അഹമ്മദാബാദ്: രാജ്യത്ത് എല്ലാവരും ഒത്തൊരുമയോടെ ജീവിക്കുന്നതിന്റെ പ്രധാന കാരണം സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ രാജ്യം ഇന്നത്തെ നിലയിലെത്തുന്നതില്‍ പട്ടേല്‍ നല്കിയ സംഭാവനകള്‍ ചെറുതല്ല. സ്വാതന്ത്ര്യത്തിന് ശേഷം അദ്ദേഹം നടത്തിയ പ്രയത്നങ്ങളാണ് ഇന്ന് കാണുന്ന ഇന്ത്യ. അദ്ദേഹം നല്കിയ നിരവധി സംഭാവനകളുടെ പേരിലാണ് നാം പട്ടേലിനെ എല്ലായ്പ്പോഴും ഓര്‍ക്കുന്നത്. അദ്ദേഹത്തിന്റെ ത്യാഗങ്ങളെ നമുക്കൊരിക്കലും മറക്കാന്‍ സാധിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി രാജ്യത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സര്‍ദാര്‍ പട്ടേലിന്റെ 143ാം ജന്മവാര്ഷിക ദിനത്തോടനുബന്ധിച്ചാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ഏകതാ ശില്‍പ്പം രാജ്യത്തിന്റെ ഒത്തൊരുമയേയാണ് സൂചിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സര്‍ദാര്‍ പട്ടേലിന്റെ ജന്മവാര്ഷികദിനമായ ഇന്ന് രാജ്യമെങ്ങും രാഷ്ട്രീയ ഏകത ദിവസ് ആയി ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി നടത്തിയ റണ്‍ ഫോര്‍ യൂണിറ്റിയില്‍ പങ്കെടുത്ത എല്ലാവര്ക്കും അഭിനന്ദനം അറിയിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
ഇന്നത്തെ ദിവസം ഇന്ത്യന്‍ ചരിത്രത്തിലെ ഒരു നിര്‍ണായക ദിനമാണ്. ഈ ദിവസത്തെ ചടങ്ങുകളെ ചരിത്രത്തില്‍ നിന്ന് മായ്ച് കളയുക എന്നത് ബുദ്ധിമുട്ടാണ്. പട്ടേലിനെ പോലെ ഒരു മഹദ് വ്യക്തിക്ക് ഇത്തരത്തിലൊരു ആദരം അര്‍പ്പിക്കാന്‍ സാധിക്കുന്നത് ഞാനെന്റെ ഭാഗ്യമായിട്ടാണ് കരുതുന്നത്. ഈ പദ്ധതിയെ കുറിച്ച് സ്വപ്നം കാണുന്ന സമയത്ത് ഞാന്‍ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്നോ ഇത് അനാച്ഛാദനം ചെയ്യാന്‍ സാധിക്കുമെന്നോ ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും മോദി പറഞ്ഞു.
വൈവിധ്യങ്ങളാണ് ഇന്ത്യയുടെ പ്രത്യേകത. ഇന്ത്യ പോലെ വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഒരു രാജ്യം ഒരുമയോടെ ഇരിക്കില്ലെന്ന് നിരവധി പേരാണ് വിശ്വസിച്ചത്. വൈവിധ്യം നമ്മുടെ ബലഹീനതയാണെന്ന് അവര്‍ കരുതി. എന്നാല്‍ ഈ വൈവിധ്യങ്ങളാണ് നമ്മുടെ ഏറ്റവും വലിയ കരുത്തെന്ന് പട്ടേല്‍ നമുക്ക് കാണിച്ചു തന്നു. അദ്ദേഹത്തിന്റെ പാതയാണ് നമ്മുടെ രാജ്യം ഇന്ന് പിന്തുടര്ന്നത്. ഇന്ന് ലോകത്തിന്റെ മുന്നില്‍ ഇന്ത്യ ഏറ്റവും വലിയ സാമ്പത്തിക-തന്ത്രപ്രധാന ശക്തിയായി നില്ക്കുന്നതും ആ വഴികളിലൂടെ സഞ്ചരിച്ചത് കൊണ്ടാണ്.
കച്ച് മുതല്‍ കൊഹിമ വരെയും, കാര്‍ഗില്‍ മുതല്‍ കന്യാകുമാരി വരെയും നമ്മള്‍ക്ക് ഇന്ന് സഞ്ചരിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അത് പട്ടേല്‍ കാരണമാണ്. ഗിര്‍ വനങ്ങളിലും, സോമ്നാഥ് ക്ഷേത്രത്തിലും ഹൈദരാബാദിലെ ചാര്മിനാറിലുമൊക്കെ സ്വാതന്ത്ര്യത്തോടെ പോകാന്‍ സാധിക്കുന്നത് പട്ടേലിന്റെ പ്രയത്നഫലമായാണ്. സിവില്‍ സര്‍വീസ് പോലെയുള്ള ഭരണനിര്‍വഹണ സംവിധാനങ്ങള്‍ക്ക് കൃത്യമായ രൂപരേഖ നല്കി. സ്ത്രീകളെ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനും സര്‍ദാര്‍ പട്ടേല്‍ വഹിച്ച പങ്ക് ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ഒരുമയെയാണ് ഈ ചടങ്ങുകളെല്ലാം കാണിക്കുന്നത്. ഗുജറാത്തിലെ ജനങ്ങളോടും ഞാന്‍ ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തുകയാണ്. പ്രതിമയുടെ നിര്‍മാണത്തിന് വേണ്ടി മണ്ണ് നല്കാന് തയാറായ കര്‍ഷകര്‍ക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലക്ഷക്കണക്കിന് കര്‍ഷകര്‍ ഇതിന്റെ നിര്‍മാണത്തിലേക്ക് മണ്ണ് നല്കാന് തയാറായി. ഇതിന്റെ നിര്‍മാണ പുരോഗതിയില്‍ അവര്‍ വഹിച്ച പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജനങ്ങള്‍ ഇവിടേക്കെത്തുകയും അദ്ദേഹത്തെ എല്ലായ്പ്പോഴും ഓര്‍മിക്കുകയും ചെയ്യും. വലിയൊരു മനുഷ്യനോടുള്ള ആദരമാണ് ഈ പ്രതിമ. ഇതിന് രാഷ്ട്രീയനിറം നല്കിയപ്പോള് താന്‍ അമ്പരന്നു പോയെന്നും, ഒരു വലിയ തെറ്റ് ചെയ്തു എന്ന മട്ടിലായിരുന്നു ചിലര്‍ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: