കണ്ണൂര്‍: ഗിറ്റാറിലൂടെ ഭഗവത്ഗീത ആലപിച്ച് സുപ്രീം കോടതി അഭിഭാഷകന്. കണ്ണൂര്‍ കല്യാശേരി സ്വദേശിയായ സ്വാമി ബാലകൃഷ്ണ ഗീതാനന്ദ് എന്ന ഗിറ്റാര്‍ ബാബയാണ് ഭഗവത് ഗീത ഗിറ്റാറുപയോഗിച്ച് പാടി ശ്രദ്ധേയനാകുന്നത്.
1974 ലാണ് ഗിറ്റാര്‍ പഠിച്ചു തുടങ്ങിയത്. 1985ല്‍ കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ വെച്ച് ചിന്മയമിഷന്റെ ഭഗവത്ഗീതയുടെ പതിനഞ്ചാം അദ്ധ്യായത്തെക്കുറിച്ചുള്ള പരിപാടി നടന്നിരുന്നു. ഈ പരിപാടി കണ്ടതോടെ ഭഗവത്ഗീതയില്‍ താന്‍ ആകൃഷ്ടനായി എന്നും ബാബ പറയുന്നു. ഈ പ്രചോദനത്തില്‍ നിന്നാണ് ഭഗവദ്ഗീത ഗിറ്റാറുപയോഗിച്ച് പാടാന്‍ തുടങ്ങിയത്. സുപ്രീം കോടതിയിലും യോഗ ദിനത്തില്‍ അമേരിക്കയിലും ഭഗവത് ഗീതയില്‍ ഗിറ്റാറുപയോഗിച്ചുള്ള വിസ്മയം തീര്‍ത്തിട്ടുണ്ട് ബാബ.
ഭഗവദ്ഗീതയിലെ 18 അദ്ധ്യായങ്ങളില്‍ ഗീതാധ്യാനമെന്ന 72 ശ്ലോകങ്ങളടങ്ങിയ രണ്ടാം അദ്ധ്യായവും 42 ശ്ലോകങ്ങളടങ്ങിയ നാലാം അദ്ധ്യായവും 42 ശ്ലോകങ്ങളടങ്ങിയ പത്താം അദ്ധ്യായവും 20 ശ്ലോകങ്ങളടങ്ങിയ 12, 15 അദ്ധ്യായങ്ങളും ഗീതാ ആരതി എന്ന അവസാന ഭാഗവും ഗിറ്റാറോടു കൂടി ഗിറ്റാര്‍ ബാബ പാടും. കഴിഞ്ഞ ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗാ ദിനത്തില്‍ അമേരിക്കയില്‍ ഇദ്ദേഹത്തിന്റെ ഗിറ്റാറിലൂടെയുളള ഗീതാപാരായണം പ്രക്ഷേപണം ചെയ്തിരുന്നു.
പാപ്പിനിശേരി സ്റ്റേഷന് മാസ്റ്ററായിരുന്ന അന്തരിച്ച ജഫ്രി മാന്സലില് നിന്നാണ് ഗിറ്റാര്‍ പഠിച്ചത്. ഗിറ്റാറോടുകൂടി പാടാന്‍ പ്രേരിപ്പിച്ചത് ഡല്‍ഹി ചിന്മയമിഷന്റെ ചീഫായിരുന്ന സ്വാമി നിഖിലാന്ദ സരസ്വതിയാണ്. ഭഗവത്ഗീതയുടെ അര്‍ത്ഥം പറഞ്ഞതിന് ശേഷമാണ് ഗിറ്റാറുപയോഗിച്ച് പാടുന്നത്. നിലവില്‍ ഋഷികേശിലെ നിത്യാനന്ദ ആശ്രമത്തിലാണ് താമസിക്കുന്നത്. വിദേശികളടക്കം നിരവധിപേര്‍ ഇദ്ദേഹത്തിന്റെ ഗീതാപാരായണം ആസ്വദിക്കാനെത്താറുണ്ട്. സുപ്രീംകോടതി അറ്റോണി ജനറല്‍ കെ.കെ.വേണുഗോപാലിന്റെ കീഴിലാണ് പ്രാക്ടീസ് ചെയ്യുന്നത്. ഇപ്പോഴും വര്‍ഷത്തില്‍ കുറഞ്ഞത് 25 തവണയെങ്കിലും കക്ഷികള്‍ക്കു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകും.
അറുപത്തിയാറ് വയസുള്ള ഇദ്ദേഹത്തിന് ഭാര്യയും മൂന്നു കുട്ടികളും ഉണ്ട്. സംഗീതം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണ്. ഇത് ഒരു വിനോദമായാണ് എടുക്കാറുള്ളതെന്നും ആരെങ്കിലും പഠിക്കാനായി വന്നാല്‍ പഠിപ്പിച്ചുകൊടുക്കാന്‍ മടയില്ലെന്നും ബാബ പറയുന്നു. ഇതിനകം ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ ഗിറ്റാറുപയോഗിച്ച് ഗീത ആലപിച്ച ഗിറ്റാര്‍ ബാബ ഇന്ന് രാവിലെ പത്തുമണിമുതല്‍ കണ്ണൂര്‍ അഴീക്കോടുള്ള പുതിയ മുണ്ടയാട് ക്ഷേത്രത്തില്‍ പരിപാടി അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: