പത്തനംതിട്ട: നിരോധനാജ്ഞയുടെ മറവില്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയും ശബരിമല കര്‍മസമിതി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റുമായ കെ.പി. ശശികല. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
നിരോധനാജ്ഞയുടെ പേരില്‍ സര്‍ക്കാര്‍ ശബരിമലയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. പോലീസിനെ വിന്യസിച്ച് യുവതീ പ്രവേശനം സാധ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ചിത്തിര ആട്ടവിശേഷത്തിനായി ഒരു ദിവസത്തേക്കാണ് ശബരിമല നട തുറക്കുന്നത്. എന്നാല്‍ മുമ്പെങ്ങും ഇല്ലാത്ത വിധം ആയിരത്തിലേറെ പോലീസുകാരെ എല്ലായിടത്തും വിന്യസിപ്പിച്ചും മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും വഴി സര്‍ക്കാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്.
ഭക്തരുടെ അഭയകേന്ദ്രമായിരുന്ന ക്ഷേത്ര സങ്കേതത്തെ അശാന്തിയുടെ ഇടമാക്കി സര്‍ക്കാര്‍ മാറ്റി. ഇത്തരം കേട്ടുകേള്‍വി പോലുമില്ലാത്ത നടപടികള്‍ പ്രതിഷേധാര്‍ഹമാണ്. ഭക്തരെ അടിച്ചമര്‍ത്തുന്ന നടപടികള്‍ അവസാനിപ്പിച്ച് സര്‍ക്കാര്‍ സമചിത്തതയോടെ പ്രശ്നത്തെ സമീപിക്കണം. പോലീസിനെ ഉപയോഗിച്ച് ചെയ്യുന്ന ഭക്തജനവേട്ടയില് നിന്നും പോലീസ് പിന്മാറണം. മണ്ഡലകാലത്തിനു മുന്‍പേതന്നെ യുവതികളെ സന്നിധാനത്തു പ്രവേശിപ്പിക്കണം എന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ വാശിയാണ.് അതിന് മറപിടിക്കാനാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സന്നിധാനത്ത് ദര്‍ശനത്തിനെത്തുന്ന ഭക്തരുടെമേലുള്ള ഒരു നിയന്ത്രണങ്ങളും അംഗീകരിക്കാന്‍ കഴിയില്ല. ശബരിമലയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ശിവദാസിന്റെ മരണത്തെക്കുറിച്ചും നിലയ്ക്കലിലും പമ്പയിലും നടന്ന പോലീസ് അതിക്രമത്തെ കുറിച്ചും ജുഡീഷ്യല്‍ അന്യേഷണം വേണമെന്നും കെ.പി. ശശികല ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ് ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: