കോഴിക്കോട്: ബന്ധു നിയമനത്തെ ന്യായീകരിച്ച് രംഗത്തെത്തിയ മന്ത്രി കെ.ടി. ജലീല്‍ കൂടുതല്‍ കുഴപ്പത്തിലായി. പിതൃസഹോദരപുത്രന് കെ.ടി. അദീബിനെ സംസ്ഥാന മൈനോറിറ്റി ഡവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചതാണ് വിവാദമായത്.
വിദ്യാഭ്യാസ യോഗ്യതയിലടക്കം ഇളവുവരുത്തി ചട്ടങ്ങള്‍ മറികടന്നാണ് നിയമനം. ഇതിന് ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ നല്കിയ വിശദീകരണം ഇങ്ങനെ: 2016 ഒക്ടോബര്‍ 26ന് നടത്തിയ ഇന്റര്‍വ്യൂവില്‍ ഹാജരായ മൂന്ന് പേര്‍ക്കും യോഗ്യതയില്ലാത്തതിനാല്‍ അവരെ നിയമിച്ചില്ല. പരിചയസമ്പന്നനായ ഒരാളുടെ സേവനം ന്യൂനപക്ഷ കോര്പ്പറേഷന് ആവശ്യമായി വന്നതിനാല്‍ കോര്‍പ്പറേഷന്റെ ചെയര്‍മാനും എംഡിയും അദീബിനെ നിയമിക്കുകയായിരുന്നു.
നിയമനം ചട്ടങ്ങള്‍ ലംഘിച്ചുള്ള സ്വജന പക്ഷപാതമാണെന്ന് തെളിയിക്കുന്നതാണ് മന്ത്രിയുടെ വിശദീകരണം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥിയോട് അങ്ങോട്ട് ആവശ്യപ്പെട്ടാണ് നിയമനം നല്‍കിയതെന്നാണ് മന്ത്രിയുടെ കുറിപ്പില്‍ നിന്ന് വ്യക്തമാകുന്നത്. ഇത് നിലവിലുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്.
യോഗ്യരായ ആയിരക്കണക്കിന് ഉദ്യോഗാര്ത്ഥികളുള്ളപ്പോള് യോഗ്യതയുള്ള ഒരാളെപോലും കിട്ടിയില്ലെന്ന മന്ത്രിയുടെ വാദം ബാലിശമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. യോഗ്യതയില്ലാത്തവരെ ഇന്റര്‍വ്യൂവിന് വിളിച്ചതെന്തിനെന്ന് മന്ത്രി വ്യക്തമാക്കണം.
ഇന്റര്‍വ്യൂവില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ലഭിച്ചില്ലെങ്കില്‍ റീ നോട്ടീഫൈ ചെയ്ത് വീണ്ടും അപേക്ഷ ക്ഷണിക്കുകയാണ് വേണ്ടത്.
ഡെപ്യൂട്ടേഷന് ചട്ടങ്ങളും ലംഘിച്ചാണ് നിയമനം. മന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: