കര്ദ്ദമ മഹര്‍ഷി ഏറെ തപശക്തിയുള്ള ഒരു മഹാവ്യക്തിത്വമായിരുന്നു. കര്ദ്ദമ മഹര്‍ഷിയുടെ കഠിനതപസ്സിനെത്തുടര്ന്ന് ശബ്ദബ്രഹ്മമയനായ ഭഗവാന് വിഷ്ണു അദ്ദേഹത്തിന് ശ്രുതിയില്‍ വിവരിച്ചപോലെ ദര്‍ശനം നല്കി അനുഗ്രഹിച്ചു.
ലൗകീക ജീവിതം ജ്ഞാനമാര്ഗത്തിലൂടെത്തന്നെ മുന്നേറി സന്താനപ്രാപ്തിയുണ്ടാകുകയും അവരിലൂടെ ഖ്യാതി നേടുകയും ഒടുവില്‍ മോക്ഷപ്രാപ്തിയുണ്ടാവുകയും ചെയ്യും. അങ്ങ് ജീവിതലക്ഷ്യം പൂര്‍ത്തീകരിക്കും.
”കൃത്വാദയാം പ ജീവേഷു
ദത്വാ ചാദയമാത്മവാന്
മയ്യാത്മാനം സഹജഗദ്
ദ്രക്ഷ്യസ്യാത്മനി ചാപി മാം”
എല്ലാ ജീവജാലങ്ങളോടും ദയാപൂര്‍വം പെരുമാറുക. ആത്മാന്വേഷികളായി തേടിയെത്തുന്നവര്‍ക്ക് അഭയം നല്കി ആത്മബുദ്ധിയോടുകൂടി പ്രവര്‍ത്തിക്കുക. ജഗത്തുമുഴുവന്‍ പരമാത്മാവുതന്നെയെന്ന് തിരിച്ചറിയുക. ജഗത്തു മുഴുവന്‍ എന്നിലും, ഞാന്‍ ജഗത്തിലും നിലനില്ക്കുന്നുവെന്നു മനസ്സിലാക്കണം. എന്നെ ജഗത്തിലും ജഗത്തിനെ എന്നിലും കണ്ട് ആത്മസാക്ഷാത്കാരം നേടുക. ഇതാണ് കര്ദ്ദമ മഹര്‍ഷിക്ക് ഭഗവാന് കൊടുത്ത ഉപദേശം.
പിന്നെ ഞാന്‍ തന്നെ തന്റെ അംശകലയായി നിന്റെ പുത്രനായി അവതരിക്കും.
”സഹാഹം സ്വാംശകലയാ തദ്വീര്യേണ മഹാമുനേ!
തവക്ഷേത്ര ദേവഹൂത്യാം പ്രണേഷ്യതത്വസംഹിതം”
അങ്ങയുടെ ഭാര്യയായ ദേവഹൂതിയില്‍ അങ്ങയുടെ തന്നെ വീര്യത്തില്‍ ഞാന്‍ അംശാവതാരമെടുത്ത് തത്വസംഹിതകളെ വിവരിക്കും.
ഈ അനുഗ്രഹം ലഭ്യമായതോടെ കര്ദ്ദമ മഹര്‍ഷി (കര്‍ദ്ദമോ ഭഗവാനൃഷി എന്നാണ് ഭാഗവതത്തില്‍ പറയുന്നത്) ആ അസുലഭ നിമിഷത്തിനായി കാത്തുകഴിഞ്ഞു. സ്വായംഭുവമനുവിന്റെ പുത്രിയായ ദേവഹൂതി തന്റെ ഭാര്യയായിത്തീരുമെന്ന കാരണദേഹത്തെക്കുറിച്ച് കര്ദ്ദമന് സ്വപ്നംകണ്ടു കാത്തിരുന്നു. ഭഗവാന് പറഞ്ഞതു പോലെ സ്വായംഭുവമനു പുത്രിയോടൊപ്പം കര്‍ദ്ദമന്റെ ആശ്രമത്തിലെത്തി.
ശ്രീഹരിയുടെ പാലനശക്തിയെ വഹിച്ചുകൊണ്ട് ലോകരക്ഷയ്ക്കായി ആജ്ഞാപാലനം നടത്തിവരുന്ന സ്വായംഭുവമനുവിനെ കര്ദ്ദമ മഹര്‍ഷി സ്വീകരിച്ചിരുത്തി. സ്വായംഭുവമനു ഭഗവാന് കര്ദ്ദമനേയും വണങ്ങി. ഇരുവരും പരസ്പരം വന്ദിച്ചപ്പോള്‍ അവരില്‍ ഭഗവാനെത്തന്നെ ദര്‍ശിക്കുകയായിരുന്നു.
ഇത്തരം പരസ്പര വന്ദനം സജ്ജനങ്ങള്‍ പുലര്‍ത്തിവന്ന ആചാരമാണ്. മഹാരാജാവിന് പ്രജകളെ ഏതുകാലത്തും സന്ദര്‍ശിച്ച് ക്ഷേമാന്വേഷണത്തിന് സ്വാതന്ത്ര്യമുണ്ടെന്ന് കര്ദ്ദമ മഹര്‍ഷി വ്യക്തമാക്കുന്നു.
”അഥാപി പൃഛേ ത്വാം വീര
യഥര്ഥം ത്വമിഹാഗതഃ
തദ്വയം നിര്വ്യളികേന
പ്രതിപദ്യാമഹേഹൃദാ”
എങ്കിലും ഹേ വീരാത്മന്, അങ്ങ് ഇവിടെ എഴുന്നള്ളുന്നതിന് പ്രത്യേകം എന്തെങ്കിലും ഉദ്ദേശ്യമുണ്ടോ? അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അങ്ങയുടെ ആജ്ഞ പാലിക്കാന്‍ ഹൃദയപൂര്‍വം തല്പരനാണ്. കര്ദ്ദമ മഹര്‍ഷി തന്റെ ആത്മാര്‍ഥമായ രാഷ്ട്രസമര്പണബോധം പ്രകടമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: