തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്ത മുട്ടത്തറയിലെ ഫ്ളാറ്റ് അടച്ചുപൂട്ടി. എട്ട് ഫ്ളാറ്റുകളുടെ താമസക്കാരില്‍ നിന്നും ഫിഷറീസ് വകുപ്പ് താക്കോല്‍ തിരികെ വാങ്ങി. ഇതോടെ നാലുവര്‍ഷമായി സ്കൂള്‍ വരാന്തയില്‍ കഴിയുകയായിരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ വീണ്ടും ദുരിതത്തിലായി.
ഫ്ളാറ്റുകളിലേക്കുള്ള കുടിവെള്ളം, വൈദ്യുതി കണക്ഷനുകളുടെ പണി പൂര്‍ത്തിയായില്ല. വൈദ്യുതി വിതരണത്തിനുള്ള ട്രാന്‍സ്ഫോര്‍മറും തകരാറിലായി. ഇക്കാര്യം പറഞ്ഞ് ഫിഷറീസ് അധികൃതര്‍ ഫ്ളാറ്റ് പൂട്ടി താക്കോല്‍ ഉദ്ഘാടന ദിവസം തന്നെതിരികെ വാങ്ങിയെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. കടല്‍ക്ഷോഭത്തില്‍ സര്‍വതും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി മുട്ടത്തറയില്‍ പണികഴിപ്പിച്ച ഫ്ളാറ്റ് സമുച്ചയം മൂന്ന് ദിവസം മുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ പ്രതിമ പണിതപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പാവങ്ങള്‍ക്കായി ഫ്ളാറ്റ് നല്‍കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും അവകാശവാദം. ആ ഫ്ളാറ്റുകളാണ് അടച്ചുപൂട്ടി മത്സ്യത്തൊഴിലാളികളെ തെരുവിലിറക്കിയത്.
പ്രധാനമന്ത്രി ആവാസ് യോജന അടക്കമുള്ള കേന്ദ്ര പദ്ധതികളെ ലൈഫ് പദ്ധതിയായി പേര് മാറ്റിയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കിയത്. വലിയതുറ, ചെറിയതുറ, വലിയതോപ്പ്, ചെറിയതോപ്പ് എന്നീ തീരദേശ വില്ലേജുകളില്‍ നിന്നുള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. കഴിഞ്ഞ പ്രളയകാലത്ത് താല്‍ക്കാലികമായി കയറിക്കിടക്കാന്‍ അനുവദിക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഴുവന്‍ പണിയും തീര്‍ത്തേ ഫ്ളാറ്റ് കൈമാറൂ എന്ന നിലപാടിലായിരുന്നു അധികൃതര്‍. അനര്‍ഹരെ രാഷ്ട്രീയ പ്രേരിതമായി ഉള്‍പ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും പണിതീരാത്ത ഫ്ളാറ്റ് നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: