തിരുവനന്തപുരം: ശബരിമലയില്‍ ഭക്തര്‍ക്കെതിരെ കമാന്‍ഡോ സംഘത്തേയും വജ്ര ആയുധ സംവിധാനത്തേയും അണിനിരത്തി ആചാരലംഘനം നടത്തുമെന്ന് ഉറപ്പിച്ച് പിണറായി വിജയന് സര്‍ക്കാര്‍. പോലീസ് ശബരിമലയും പരിസര പ്രദേശങ്ങളും വളഞ്ഞു. സ്വാമി അയ്യപ്പനെ എല്ലാ വശത്തു നിന്നും അക്ഷരാര്‍ഥത്തില്‍ ‘ബന്ദിയാക്കുന്ന’ തരത്തില്‍ സന്നിധാനം, മരക്കൂട്ടം, പമ്പ, നിലയ്ക്കല്‍ പ്രദേശങ്ങള്‍ പൂര്‍ണമായും പോലീസ് വലയത്തിലാണ്. നിരോധനാജ്ഞയും മാധ്യമവിലക്കും കൂടിയായപ്പോള്‍ ശബരിമല ഒറ്റപ്പെട്ട അവസ്ഥയിലാണ്. നിത്യപൂജയുള്ള പമ്പ ഗണപതി, നിലയ്ക്കല്‍ മഹാദേവ ക്ഷേത്രങ്ങളില്‍ ഇന്നലെ ഉച്ചമുതല്‍ ഭക്തജനങ്ങളെ പോലീസ് പ്രവേശിപ്പിച്ചില്ല.
സുപ്രീംകോടതി വിധി നടപ്പാക്കാന്‍ എന്ന പേരില്‍ പതിനൊന്നംഗ കമാന്‍ഡോ സംഘത്തെയാണ് വിന്യസിക്കുന്നത്. കലാപ സാഹചര്യത്തില്‍പ്പോലും അടുത്തൊന്നും കേരളത്തില്‍ കമാന്‍ഡോകളെ നിയോഗിച്ചിട്ടില്ല. രണ്ടു കിലോമീറ്റര്‍ പരിധിയില്‍, റൊട്ടേറ്റ് ചെയ്ത് ഷെല്ലുകള്‍ വര്‍ഷിക്കാവുന്ന വജ്ര എന്ന പോലീസ് വാഹന സംവിധാനവും ഇന്ന് നിലയ്ക്കലില്‍ എത്തും. ഈ ആയുധ സംവിധാനം കേരളാ പോലീസ് ആദ്യം പരീക്ഷിക്കാന്‍ തെരഞ്ഞെടുത്തതും ഭക്തജനങ്ങളെ.
സ്പെഷ്യല്‍ പോലീസ് ഓഫീസര്‍ സംവിധാനത്തില്‍പ്പെടുത്തി മുന്നൂറോളം സിപിഎം പ്രവര്‍ത്തകരെ ശബരിമലയില്‍ എത്തിക്കാനും നീക്കമുണ്ട്. വിരമിച്ച സൈനികരെ പ്രധാനമായും ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന പ്രേത്യക വിഭാഗമാണിത്. എന്നാല്‍, ശബരിമലയില്‍ ആചാരലംഘനം നടപ്പാക്കാന്‍ സീതത്തോട്, ചിറ്റാര്‍, കണ്ണൂര്‍ പ്രദേശങ്ങളിലെ ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസങ്ങളില്‍ ഇതിലേക്ക് റിക്രൂട്ട് ചെയ്യുകയായിരുന്നു.
ചിത്തിര ആട്ടവിശേഷപൂജയ്ക്കായി ശബരിമല നട നാളെ തുറക്കുമ്പോള്‍ യുദ്ധസമാനമായ അന്തരീക്ഷമാണ് ശബരിമലയില്‍ പോലീസ് ഒരുക്കുന്നത്. 2,300 പോലീകാരെക്കൂടി അധികമായി വിന്യസിച്ചു. നൂറ് വനിതാ പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടും. വനിതാ പോലീസുകാരെ മരക്കൂട്ടം വരെ നിയമിക്കാനാണ് നിര്‍ദേശം.
ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി നിയോഗിച്ച ദക്ഷിണ മേഖല എഡിജി പി. അനില്‍കാന്തിന്റെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍. പോലീസ് ആസ്ഥാനത്തെ എഡിജിപി എസ്. ആനന്ദകൃഷ്ണന് ജോയിന്റ് പോലീസ് കോ-ഓര്‍ഡിനേറ്റര്‍ ആയിരിക്കും. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളില്‍ ഐജി എം.ആര്. അജിത്കുമാറും പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഐ.ജി. അശോക് യാദവും സുരക്ഷയ്ക്കും ക്രമസമാധാനപാലനത്തിനും മേല്‍നോട്ടം വഹിക്കും. പത്ത് വീതം എസ്പിമാരെയും ഡിവൈഎസ്പിമാരെയും സഹായത്തിനായി നിയോഗിച്ചിട്ടുണ്ട്.
നാളെ നാലു മണിക്ക് ശേഷമേ നിലയ്ക്കലില്‍ നിന്ന് ഭക്തജനങ്ങളെ പമ്പയിലേക്ക് കയറ്റു. അതിനു മുമ്പ് യുവതികളെ പ്രവേശിപ്പിക്കുന്നതിന് എല്ലാ ഒരുക്കങ്ങളും സജ്ജീകരിക്കാനാണ് പോലീസ് നീക്കം. ഇരുമുടിക്കെട്ടില്ലാതെ എത്തുന്നവരെ പരമാവധി നിലയ്ക്കലില്‍ നിന്ന് പിന്തിരിപ്പിക്കും. യുവതികളെ പ്രവേശിപ്പിക്കുന്നത് തടയുന്നതിനായി എത്തുന്ന ഭക്തരെ പരമാവധി പിന്തിരിപ്പിക്കുക എന്നതാണ് പോലീസ് തന്ത്രം. അതിനാലാണ് നിലയ്ക്കലില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടുള്ള അറസ്റ്റ് തുടരുന്നത്. ഇന്നും അറസ്റ്റ് വ്യപകമാക്കാനാണ് നിക്കം.
വാഹന പരിശോധനയും കര്‍ശനമാക്കി. വടശ്ശേരിക്കര മുതല്‍ വാഹനങ്ങള്‍ നിരീക്ഷിക്കും. നേരത്തേതില്‍ നിന്നു ഭിന്നമായി പോലീസ് പാസ് നല്കുന്ന വാഹനങ്ങള്‍ മാത്രമേ കടത്തിവിടൂ. വാഹനത്തിലെ പ്രധാനപ്പെട്ട വ്യക്തിയുടെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിശദാംശങ്ങള്‍ കര്‍ശനമായും വാങ്ങും. പിന്നീട് കേസില്‍ കുടുക്കുന്നതുള്പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പോലീസ് ഇത് ഉപയോഗിച്ചേക്കും.
പോലീസ് കണക്കുകൂട്ടുന്നതില്‍ നിന്ന് അധികം ഭക്തജനങ്ങള്‍ എത്തിയാല്‍ നിലയ്ക്കലില്‍ നിന്നു പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിവയ്പ്പിക്കും. ഒരു ദിവസം മാത്രം നട തുറന്നിരിക്കുന്നതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഭക്തര്‍ എത്തുന്നത് കുറവാണ്. പടിപൂജ, മറ്റ് പ്രധാന പൂജകള്‍ എന്നിവ ബുക്ക് ചെയ്തിട്ടുള്ളവര്‍ മാത്രമേ എത്തൂ. ഇവരോട് ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോലീസുമായി ബന്ധപ്പെട്ട് ഇവരെ സുരക്ഷിതമായി എത്തിച്ചാല്‍ മറ്റ് അയ്യപ്പഭക്തരെ കടത്തിവിട്ടില്ലെങ്കിലും കുഴപ്പമില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: