നെടുമ്പാശ്ശേരി: ദുരിത നൊമ്പരങ്ങളുമായി കഴിയുന്നതിനിടെ പ്രളയവും വേട്ടയാടിയതോടെ ദുരിതക്കയത്തിലായ അയ്യപ്പന്‍കുട്ടിയുടെ (56) കുടുംബം സുമനസുകളുടെ കാരുണ്യം തേടുകയാണ്. പാറക്കടവ് പുവ്വം തിടുക്കേലി വീട്ടില്‍ ടി.സി.അയ്യപ്പന്‍കുട്ടിയുടെ കുടുംബത്തെയാണ് ദുരിതങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വേട്ടയാടിയത്. മരം വെട്ടുകാരനായ അയ്യപ്പന്‍കുട്ടി 25 വര്‍ഷം മുമ്പ് 30 അടി ഉയരമുള്ള മരത്തില്‍ നിന്ന് വീണതോടെയാണ് ജീവിതത്തില്‍ കരിനിഴല്‍ ആരംഭിച്ചത്. തലകുത്തി നിലംപതിച്ച അയ്യപ്പന്‍കുട്ടിയുടെ കഴുത്തിലെ ഞെരുമ്പ് വലിയുകയും, നെഞ്ചിന് ക്ഷതമേല്‍ക്കുകയും ചെയ്തു. കൈകാലുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
കൈകാലുകള്‍, വിരലുകളുടെ അടക്കം ചലനശക്തിയും നഷ്ടപ്പെട്ടു. അന്ന് മുതല്‍ നൊമ്പരവും, പല രോഗങ്ങളും, ദുരിതവും താണ്ടിക്കഴിയുന്ന അയ്യപ്പന്‍കുട്ടി മരുന്ന് വാങ്ങാന്‍ പോലും വകയില്ലാതെ ക്ലേശിക്കുകയാണ്. നാട്ടുകാരുടെയും, ബന്ധുക്കളുടെയും മറ്റും സഹായത്താലാണ് മെഡിക്കല്‍ കോളജുകളില്‍ അടക്കം വിവിധ ആശുപത്രികളില്‍ വിദഗ്ദ ചികിത്സ നടത്തിയത്. നാളിതുവരെ ചികിത്സ നടത്തിയതിന് ഭീമമായ ബാധ്യതയുണ്ട്. ദൈന്യംദിനം വാങ്ങേണ്ട മരുന്നുകള്‍ക്കും മാര്‍ഗമില്ലാതെ ക്ളേശിക്കുകയാണ്.
പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വ്വഹിക്കാന്‍ പരസഹായം വേണം. വര്‍ഷങ്ങളായി അയ്യപ്പന്‍കുട്ടിയെ പരിചരിക്കുന്നതിനാല്‍ കൂലിപ്പണി ചെയ്തിരുന്ന ഭാര്യ ലീലക്ക് ജോലിക്ക് പോകാനാകുന്നില്ല. ലീലയും രോഗിയായി. നിത്യവൃത്തിക്ക് പോലും വകയില്ലാതെ കുടുംബം വിഷമിക്കുകയാണ്. പെണ്മക്കളെ കെട്ടിച്ചയക്കാന്‍ സഹകരണബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാന്‍ സാധിക്കാതെ വന്നതോടെ വീട് ജപ്തി ഭീഷണിയിലുമാണ്. അതിനിടെയാണ് മഹാപ്രളയത്തില്‍ അയ്യപ്പന്‍കുട്ടിയുടെ വീടും വെള്ളത്തില്‍ മുങ്ങിയത്. ജീവന് രക്ഷാപ്രവര്‍ത്തകര്‍ തീവ്രശ്രമത്തിലൂടെയാണ് അവശനിലയിലായ അയ്യപ്പന്‍കുട്ടിയെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചത്.
എന്നാല്‍ പ്രളയത്തിന് ശേഷം വീടിന്റെ അവസ്ഥയും ദയനീയമായി. ചാലക്കുടിപ്പുഴയുടെ വിളിപ്പാടകലെയുള്ള അയ്യപ്പന്‍കുട്ടിയുടെ വീടിന്റെ വശങ്ങള് ഇടിഞ്ഞു. വാതിലുകള്‍ തകര്‍ന്നു. ഭിത്തികള്‍ക്ക് വിള്ളലും സംഭവിച്ചു. വീട്ടിനകത്തുണ്ടായ സര്‍വ്വവും നശിച്ചു. ദുരിതനൊമ്പരങ്ങള് താണ്ടുന്ന അയ്യപ്പന്‍കുട്ടിയുടെ കുടുംബം സുമനസുകളുടെ സഹായം തേടുകയാണ്. അതിനായി അയ്യപ്പന്‍കുട്ടിയും, ലീലയും ഫെഡറല്‍ബാങ്കിന്റെ പുവ്വത്തുശ്ശേരി ശാഖയില്‍ ജോയിന്റ് അക്കൗണ്ട് ചേര്‍ന്നിട്ടുണ്ട്. ലീല.ടി.കെ ആന്‍ഡ് അയ്യപ്പന്‍കുട്ടി ടി.സി, അക്കൗണ്ട് നമ്പര്‍-10490100069484. കഎടഇഎഉഞഘ0001049. ഫോണ്‍-9656684906.
പ്രതികരിക്കാൻ ഇവിടെ എഴുതുക: