പത്തനംതിട്ട: ശബരിമലയെ നിരോധനങ്ങളുടെ സങ്കേതമാക്കിമാറ്റി പിണറായി സര്‍ക്കാര്‍. അന്നദാനത്തിന് ഏര്‍പ്പെടുത്തിത്തുടങ്ങിയ വിലക്ക് ഇപ്പോള്‍ എത്തിനില്‍ക്കുന്നത് നിരോധനാജ്ഞയില്‍.
ഇന്നലെ അര്‍ധരാത്രി മുതല്‍ ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നിരോധനാജ്ഞ നിലവില്‍ വന്നു. ഇന്നലെ മുതല്‍ മേഖലയില്‍ പോലീസിനെ വിന്യസിച്ചു. കാനനക്ഷേത്രമായ ശബരിമലയില്‍ പരിസര മലിനീകരണത്തിന്റെ പേരില്‍ പ്ലാസ്റ്റിക് നിരോധിച്ചു. പിന്നീട് കുപ്പിവെള്ളവും നിരോധനത്തിന്റെ പരിധിയിലായി. ഭക്തര്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ ഏര്‍പ്പെടുത്തിയ പകരം സംവിധാനങ്ങള്‍ അമ്പേ പരാജയപ്പെടുകയും ചെയ്തു.
അന്നദാനപ്രഭുവായ അയ്യപ്പസന്നിധിയില്‍ ഭക്തസംഘങ്ങള്‍ അന്നദാനം നടത്തുന്നതിനായിരുന്നു അടുത്ത നിരോധനം. കാലങ്ങളായി അന്നദാനം നടത്തിവന്നിരുന്ന അയ്യപ്പസേവാ സമാജം അടക്കമുള്ള സംഘടനകള്‍ക്ക് ഇതിനുള്ള അനുമതി നിഷേധിച്ചത് ഏതാനും വര്‍ഷം മുന്‍പാണ്. അന്നദാനത്തിന്റെ കുത്തക ദേവസ്വം ബോര്‍ഡില്‍ ഉറപ്പാക്കി വരുമാനം വര്‍ധിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം. എന്നാല്‍ തീര്‍ഥാടനകാലത്ത് സന്നിധാനത്ത് എത്തുന്ന മുഴുവന്‍ അയ്യപ്പന്മാര്ക്കും ആഹാരം ലഭ്യമാക്കാന്‍ ബോര്‍ഡിന് കഴിയുന്നുമില്ല. ഇത് ഹോട്ടലുകള്‍ അയ്യപ്പന്മാരെ ചൂഷണം ചെയ്യാനുള്ള സാഹചര്യവും ഒരുക്കി.
തുലാമാസ പൂജ കഴിഞ്ഞ് നട അടയ്ക്കുന്ന ദിവസം ഭക്തര്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിക്കുമെന്ന പ്രചരണം നടത്തി അവരെ ഒഴിവാക്കിയ പോലീസ് ഇത്തവണ മാധ്യമപ്രവര്‍ത്തകര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ശരണപാതയില്‍ വലിയതോതില്‍ പോലീസിനെ വിന്യസിച്ച് തീര്‍ഥാടകരെ ഭീതിയിലാക്കാനാണ് സര്‍ക്കാര്‍ശ്രമം. സന്നിധാനത്ത് ഭക്തര്‍ക്ക് ദര്‍ശനം നടത്താനുള്ള സാഹചര്യം പോലും പോലീസ് നിശ്ചയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയും കുറ്റവാളികളെ പോലെ പോലീസിന്റെ ചേദ്യംചെയ്യലിനെയും ഭക്തര്‍ നേരിടണം. സന്നിധാനത്ത് ഭക്തിയുടെ അന്തരീക്ഷം മാറ്റി ഭീതി നിറച്ച് ആചാരലംഘനം സാധ്യമാക്കാനാണ് സര്‍ക്കാര്‍ നീക്കം. പോലീസിനെ ഭയന്ന് ഉറക്കെ ശരണം വിളിക്കാന്‍ പോലും ഭക്തരും ഭയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: