തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യാ-വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനായി താരങ്ങള്‍ തിരുവനന്തപുരത്ത് എത്തി. ഉച്ചയ്ക്ക് ഒന്നരയോടെ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ താരങ്ങള്‍ക്ക് ആരാധകര്‍ ഉജ്വല സ്വീകരണമാണൊരുക്കിയത്.
മുംബൈയിലെ കൂറ്റന്‍ ജയത്തിന്റെ തിളക്കവുമായാണ് കോലിയും സംഘവും അനന്തപുരിയില്‍ വിമാനം ഇറങ്ങിയത്. പ്രിയതാരങ്ങളെ നേരില്‍ക്കാണാന്‍ വിമാനത്താവളത്തില്‍ നൂറുകണക്കിന് ആരാധകരാണ് കാത്തുനിന്നിരുന്നത്. വിരാട് കോലിയും രോഹിത് ശര്‍മയും മഹേന്ദ്ര സിങ് ധോണിയും ഉള്‍പ്പെടെയുള്ളവര്‍ കനത്ത ആരവങ്ങളില്‍ മുങ്ങിയാണ് ഹോട്ടലിലേക്ക് പോകേണ്ട ബസ്സില്‍ കയറിയത്. തൊട്ടുപിന്നാലെ വെസ്റ്റ് ഇന്‍ഡീസ് ടീം അംഗങ്ങളും പുറത്തിറങ്ങി താരങ്ങളെ ഒരോരുത്തെരെയും പേരെടുത്ത് ആരാധകര്‍ ജെയ് വിളിക്കുകയായിരുന്നു. വിമാനത്താവളത്തില്‍ എത്തിയ ഓരോ താരത്തിനും റോസാപ്പൂവ് നല്‍കിയായിരുന്നു സ്വീകരിച്ചത്. കഴിഞ്ഞ മത്സരത്തില്‍ 162 റണ്‍സ് എടുത്ത രോഹിത് ശര്‍മ തനിക്ക് ലഭിച്ച പൂവ് പോലീസ് ഉദ്യോഗസ്ഥന് കൈമാറിയതും ആരാധകരില്‍ കൗതുകമുണ്ടാക്കി.
താരങ്ങളെത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പേ വിമാനത്താവളത്തിയ ആരാധകരെ നിയന്ത്രിക്കാന്‍ പ്രത്യേകം വേലിതന്നെ തീര്‍ക്കേണ്ടിവന്നു പോലീസിന്. നിശ്ചയിച്ചതിലും ഒരു മണിക്കൂര്‍ വൈകിയാണ് ടീമുകള്‍ എത്തിയത്. പിന്നെ ഇരുടീമുകളും ഒരുമിച്ച് പോലീസ് അകമ്പടിയോടെ കോവളത്തേയ്ക്കു പോയി.
ടീമുകള്‍ക്ക് താമസമൊരുക്കിയിരിക്കുന്ന റാവിസ് ലീലാ ഹോട്ടലില്‍ വാദ്യമേളങ്ങളോടെയാണ് ടീമിനെ സ്വീകരിച്ചത്. ശംഖുമാലയും തിലകവും ചാര്‍ത്തി ആരതിയുഴിഞ്ഞ് പ്രൗഢമായിത്തന്നെ ഇരുടീമുകളെയും എതിരേറ്റു. രണ്ടു ടീമുകളും കോവളം റാവിസ് ലീലയിലാണു താമസിക്കുന്നത്. ഹോട്ടലിലെ അറബിക്കടലിന് അഭിമുഖമായുള്ള ബ്ലോക്കില്‍ ഇന്ത്യന്‍ ടീമംഗങ്ങളും പൂന്തോട്ടത്തിന്റെ വശത്തുള്ള ബ്ലോക്കില്‍ വെസ്റ്റ് ഇന്‍ഡീസ് ടീമും ഇന്നലെ വിശ്രമിച്ചു.
ഇന്ന് രാവിലെ 9 മുതല്‍ 12 വരെ ഇരുടീമുകളും ഗ്രീന്‍ഫീല്‍ഡില്‍ ഇരു ടീമുകളും പരിശീലനം നടത്തും. നാെള 1.30 മുതലാണ് മത്സരം. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാര്‍, മുന്‍ ഇന്ത്യന്‍ താരങ്ങള്‍ എന്നിവര്‍ മത്സരം കാണാനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: