ഗാലെ: മൊയിന്‍ അലിയുടെ സ്പിന്നില്‍ ശ്രീലങ്ക തകര്‍ന്നു. ഇംഗ്ലണ്ടിന്റെ 342 റണ്‍സിന് മറുപടി പറഞ്ഞ ആതിഥേയര്‍ ആദ്യ ഇന്നിങ്ങ്സില്‍ 203 റണ്‍സിന് പുറത്തായി. ഇതോടെ ഇംഗ്ലണ്ടിന് 139 റണ്‍സ് ലീഡായി. മൊയിന്‍ അലി 66 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി.
അരങ്ങേറ്റക്കാരന്‍ ബെന്‍ ഫോക്സിന്റെ സെഞ്ചുറിയുടെ മികവിലാണ് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്ങ്സില്‍ 342 റണ്‍സ് നേടിയത്. ഫോക്സ് 202 പന്തില്‍ 107 റണ്‍സ് എടുത്തു. അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടുന്ന 108-ാമത്തെ താരമാണ് ഫോക്സ്.
രണ്ടാം ഇന്നിങ്ങ്്സ് തുടങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 38 റണ്‍സ് എടുത്തിട്ടുണ്ട്. പത്ത് വിക്കറ്റ് ശേഷിക്കെ അവര്‍ക്കിപ്പോള്‍ 177 റണ്‍സ് ലീഡായി. മൂന്ന് ദിവസത്തെ കളിശേഷിക്കെ ടെസ്റ്റില്‍ മത്സര ഫലമുണ്ടാകുമെന്നുറപ്പായി. ബേണ്‍സും (11) ജെന്നിങ്ങ്സു (26) മാണ് ക്രീസില്‍.
ശ്രീലങ്കയ്ക്ക് തുടക്കം മുതലേ വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരായ കരുണരത്ന നാലു റണ്‍സിനും ജെ.കെ. സില്‍വ ഒരു റണ്‍സിനും വീണു. മുന്‍ നായകന് മാത്യൂസ് (52), ക്യാപ്റ്റന്‍ ചാണ്ഡിമല്‍ (33), ഡിക്വെല്ല (28) എന്നിവര്‍ക്ക് മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചു നില്‍ക്കാനായത്. ഇംഗ്ലണ്ടിന്റെ ലീച്ച്, റാഷിദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ എട്ടിന് 321 റണ്‍സെന്ന സ്കോറിന് ഇന്നിങ്ങ്സ് പുനരാരംഭിച്ച ഇംഗ്ലണ്ട് 342 റണ്‍സിന് പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: