പാലക്കാട്: അട്ടപ്പാടി ആനക്കട്ടിയില്‍ ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിച്ച് മാവോയിസ്റ്റ് സംഘടനയായ ഭവാനിദളത്തിന്റെ പേരില്‍ പോസ്റ്ററുകള്‍. വ്യാഴാഴ്ച രാത്രിയാണ് ചുരം റോഡായ ആനക്കട്ടിയില്‍ പോസ്റ്ററുകള്‍ പതിച്ചത്.
ശബരിമലയില്‍ പ്രവേശിക്കുന്ന സ്ത്രീകളെ തടയുന്ന ഹിന്ദു ഫാസിസ്റ്റ് ശക്തികളെ എതിര്‍ക്കുക, പുരുഷാധിപത്യത്തെ പോരാടി ജയിക്കുക, സ്ത്രീവിമോചനം നിര്‍മിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള വരികളാണ് പോസ്റ്ററിലുള്ളത്.
എന്നാല്‍ സംഭവത്തിനു പിന്നില്‍ മാവോയിസ്റ്റുകളെല്ലെന്നും പുറത്തുനിന്നുള്ള ഇടതു അനൂകല പ്രവര്‍ത്തകരോ അട്ടപ്പാടിയില്‍ തന്നെയുള്ള മാവോയിസ്റ്റ് അനുകൂല പ്രവര്‍ത്തകരോ ആകാമെന്നുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം. കൂടാതെ യുവതീപ്രവേശനത്തെ അനുകൂലിക്കുന്നവരുമാകാമെന്നും അന്വേഷണോദ്യോഗസ്ഥര്‍ കരുതുന്നു. മാത്രമല്ല പോസ്റ്ററില്‍ എഴുതിയിരിക്കുന്ന വാക്കുകളും വ്യത്യസ്തമാണ്.
യുവതീപ്രവേശനത്തെ അനുകൂലിക്കുന്നതോടൊപ്പം സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള മുദ്രാവാക്യങ്ങളും ഇതിലുണ്ട്. ഒരു മാസം മുമ്പ് മാവോയിസ്റ്റ് നേതാവ് ഡാനിഷിനെ പോലീസ് പിടികൂടിയിരുന്നു. ഇതിനുശേഷം ആദ്യമായാണ് അട്ടപ്പാടി മേഖലയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നത്.
സംഭവത്തിനു പിന്നില്‍ ഭവാനിദളമാണെന്ന് വരുത്താനാണ് സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള പോസ്റ്ററുകളും പതിച്ചതെന്നും രഹസ്യാന്വേഷണ വിഭാഗം കണക്കുകൂട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: