ന്യൂദല്‍ഹി: റഫാല്‍ കരാറില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ബിജെപിയില്‍ നിന്ന് രാജിവച്ച് ആം ആദ്മി പാര്‍ട്ടിക്കൊപ്പം കൂടിയ മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയുടെ ആവശ്യമാണ് കോടതി തള്ളിയത്. റഫാല്‍ യുദ്ധ വിമാനങ്ങളുടെ വിലയും സാങ്കേതിക വിശദാംശങ്ങളും അടക്കമുള്ള എല്ലാ വിവരങ്ങളും കൈമാറണമെന്ന സുപ്രീംകോടതിയുടെ ആവശ്യവും കേന്ദ്രം തള്ളി.
ഔദ്യോഗിക രഹസ്യ നിയമത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളായ യുദ്ധ വിമാനത്തിന്റെ വില, സാങ്കേതിക വിദ്യ തുടങ്ങിയ കാര്യങ്ങള്‍ മുദ്രവെച്ച കവറില്‍ പത്തുദിവസത്തിനകം കോടതിയില്‍ സമര്‍പ്പിക്കാനായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്യുടെ നിര്‍ദേശം. ഇക്കാര്യം സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കോടതിയെ ധരിപ്പിച്ചു. ഔദ്യോഗിക രഹസ്യനിയമത്തിന്റെയും അന്താരാഷ്ട്ര കരാറുകളുടേയും ലംഘനമാകുമതെന്നും ഇത്തരം വിവരങ്ങള്‍ നല്‍കാനാവില്ലെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു.
ഇതംഗീകരിച്ച കോടതി വിവരങ്ങള്‍ നല്കാന് കഴിയാത്തതിന്റെ കാരണങ്ങള്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു. ഔദ്യോഗിക രഹസ്യ നിയമത്തിന്റെ പരിധിയില്‍ വരാത്ത കാര്യങ്ങള്‍ കോടതിക്കും ഹര്‍ജിക്കാര്‍ക്കും ഒരാഴ്ചയ്ക്കകം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചിട്ടുണ്ട്. സിബിഐ അന്വേഷണമാണ് ആവശ്യമെന്ന ഹര്‍ജിക്കാരുടെ അഭിഭാഷകനായ പ്രശാന്ത് ഭൂഷണിന്റെ വാദം കോടതി അംഗീകരിച്ചില്ല. നിലവില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. റഫാലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ നവംബര്‍ 14ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: