ടൂറിന്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ടൂറിനില്‍ ഗ്രൂപ്പ് എച്ച് പോരാട്ടത്തില്‍ യുവന്റസിന് എതിരാളികളായെത്തുന്നത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ യുവന്റസ് 1-0ന് വിജയിച്ചിരുന്നു. സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സാന്നിധ്യമാണ് സ്വന്തം തട്ടകത്തില്‍ യുവന്റസിന്റെ ആത്മവിശ്വാസം.
യുണൈറ്റഡിന്റെ മുന്താരവുമായിരുന്നു ക്രിസ്റ്റിയാനോ. ഗ്രൂപ്പിലെ മൂന്ന് കളികളില്‍ നിന്ന് മൂന്ന് വിജയം നേടി 9 പോയിന്റുമായി ഒന്നാമതാണ് യുവന്റസ്. രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഒന്നു വീതം ജയം, സമനില, തോല്‍വി അടക്കം നാല് പോയിന്റ്.
ഗ്രൂപ്പ് ജിയില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് എതിരാളികള്‍ വിക്ടോറിയ പ്ലസന്. കോച്ചായിരുന്ന ലോപ്പറ്റിയുഗിയെ പുറത്താക്കിയശേഷം താല്‍ക്കാലിക പരിശീലകന് സാന്റിയാഗോ സൊളാരിയുടെ കീഴില്‍ തുടര്‍ച്ചയായ രണ്ട് ജയം നേടിയെത്തുന്ന റയല്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
ഭാവിയിലെ സൂപ്പര്‍താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബ്രസീലിന്റെ വിനീഷ്യസ് ജൂനിയര്‍ കഴിഞ്ഞ മത്സരത്തില്‍ ഗോളടിച്ചതോടെ ടീം മാനസികമായ ആധിപത്യം നേടിയിട്ടുണ്ട്. മറ്റൊരു മത്സരത്തില്‍ സിഎസ്കെഎ മോസ്കോ റോമയുമായി ഏറ്റുമുട്ടും. മൂന്ന് കളികളില്‍ നിന്ന് ആറ് പോയിന്റുമായി റയലും റോമയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഇന്ന് ജയിച്ച് നോക്കൗട്ട് റൗണ്ട് ഉറപ്പിക്കുക എന്നതാണ് രണ്ട് ടീമുകളുടെയും ലക്ഷ്യം. 4 പോയിന്റുമായി മൂന്നാമതുള്ള മോസ്കോയ്ക്കും ഇന്ന് ജയം അനിവാര്യം.
്രഗൂപ്പ് എഫില്‍ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം തട്ടകത്തില്‍ ഷക്തറിനെ നേരിടും. മറ്റൊരു മത്സരത്തില്‍ ലിയോണ്‍ ഹോഫന്ഹീമിനെയും നേരിടും. മൂന്ന് കളികളില്‍ നിന്ന് 6 പോയിന്റുള്ള മാഞ്ചസ്റ്റര്സിറ്റിയാണ് ഗ്രൂപ്പില്‍ ഒന്നാമത്. രണ്ടാമതുള്ള ലിയോണിന് അഞ്ച് പോയിന്റാണുള്ളത്.
ഗ്രൂപ്പ് ഇ പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിക്ക് എഇകെ ഏഥന്സിനെയും ബെനഫിക്ക അയാക്സിനെയും നേരിടും. 7 പോയിന്റ് വീതമുള്ള അയാക്സും ബയേണുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: