള്‍ അഴീക്കോട്ട് തുടര്‍ച്ചയായി തോറ്റു.
മണ്ഡല പുനര്‍നിര്‍ണയത്തില്‍ കല്യാശ്ശേരി, ചെറുകുന്ന് തുടങ്ങിയ സിപിഎം പഞ്ചായത്തുകള്‍ കല്യാശ്ശേരി മണ്ഡലത്തിലേക്ക് മാറുകയും യുഡിഎഫിന് മേല്‍ക്കൈയുള്ള പള്ളിക്കുന്നും പുഴാതിയും അഴീക്കോടിനോട് ചേര്‍ക്കുകയും ചെയ്തതിനു ശേഷമാണ് മുസ്ലീംലീഗ് നേതാവ് കെ.എം. ഷാജി തുടര്‍ച്ചയായി രണ്ടുതവണ ജയിച്ചത്. അഴീക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: