തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. യോഗ്യതയില്‍ ഇളവ് വരുത്തിയത് കോര്പ്പറേഷന് അല്ലെന്ന് വ്യക്തമായിട്ടുണ്ട്. ഇക്കാര്യത്തില്‍ മന്ത്രിയുടെ പങ്ക് തെളിഞ്ഞു. മന്ത്രിയെ രക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
അതേസമയം നിയമനത്തില്‍ അഴിമതി ഇല്ലെന്ന് ആവര്‍ത്തിച്ച് ജലീല്‍ രംഗത്തെത്തി. അദീബിന്റെ നിയമനത്തില്‍ വീഴ്ചകള്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി. ചട്ടങ്ങള്‍ മാറ്റിയത് കൂടുതല്‍ ആളുകള്‍ അപേക്ഷിക്കാനെന്നും മന്ത്രി പറഞ്ഞു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പത്രങ്ങളില്‍ അറിയിപ്പ് നല്കി, അപേക്ഷിച്ച ഏഴുപേരില്‍ യോഗ്യതയുണ്ടെന്ന് കണ്ടെത്തിയ ഒരാളെയാണ് ഡെപ്യൂട്ടേഷനില്‍ നിയമിച്ചതെന്നാണ് മന്ത്രിയുടെ വാദം
അഴിമതി ആരോപണത്തെ തുടര്‍ന്ന് സര്‍വീസില്‍ നിന്ന് പുറത്താക്കിയ ഉദ്യോഗസ്ഥനെ തിരിച്ചെടുത്തതിന് പിന്നില്‍ പ്രവര്‍ത്തിച്ചതും കെ.ടി ജലീലാണെന്ന് ആരോപണമുണ്ട്. പാലക്കാട് ജില്ലയില്‍ പട്ടഞ്ചേരി പഞ്ചായത്ത് ഓഫീസിലെ യുഡി ക്ലര്‍ക്ക് വി. രാമകൃഷ്ണനെയാണ് മന്ത്രി ജലീല്‍ ഇടപെട്ട് അന്വേഷണം പോലും നടത്താതെ തിരിച്ചെടുത്തത്. 2017 ജൂണ്‍ എട്ടിനാണ് വകുപ്പുതല അന്വേഷണത്തെ തുടര്‍ന്ന് രാമകൃഷ്ണനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തത്. ഇദ്ദേഹം നല്കിയ അപേക്ഷയില്‍ അന്വേഷണം പോലും നടത്താതെ ആറ് ദിവസത്തിനുശേഷം 14ന് ഇദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് മന്ത്രി പഞ്ചായത്ത് വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനു പിന്നില്‍ വന്‍ സാമ്പത്തിക അഴിമതിയുണ്ടെന്ന് കെ.എം. ഷാജി എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
എന്നാല്‍ കെ.എം. ഷാജി എംഎല്‍എയുടെ ആരോപണം അടിസ്ഥാനരഹിതമെന്നാണ് കെ.ടി ജലീല്‍ പറയുന്നത്. ആരോപണ വിധേയനായ യുഡി ക്ലര്‍ക്കിനെ തനിക്ക് ഓര്‍മയില്ല. ഉദ്യോഗസ്ഥനെ തിരിച്ചെടുത്തത് സാധാരണ നടപടിക്രമം മാത്രമാണെന്നും ജലീല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: