ഭാഗം- 1
ഭാരതീയ വിചാരധാരകള്‍ തന്നെയാണ് ഹിന്ദുധര്‍മത്തിന്റെ ആധാരശിലകള്‍. ഹിന്ദു ധര്‍മം ഒരു മതമല്ല എന്നും അതൊരു ജീവിതരീതിയാണെന്നും ചിന്തകന്മാര് ആവര്‍ത്തിച്ചു പറയുന്നു. ധാരയതി എന്ന ഭാഷാ ധാതുവില്‍ നിന്നുത്ഭവിച്ച ധര്‍മം എന്ന പദത്തിന്റെ അര്‍ഥം ജീവിതരീതിയെന്നു തന്നെയാണ്. മതം എന്ന സാധാരണ പദപ്രയോഗത്തിലൂടെ ഹിന്ദുധര്‍മത്തെ നി
ര്വചിക്കണമെങ്കില് അതിനൊരു മാര്‍ഗമേയുള്ളൂ. സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് ആയിരക്കണക്കിന് ഋഷിവര്യന്മാര് പ്രപഞ്ചത്തിലെ അണു മുതല്‍ അതിമഹത്തായതിനെവരെ എപ്രകാരം ദര്‍ശിച്ചു വിവരിച്ചുവോ ആ വിവരണത്തെ മഹര്‍ഷിമാരുടെ മതം അഥവാ അഭിപ്രായം എന്നു പറയാം. അനവധി ഋഷിവര്യന്മാരുടെ വീക്ഷണങ്ങളായ മതങ്ങളുടെ ആകെത്തുകയാണ് ഇന്ന് ഭാരതീയന്റെ ജീവിതശൈലിയിലെ ചിന്തകളും ബന്ധങ്ങളും വീക്ഷണങ്ങളും കര്‍മങ്ങളും ആചാരങ്ങളുമെല്ലാം. ഇതെല്ലാം തന്നെയാണ് ജീവിതരീതി എന്നതിലൂടെ വിവക്ഷിക്കുന്നത്. അതില്‍ ജ്ഞാനമണ്ഡലവും കര്‍മമണ്ഡലവും ഒരുമിച്ചു ചേര്‍ന്നൊഴുകുന്നു. ശാസ്ത്രവും സാഹിത്യവും കലയും സാമൂഹ്യവീക്ഷണങ്ങളും എല്ലാമെല്ലാം ഒന്നുചേരുന്നു. മറ്റൊരര്‍ഥത്തില്‍ ഭൗതികതയും ആത്മീയതയും പരസ്പരം അഭേദ്യമായ ബന്ധം പുലര്‍ത്തുന്നു. ഈശ്വരവാദം പോലും ഭാരതത്തില്‍ ഒരു വീക്ഷണം മാത്രമായിരുന്നു. കാരണം നിരീശ്വരവാദം എന്ന വീക്ഷണവും ഇവിടെ നിലനിന്നിരുന്നു. അല്പം
കൂടി കടന്നു ചിന്തിച്ചാല്‍ ഈശ്വരസാന്നിദ്ധ്യം തത്വശാസ്ത്ര ചിന്താധാരയുടെ ഭാഗമായിരുന്നു. ആത്മീയത ആ വാദത്തേക്കാള്‍ വലിയ ചക്രവാളസീമകളുള്ളതുമായിരുന്നു. അതായത് ഈശ്വരനില്ലാത്ത ഒരു ആത്മീയവാദം സാധ്യമാണെന്നു ചുരുക്കും. ശബ്ദതരംഗങ്ങളും പ്രകാശവും അഗ്നിയും വായുവും ജലവും ഭൂമിയും സൂര്യനും ഈശ്വരനായി സങ്കല്പിക്കുവാന് തയാറാകുക അഥവാ അതില്‍ ഈശ്വരചൈതന്യ ദര്‍ശനം നടത്തുക എന്നുപറഞ്ഞാല്‍ ജീവജാലങ്ങളുടെ അസ്തിത്വം എന്ന വാദത്തിനാധാരമായ ഭൗതിക ഘടകത്തില്‍ ആത്മീയത ദര്‍ശിക്കുവാന്‍ സാധിക്കുക എന്നാണര്‍ഥം. അതുകൊണ്ടുകൂടിയാണ്, ഈ ധര്‍മം ഒരു ജീവിതചര്യയായത്.
ഭാരതീയ ചിന്താധാരകളെ ഒന്നുകൂടി നിര്‍വചിച്ചാല്‍ അത് ഇപ്രകാരമായിത്തീരും. വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ശാരീരികവും മാനസികവും സാമൂഹികവുമായ സമഗ്ര നന്മയുടെ പന്ഥാവിനെക്കുറിച്ചുള്ള ആത്മീയവും ഭൗതികവും ശാസ്ത്രീയവുമായ വീക്ഷണങ്ങളുടെയും കര്മധാരകളുടെയും സംഗ്രഹമാണ് ചിരപുരാതനവും നിത്യനൂതനവുമായ സനാതനധര്‍മം.
ശിഷ്യന്മാര് യാജ്ഞവല്ക്യനോട് നാലുവേദങ്ങളിലോരോന്നിന്റേയും സാരമെന്താണെന്ന് വ്യക്തമാക്കണമെന്നഭ്യര്ഥിച്ചപ്പോള് യാജ്ഞവല്ക്യന് നല്കിയ നാല് മഹദ്വാക്യങ്ങള്‍ ശ്രദ്ധേയമാണ്. ഋഗ്വേദത്തിന്റെ സാരം പ്രജ്ഞാനം ബ്രഹ്മ (അറിവ് -പ്രജ്ഞാനമാണ്-ബ്രഹ്മചൈതന്യം)യജുര്വേദത്തിന്റെത് അഹം ബ്രഹ്മാസ്മി, സാമവേദത്തിന്റേത് തത്ത്വം അസി അഥര്‍വ വേദത്തിന്റെ സാരമാകട്ടെ അയമാത്മ ബ്രഹ്മ-(ഈ ആത്മചൈതന്യമാണ് ബ്രഹ്മം) എന്നത്രെ. ഇതുതന്നെയാണ് സമഗ്രജ്ഞാനമെന്ന് വിശകലനത്തില്‍ ബോധ്യമാകും.
വേദങ്ങളിലും ബ്രാഹ്മണങ്ങളിലും ആരണ്യകങ്ങളിലും അതിന്റെ സമഗ്രസത്തായ ഉപനിഷത്തുകളിലും ഈ ജീവിതവീക്ഷണം വിശകലനത്തിലൂടെ കണ്ടുപി
ടിക്കാം. അത്യാധുനിക ഭൗതിക-ജ്യോതിശാസ്ത്ര ഗവേഷകര്‍ പറയുന്ന സ്വബോധമുള്ള പ്രപഞ്ചമാണ്, വേദങ്ങളിലെ വിവരണങ്ങളുടെ അന്തഃസത്ത തന്നെ. പ്രപഞ്ചത്തിലെ സര്‍വകര്‍മങ്ങളും ഒരു പ്രപഞ്ചപുരുഷന്റെ നിയന്ത്രണത്തിലാണ.്
സഹസ്ര ശീര്ഷാ പുരുഷാഃ സഹസ്രാക്ഷ സഹസ്രപാദ്-എന്ന വരിയിലൂടെ ആയിരക്കണക്കിന് ശീര്‍ഷവും, കണ്ണുകളും പാദങ്ങളുമുള്ള ഒരു പ്രപഞ്ചചൈതന്യവിവരണമാണ് ഋഗ്വേദത്തില്‍ നല്‍കുന്നത്.
ഏകാചമേ തിസ്രശ്ചമേ പഞ്ചചമേ സപ്തചഃ മ… എന്ന വരിയിലൂടെ ഗണിതത്തിന്റെ അടിസ്ഥാനസംഖ്യാ പ്രോഗ്രഷനാണ് യജുര്‍വേദത്തില്‍ നല്‍കുന്നത്.
ഏകാ ച ദശശതം ച ശതം ച സഹസ്രം ച സഹസ്രം ചായുതം ചായുതം ച നിയുതം ച അര്‍ബുദം ച ന്യ
ര്ബുദം ച സമുദ്രശ്ച, മധ്യം ചാന്തഗശ്ച പരാര്ധശ്ച
ഒന്നാം സംഖ്യാസ്ഥാനം മുതല്‍ ലക്ഷം കോടിയില്‍ പരം സ്ഥാനസംഖ്യകള്‍ പത്തിന്റെ ഗുണിതങ്ങളായി എഴുതിയിരിക്കുന്ന ലോകത്തിലെ ആദ്യഗ്രന്ഥവും യജുര്‍വേദം തന്നെ. ആയിരത്തിന് ഉപരിസംഖ്യയുടെ പ്രയോഗം ലോകജനത അറിയുന്നത് ഏതാണ്ട് രണ്ടായിരം വര്‍ഷങ്ങള്‍ക്കിപ്പുറമാണ്. യജുര്‍വേദത്തിന് 5000 വര്‍ഷത്തെ പഴക്കമെങ്കിലുമുണ്ട് എന്നത് ശ്രദ്ധേയമാണ്. വേദം ആത്മീയത മാത്രമല്ലാത്തതുകൊണ്ടാണ് ഗണിതവിവരണം വന്നത്.
അതുപോലെ സീസം ചമേ ശ്യാമം ചമേ… ത്രപുശ്ചമേ… എന്ന് ലോഹത്തെക്കുറിച്ചും ലോഹസങ്കരത്തെക്കുറിച്ചുമുള്ള യജുര്വേദവരി, ഈ വേദരചനയുടെ കാലത്ത് ജ്ഞാതമായിരുന്ന ഏഴു ലോഹങ്ങളുടേയും ചില ലോഹസങ്കരങ്ങളുടേയും അറിവ് വെളിവാക്കുന്നു.
യവാശ്ച മേ മാഷാശ്ചമേ തിലാശ്ചമേ ഗോദൂമാശ്ചമേ മസുരാശ്ചമേ… എന്ന് യവം, ഉഴുന്ന്, എള്ള്, ഗോതമ്പ്, മസൂര്‍ പരിപ്പ് എന്നിവയെക്കുറിച്ചും മുദ്ഗാശ്ച… എന്ന പദത്തിലൂടെ ചെറുപരിപ്പിനെക്കുറിച്ചും യജുര്‍വേദത്തില്‍ സൂചിപ്പിക്കുമ്പോള്‍, ഏതാണ്ട് അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവയെക്കുറിച്ചറിവുണ്ടായിരുന്നു എന്നും വ്യക്തമാക്കുന്നു. മാത്രമല്ല ഈ ലോഹങ്ങള്‍, ധാന്യങ്ങള്‍ എന്നിവയെക്കുറിച്ച് സൂചന നല്കുന്ന ലോകത്തിലെ ആദ്യഗ്രന്ഥവും യജുര്വേദമായിത്തീരുന്നു.
‘ഭാരതീയ സംസ്കൃതി ഗ്രന്ഥങ്ങളിലെ സമഗ്രവീക്ഷണം’ എന്ന പുസ്തകത്തില്‍ നിന്ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: