ന്യൂദല്‍ഹി: ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കുന്നത് തടഞ്ഞവര്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജികളിലെ തീരുമാനം സോളിസിറ്റര്‍ ജനറല്‍ എടുക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ അറിയിച്ചു. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതില്‍ വ്യക്തിപരമായ എതിര്‍പ്പുള്ളതിനാലാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയിലെ തീരുമാനം എടുക്കേണ്ടെന്ന് കെ.കെ വേണുഗോപാല്‍ തീരുമാനിച്ചത്. കോടതിയലക്ഷ്യ അപേക്ഷ അനുവദിക്കണമോ വേണ്ടയോ എന്ന് രണ്ടു ദിവസത്തിനകം തീരുമാനിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി.
എസ്എഫ്ഐ നേതാവ് അഡ്വ. ഗീനാകുമാരി, എ.വി വര്‍ഷ എന്നിവരാണ് യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ അനുവദിച്ചില്ലെന്നാരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി. എസ് ശ്രീധരന്‍പിള്ള അടക്കമുള്ള നേതാക്കള്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്. ശബരിമല തന്ത്രി കണ്ഠര് രാജീവരെയും പന്തളം കൊട്ടാരത്തിലെ രാമരാജവര്മ്മയെയും അടക്കം പ്രതി ചേര്‍ത്താണ് സിപിഎം വനിതാ നേതാക്കള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി അനുവദിക്കണമോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് അറ്റോര്‍ണി ജനറലാണ്. എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി നേരത്തെ യുവതീ പ്രവേശനത്തെ എതിര്‍ത്ത് ഹാജരായിട്ടുള്ളതിനാലാണ് കെ.കെ വേണുഗോപാല്‍ സിപിഎം വനിതകളുടെ ഹര്‍ജിയില്‍ തീരുമാനമെടുക്കാതെ ഒഴിഞ്ഞത്. കേസിന്റെ ഏതെങ്കിലും ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉപദേശം തേടിയാല്‍ കേസില്‍ ഹാജരായി നിലപാട് പറയേണ്ടതിനാല്‍ കൂടിയാണ് കെ.കെ വേണുഗോപാല്‍ പിന്മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: