കണ്ണൂര്‍: ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനില്‍ക്കുന്ന കോണ്‍ഗ്രസ്സില്‍ അഖിലേന്ത്യാ പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ തള്ളി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് കെ.സുധാകരന്റെ വിശ്വാസ സംരക്ഷണ യാത്ര. യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനമാകാമെന്ന സുപ്രീം കോടതി വിധിക്കെതിരെ കേരളത്തില്‍ ശക്തമായ ജനരോഷമുയര്‍ന്നിട്ടും യുവതീപ്രവേശനമാകാമെന്ന നിലപാടായിരുന്നു രാഹുല്‍ ഗാന്ധിയുടേത്. ആചാര ലംഘനത്തിനെതിരെ തുടക്കത്തില്‍ സമരരംഗത്തുണ്ടായിരുന്ന കോണ്‍ഗ്രസ്സ് ഇതോടെ പിന്നോട്ട് പോവുകയും ചെയ്തു.
സംക്രമത്തിന് നടതുറക്കുന്ന ദിവസം കെ.സുധാകരന് നിലക്കലില്‍ പ്രതിഷേധ സമരം ആരംഭിച്ചെങ്കിലും നേതൃത്വത്തിന്റെയോ അണികളുടെയോ പിന്തുണയില്ലാത്തതിനാല്‍ ഒരു ദിവസം കൊണ്ട് അവസാനിപ്പിച്ചു. സുധാകരപക്ഷത്തെ നേതാക്കള്‍ പോലും പരിപാടിയില്‍ പങ്കെടുത്തില്ല. ആചാര ലംഘനത്തിനെതിരായ കോണ്‍ഗ്രസ്സ് നിലപാട് പിന്നീട് പ്രസ്താവനയിലൊതുങ്ങി. ശബരിമലവിഷയത്തില്‍ ജനരോഷം നാള്‍ക്കുനാള്‍ ശക്തമാവുകയും കോണ്‍ഗ്രസ്സ് ഒറ്റപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് വിശ്വാസ സംരക്ഷണ യാത്രയുമായി കെപിസിസി രംഗത്ത് വന്നത്. ശബരിമല വിഷയം കത്തിനില്‍ക്കുമ്പോഴും വിശ്വാസി സമൂഹത്തിന്റെ മുന്നില്‍ സമരവുമായി മുന്നോട്ട് പോകുന്ന ബിജെപിയെയും അനുബന്ധ സംഘടനകളെയും വിമര്‍ശിക്കുകയെന്ന നിലപാടാണ് കോണ്‍ഗ്രസ്സ് സ്വീകരിച്ചത്. അണികളില്‍ പ്രതിഷേധം ശക്തമായത് നേതൃത്വത്തെ പ്രതിരോധത്തിലാക്കി. കോണ്‍ഗ്രസ്സില്‍ നിന്ന് അണികളും നേതാക്കളും കൊഴിഞ്ഞഅ പോകുന്ന സാഹചര്യവുമുണ്ടായി.
ഒരുഭാഗത്ത് രാഹുല്‍ ഗാന്ധിയുടെ നിലപാടും മറുഭാഗത്ത് വിശ്വാസികളുടെ പ്രതികരണവും എങ്ങിനെ തരണം ചെയ്യുമെന്ന ആശയക്കുഴപ്പത്തിലായിരുന്നു കോണ്‍ഗ്രസ്സ് നേതൃത്വം. ഈ സാഹചര്യത്തിലാണ് ഭക്തരുടെ കണ്ണില്‍ പൊടിയിടാന്‍ വിശ്വാസ സംരക്ഷണ യാത്രയെന്ന പരിപാടിയുമായി കോണ്‍ഗ്രസ്സ് രംഗത്ത് വരുന്നത്. ശബരിമല യുവതീ പ്രവേശനത്തില്‍ രാഹുല്‍ ഗാന്ധിയുമായി അഭിപ്രായഭിന്നതയുള്ളതിനാല്‍ പേര് പരാമര്‍ശിക്കാതെ വിശ്വാസ സംരക്ഷണ യാത്രയെന്ന നിലയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. നവംബര്‍ 9 ന് കാസര്‍കോട്ട് നിന്നാരംഭിക്കുന്ന യാത്ര 14 ന് മലപ്പുറത്ത് സമാപിക്കും. മറ്റ് പ്രദേശങ്ങളില്‍ നിന്നാരംഭിക്കുന്ന യാത്രകള്‍ 15 ന് പത്തനംതിട്ടയില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: