തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെയും ജീവനക്കാരെയും അധിക്ഷേപിച്ച് ധനമന്ത്രി തോമസ് ഐസക്ക്. കൊച്ചിയില്‍ ഞായറാഴ്ച ഉദ്ഘാടനം ചെയ്ത അതിവേഗ ബോട്ട് സര്‍വീസിനെ പ്രശംസിച്ച് ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റിലാണ് കെഎസ്ആര്‍ടിസിയിലെ യാത്രയെ നിരുത്സാഹപ്പെടുത്തുന്ന പരാമര്‍ശങ്ങളുള്ളത്. ബസ്സ് യാത്രയേക്കാള്‍ ഭേദം ബോട്ട് യാത്രയാണെന്നു പറയുന്ന മന്ത്രി കെഎസ്ആര്ടിസിയെപോലെയല്ല വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ അവസ്ഥയെന്നും ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസിയെ കളിയാക്കുന്നുണ്ട്.
അതിവേഗ ബോട്ട് സര്‍വീസായ വേഗയില്‍ 120 പേര്‍ക്ക് യാത്ര ചെയ്യാം. ഇത് ചൂണ്ടിക്കാട്ടി മന്ത്രിയുടെ പോസ്റ്റ് ഇങ്ങനെയാണ്. ”വൈക്കത്ത് നിന്ന് എറണാകുളത്തേക്ക് പോകാന്‍ ബസ്സില്‍ രണ്ടു മണിക്കൂര്‍ എടുക്കും. ഞായറാഴ്ച സര്‍വീസ് ആരംഭിച്ച അതിവേഗ ബോട്ട് സര്‍വീസിന് ഒന്നേ മുക്കാല്‍ മണിക്കൂര്‍ മതി. ബസ്സിനു 42 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. ബോട്ടിന് 40 രൂപ മതി. 80 രൂപ മുടക്കാന്‍ തയാറാണെങ്കില്‍ നിങ്ങള്‍ക്ക് എയര്‍കണ്ടീഷന്‍ ചെയ്ത മുറിയില്‍ കുഷ്യന് സീറ്റുകളില്‍ ഇരുന്നു യാത്ര ചെയ്യാം. ബോട്ടില്‍ സ്നാക്ക് ബാര്‍ ഉണ്ട്. ബയോ ടോയ്ലെറ്റ് ഉണ്ട്. ബസ്സിന്റെ കുലുക്കവും ഇല്ല, പുകയും ഇല്ല. നിങ്ങള്‍ ഏത് തെരഞ്ഞെടുക്കും? ബസ്സോ ബോട്ടോ? ഞാന്‍ ഏതായാലും ചാന്‍സ് കിട്ടിയാല്‍ ബോട്ടിലെ പോകൂ. സ്വസ്ഥമായിരുന്ന് പുസ്തകവും വായിക്കാം. ഇതുപോലെ ആലപ്പുഴ നിന്ന് കോട്ടയത്തേക്കും ബസ്സിനേക്കാള്‍ കുറഞ്ഞ ചെലവില്‍ കുറഞ്ഞ സമയം കൊണ്ട് ബോട്ടില്‍ എത്താം. വേഗ 120ല്‍ 120 പേര്‍ക്ക് യാത്ര ചെയ്യാം.
മൂന്ന് ബസ്സില്‍ ഇരുന്നു യാത്ര ചെയ്യാവുന്നത്ര ആളുകള്‍. പക്ഷെ ഒരു ബസ്സിന്റെ ഡീസല്‍ മതി. അത്രയ്ക്ക് മലിനീകരണം കുറയും. ഏതു യാത്രയാണ് പരിസ്ഥിതിക്ക് അനുയോജ്യം. ഏതായാലും എനിക്ക് സന്തോഷം തോന്നി. കെഎസ്ആര്‍ടിസിയുടെ പാതയിലൂടെയല്ല കേരള വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സഞ്ചരിക്കുന്നത്. സ്വയം നവീകരിക്കാനും കാര്യക്ഷമത കൂട്ടാനും വരുമാനം വര്‍ധിപ്പിക്കാനും മാനേജ്മെന്റില്‍ നിന്നും ജീവനക്കാരില്‍ നിന്നും വലിയ ശ്രമം ഉണ്ടാവുന്നുണ്ട്.”പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയെ മുന്നോട്ടുനയിക്കാന്‍ നടപടികളെടുക്കേണ്ട ധനമന്ത്രി തന്നെ കെഎസ്ആര്‍ടിസിയെ തള്ളിപ്പറഞ്ഞതില്‍ ജീവനക്കാര്‍ക്കിടയില്‍ വ്യാപക അമര്‍ഷമുണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: