“കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ സമ്മേളനം മുന്‍ സ്ഥാനപതി ഡോ.ടി.പി ശ്രീനിവാസന് ഉദ്ഘാടനം ചെയ്യുന്നു. കലിക്കറ്റ് സര്‍വകലാശാല മുന്‍ പിവിസി: ഡോ.കെ. രവീന്ദ്രനാഥ്, കുസാറ്റ് മുന്‍ പിവിസി: ഡോ.കെ. പൗലോസ് ജേക്കബ്, കുഫോസ് വിസി: ഡോ. എ. രാമചന്ദ്രന്, കാലടി സര്‍വകലാശാല മുന്‍ വിസി: ഡോ.എം.സി. ദിലീപ്കുമാര്, കേരള ആരോഗ്യ സര്‍വകലാശാല വിസി: ഡോ. എം.കെ. സി. നായര്‍, കാര്‍ഷിക സര്‍വകലാശാല മുന്‍ വിസി: ഡോ. കെ. ആര്. വിശ്വംഭരന്, വെറ്റിനറി സര്‍വകലാശാല മുന്‍ വിസി: ഡോ. ബി. അശോക്, അവിനാശിലിംഗം സര്‍വകലാശാല ചാന്‍സലര്‍ ഡോ. പി. ആര് കൃഷ്ണകുമാര്‍ സംസ്കൃത സര്‍വകലാശാല വിസി: ഡോ. പി. കെ ധര്മജന്”
കൊച്ചി: സര്‍ക്കാരുകള്‍ മാറുമ്പോള്‍ വിദ്യാഭ്യാസ നയം മാറുന്നതില്‍ കേരളത്തിലെ വൈസ് ചാന്‍സലര്‍മാര്‍ ആശങ്ക പങ്കുവെച്ചു. രാഷ്ട്രീയ നേതാക്കളെല്ലാം ഒന്നിച്ചിരുന്ന് പൊതുവായ വിദ്യാഭ്യാസ നയത്തിന് രൂപം കൊടുക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. മാധ്യമങ്ങളും പൊതുസമൂഹവും വിദ്യാഭ്യാസ മേഖലയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ലെന്നും സമ്മേളനം കുറ്റപ്പെടുത്തി. കേരള വിദ്യാഭ്യാസമേഖലയില്‍ മാറ്റത്തിന് മനോനിലയില്‍ മാറ്റമുണ്ടാകണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായിരുന്നു സമ്മേളനം.
മുന്‍ സ്ഥാനപതി ഡോ.ടി.പി ശ്രീനിവാസന് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ നയത്തിന് തുടര്‍ച്ചയില്ലാത്തതിനാല്‍ സര്‍ക്കാരുകള്‍ മാറുമ്പോള്‍ നയങ്ങളും മാറുന്നത് പ്രതിസന്ധിയുണ്ടാക്കുന്നതായി വൈസ് ചാന്‍സലന്മാര്‍ അഭിപ്രായപ്പെട്ടു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിന്ന് കൊണ്ട് ഇരുപതാം നൂറ്റാണ്ടിലെ കാര്യങ്ങള്‍ ചെയ്യുകയും ഇരുപത്തൊന്നാം നൂറ്റാണ്ടിനെ കുറിച്ച ചിന്തിക്കാതിരിക്കുകയും ചെയ്യുന്നതാണ് പ്രധാന പ്രശ്നം. വിദ്യാഭ്യാസ മേഖലയിലെ കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നമുക്കാവുന്നില്ല. അവസരങ്ങള്‍ വരുമ്പോള്‍ സ്വീകരിക്കാനും നമ്മുടെ വിദ്യാഭ്യാസമേഖലയ്ക്ക് കഴിയുന്നില്ല. ഹാര്‍വാര്‍ഡ് അടക്കമുള്ള സര്‍വകലാശാലകള്‍ അടക്കമുള്ളവര്‍ കേരളത്തില്‍ ശാഖകള്‍ തുറക്കാന്‍ തീരുമാനിച്ചപ്പോള്‍ എതിര്‍ത്തത് കേരളത്തിലെ ചില ചിന്തകരും സൈദ്ധാന്തികരും ആണ്. ഇരുന്നൂറ്റമ്പതോളംസര്വകലാശാലകളാണ് ഇന്ത്യയിലേക്ക് വരാന്‍ താല്‍പ്പര്യപ്പെട്ടിരുന്നത്. കുട്ടികളെ വന്‍ തുക ചെലവിട്ട് അന്യരാജ്യങ്ങളില്‍ പഠിപ്പിക്കുമ്പോള്‍ എന്തുകൊണ്ട് അത്തരം സര്‍വ്വകലാശകളുടെ റീജിയണല്‍ ശാഖകള്‍ ഇന്ത്യയിലേക്ക് വരുന്നതിനെ എതിര്‍ക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്ന് മോഡറേറ്ററായിരുന്ന കാലടി സര്‍വകലാശാല മുന്‍ വിസി. ഡോ.എം.സി. ദിലീപ്കുമാര് പറഞ്ഞു.
ആഗോള വിദ്യാഭ്യാസ മാതൃകകള്‍ രാജ്യത്ത് നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടായത് വിദ്യാര്‍ഥികളില്‍ നിന്നല്ല, മറിച്ച് ചില മുന്‍ വിസിമാരില്‍ നിന്നായിരുന്നെന്നും ഇത് ദൗര്‍ഭാഗ്യകരമാണെന്നും ഡോ. ടി.പി. ശ്രീനിവാസന് പറഞ്ഞു. പുതുതലമുറ സര്‍വ്വകലാശാലകള്‍ അനുവദിച്ചില്ലെങ്കില്‍ കേരളത്തിലെ വരും തലമുറ പിന്നാക്കം പോകും. ഉന്നതവിദ്യാഭ്യാസ രംഗത്ത് കനത്ത തിരിച്ചടി നേരിടും. വിദ്യാഭ്യാസ മേഖലയിലെ കുറവുകള്‍ കണ്ടെത്താനോ പരിഹരിക്കണോ സംസ്ഥാനത്ത് സംവിധാനമില്ല. സര്‍വകലാശാലകളുടെ മാതൃകയില്‍ അധ്യാപക പരിശീലന അക്കാദമി സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുഫോസ് വിസി: ഡോ. എ. രാമചന്ദ്രന്, കേരള ആരോഗ്യ സര്‍വകലാശാല വിസി: ഡോ. എം.കെ.സി. നായര്‍, അവിനാശിലിംഗം സര്‍വകലാശാല ചാന്‍സലര്‍ ഡോ. പി.ആര്. കൃഷ്ണകുമാര്‍, സംസ്കൃത സര്‍വകലാശാല വിസി: ഡോ. പി.കെ. ധര്മജന്, കാലടി സര്‍വകലാശാല മുന്‍ വിസി: ഡോ. എം. സി ദിലീപ്കുമാര്, കലിക്കറ്റ് സര്‍വകലാശാല മുന്‍ പിവിസി: ഡോ. കെ. രവീന്ദ്രനാഥ്, കുസാറ്റ് മുന്‍ പിവിസി: ഡോ. കെ. പൗലോസ് ജേക്കബ്, കാര്‍ഷിക സര്‍വകലാശാല മുന്‍ വിസി: ഡോ. കെ.ആര്. വിശ്വംഭരന്, വെറ്റിനറി സര്‍വകലാശാല മുന്‍ വിസി: ഡോ. ബി. അശോക്, സെന്റ് തെരേസാസ് കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ലതാ നായര്‍ പങ്കെടുത്തു.
കേരളത്തില്‍ ലോകോത്തര സര്‍വകലാശാല സ്ഥാപിക്കുന്നത് സംബന്ധിച്ച സാധ്യതകള്‍, വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനവും വിദ്യാഭ്യാസ മേഖലയിലെ നവീകരണം എന്ന വിഷയത്തില്‍ ചര്‍ച്ച എന്നിവയും നടന്നു.
പുസ്തകോത്സവത്തില്‍ ഇന്ന്
പുസ്തകോല്‍സവ നഗരിയില്‍ ഇന്ന് ഇരുപത് പുസ്തകങ്ങളുടെ പ്രകാശനം. രാവിലെ 10 : വര്‍ണോത്സവം, അഖിലകേരള പെയിന്റിംഗ് മത്സരം. ആറന്മുള കണ്ണാടി നിര്‍മ്മാണത്തെയും കലാകാരന്മാരെയും പുനരുദ്ധരിക്കാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിച്ചിട്ടുള്ള ദേശീയ പരമ്പരാഗത കരകൗശല പ്രദര്‍ശനത്തിന് പുസ്തകോത്സവ നഗരിയില്‍ തുടക്കമായി. നാല്പതോളം സാഹിത്യകാരന്മാര് പങ്കെടുത്ത സാഹിത്യ ചര്‍ച്ചയും ശ്രദ്ധേയമായി.
ഡോ. ഹെഡ്ഗേവാര്‍: പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു
“കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള പബ്ലിക്കേഷന്‍സ് ഡിവിഷന് പുറത്തിറക്കിയ മൂന്ന് പുസ്തകങ്ങള്‍ നോവലിസ്റ്റ് കെ. എല്‍. മോഹനവര്‍മ്മ, പബ്ലിക്കേഷന്‍സ് ഡിവിഷന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(കേരള റീജിയണ്‍) ഡി. മുരളിമോഹന്, ഡയറക്ടര്‍ രജീന്ദര്‍ ചൗധരി എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു.”
കൊച്ചി: കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയ മൂന്ന് പുസ്തകങ്ങള്‍ കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ പ്രകാശനം ചെയ്തു.
‘ഓര്‍ക്കുക ഞങ്ങളെ വല്ലപ്പോഴും: രക്തസാക്ഷികളുടെ കത്തുകള്‍’, ‘നിവേദിതയുടെ പുതിയ വീടും മറ്റ് കഥകളും’, ‘ഡോ. കേശവ് ബലിറാം ഹെഡ്ഗേവാര്‍’ എന്നീ മലയാള പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. നോവലിസ്റ്റ് കെ. എല്‍. മോഹനവര്‍മ്മ, പബ്ലിക്കേഷന്‍സ് ഡിവിഷന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (കേരള റീജിയണ്‍) ഡി. മുരളിമോഹന്, ഡയറക്ടര്‍ രജീന്ദര്‍ ചൗധരി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
പബ്ലിക്കേഷന്ഡ് ഡിവിഷന് ഡയറക്ടര്‍ ജനറല്‍ ഡോ. സാധന റാവത്ത്, ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലെ വിവിധ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. പുസ്തകോത്സവം നവംബര്‍ 11-ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: