മനുഷ്യരുടെ കടന്നുകയറ്റങ്ങളെ നിസ്സാരമായി തുടച്ചുമാറ്റിക്കൊണ്ടാണു ത്രിവേണിയില്‍ പമ്പാനദി ഗതിമാറിയൊഴുകിയത്. പ്രളയത്തിന്റെ ബാക്കിപത്രം പരിശോധിക്കുമ്പോള്‍ പ്രകൃതിശക്തിയെകുറിച്ചുള്ള തിരിച്ചറിവ് കൂടിയാകണം അത് നമുക്ക്. ആധുനികമനുഷ്യന് ഉപഭോഗതൃഷ്ണയോടെ പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്തപ്പോള്‍ പ്രകൃതിയുടെ ഷുഭിതപ്രതികരണങ്ങള് നമ്മെ തിരിച്ചറവിന്റെ പാതയിലേക്ക് നയിക്കേണ്ടതാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിശാലമായ പമ്പാമണപ്പുറത്ത് മകരവിളക്കിനോടനുബന്ധിച്ച് ഭക്തജന നിര്‍മ്മിതമായ താല്‍ക്കാലിക വിരിമറകളാണ് ഉയര്‍ന്നിരുന്നത്. അന്ന് ഭക്തര്‍ കുറവും മണല്‍പ്പുറം വിശാലവുമായിരുന്നു. പമ്പയുടെ പ്രകൃതിരമണീയമായ കാഴ്ച ആകര്‍ഷകമായിരുന്നു. പമ്പാസരസ്ഥടത്തേക്കുറിച്ച് നൂറോളം ശ്ലോകങ്ങളിലൂടെയാണ് വാത്മീകി മഹര്‍ഷി രാമായണത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നത്. അത്രത്തോളം മനോഹരമായിരുന്നു പമ്പയും മണല്‍പ്പുറവും. വെള്ളാരം കല്ലിന്റെ വന്‍ശേഖരം അന്ന് പമ്പയിലുണ്ടായിരുന്നു.
ദര്‍ശനത്തിന് നാള്‍ക്കുനാള്‍ ഭക്തജനസഹസ്രം ഒഴുകിയെത്താന്‍ തുടങ്ങിയപ്പോള്‍ നദീതടപരിപാലനച്ചട്ടങ്ങള് കാറ്റില്‍ പറത്തി മണല്‍പ്പുറത്ത് ദേവസ്വംബോര്‍ഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മാമാങ്കം ആഘോഷിച്ചു. നദിയുടെ ഒഴുക്കിനെ നിയന്ത്രിച്ചു നിര്‍ത്തി കരയില്‍ കോണ്‍ക്രീറ്റ് കൂടാരങ്ങള്‍ ഉയര്‍ന്നു. തന്ത്രികുടുംബത്തിലെ ക്രാന്തദര്‍ശികളായിരുന്ന കാരണവന്മാര് അപകടം മുന്‍കൂട്ടി കണ്ട് എതിര്‍ത്തെങ്കിലും ബോര്‍ഡിന്റെ ശക്തമായ സ്വാധീനവലയത്തില്‍ അനധികൃതനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. കല്‍ക്കെട്ടുകള്‍ കൊണ്ട് പമ്പയ്ക്ക് അതിര്‍ത്തി നിര്‍ണ്ണയിച്ചു. വിശാലമായ നടപ്പാതയും വന്‍ഹോട്ടല്‍ സമുച്ചയവും ഉയര്‍ന്നു. മാനദണ്ഡം പാലിക്കാതെ ശൗചാലയനിര്മ്മാണത്തിന് പമ്പയുടെ മാറിടത്തില്‍ കുഴിതോണ്ടി. അയ്യപ്പഭക്തന്മാര് വിരിവെയ്ക്കാന്‍ സ്ഥലമില്ലാതെ വീര്‍പ്പുമുട്ടി. പോലീസും ഫയര്‍ഫോഴ്സും തുടങ്ങി എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും നദിയോരം കവര്‍ന്നെടുത്തു. പമ്പ കണ്ണീരോടെ നിശബ്ദയായി ഒഴുകി.
കൈയേറ്റം കഠിനമായപ്പോള്‍ പമ്പാനദി പ്രതികരിച്ചു. കയ്യേറ്റക്കൂടാരങ്ങളെ ക്ഷണനേരം കൊണ്ട് തുടച്ചുമാറ്റിയ കാഴ്ചയാണ് ഇപ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്നത്. പമ്പാതീരത്ത് മനുഷ്യനിര്മ്മിതമായമാതെല്ലാം തകര്‍ന്നടിഞ്ഞു. കെട്ടിടങ്ങള്‍ നിന്ന സ്ഥലത്ത് അസ്ഥിപഞ്ജരം പോലെ കമ്പികള്‍ മാത്രമായി. പമ്പയ്ക്ക് അതിര്‍ത്തി തീര്‍ത്ത പടിക്കെട്ടുകള്‍ അപ്രതീക്ഷിതമായി. ശൗചാലയം ഇടിഞ്ഞു താണു. ശൗചാലയത്തിന്റെ രണ്ടാം നിലയില്‍ പോലും കടപുഴകിയ വന്മരങ്ങള് വന്നടിഞ്ഞു. രാമമൂര്‍ത്തി മണ്ഡപം കാണാനില്ലാതായി. നടപ്പന്തലിന്റെ തൂണുകള്‍ മാത്രം അവശേഷിച്ചു. ഇരുപതടിയോളം ഉയരത്തില്‍ മണല്‍ക്കൂമ്പാരങ്ങള്‍ കുന്നുകൂടി. ഇരുമ്പിന്റെ ഇലക്ട്രിക്കല്‍ പോസ്റ്റ് പോലും ചുരുണ്ടുകൂടി. അക്ഷരാര്‍ത്ഥത്തില്‍ പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കും വിധം നദിക്ക് വേണ്ടാത്തതെല്ലാം ഇന്ന് പമ്പ കവര്‍ന്നു. കലിയടങ്ങിയ പമ്പ വീണ്ടും മെലിഞ്ഞ് നിശബ്ദ്ദമായി ഒഴുകുന്നു.
ഇത് ഒരു തിരിച്ചറിവിന്റെ നിമിഷമാണ്. പമ്പാതീരത്തെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടണം. പുഴ കവര്‍ന്നെടുത്ത ഭാഗങ്ങള്‍ പൂര്‍ണ്ണമായും പമ്പയ്ക്ക് നല്‍കണം. പുഴ ഒരുക്കിത്തന്ന ഏക്കര്‍ കണക്കിന് മണല്‍ത്തിട്ട ഭക്തന്മാര്ക്ക് വിരിവെയ്ക്കാനും വിശ്രമിക്കാനും പ്രയോജനപ്പെടുത്തണം. കോണ്‍ക്രീറ്റ് കൂടാരങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കി പമ്പയെ പുനര്ജ്ജീവിപ്പിക്കണം. മണ്ണ് വാരി ഹില്ടോപ്പിലിടുന്നത് ശാസ്ത്രീയമല്ല. മഴക്കാലത്ത് അത് ഒഴുകി താഴെക്കെത്തും. തന്നെയുമല്ല മാസങ്ങളോളം നീളുന്ന കഠിനാദ്ധ്വാനവും ഭാരിച്ച ചെലവും വേണ്ടിവരും. മാലിന്യ കൂമ്പാരങ്ങളും കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും നീക്കംചെയ്ത് പൂര്‍ണ്ണമായും തീര്‍ത്ഥാടകര്‍ക്ക് വിരിവെയ്ക്കാനും വിശ്രമിക്കാനുമുള്ള സ്ഥലമായി പമ്പാതീരം സംരക്ഷിച്ചാല്‍ പാഴ്ചെലവ് ഒഴിവാക്കാം. ആയിരക്കണക്കിന് ഭക്തര്‍ക്ക് ഉപകാരവുമാകും.
പ്രളയജലം ഇറങ്ങിയപ്പോള്‍ത്തന്നെ യുദ്ധകാലാടിസ്ഥാനത്തില്‍ പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടതായിരുന്നു. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നൂറ് മടങ്ങ് ദുരിതമായിരിക്കും തീര്‍ത്ഥാടകര്‍ക്ക് അനുഭവിക്കേണ്ടിവരിക. അത്രഭയാനകമാണ് ത്രിവേണിയിലെ സ്ഥിതി. എത്ര ഭാരിച്ച തുക വേണ്ടിവന്നാലും അത് ലഭ്യമാക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ കേന്ദ്രഗവണ്മെന്റ് ചെയ്യുമെന്നു, സ്ഥലം സന്ദര്‍ശിച്ച കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞിരുന്നു.
മണ്ഡലകാലത്തെ പമ്പാസ്നാനവും, പമ്പാവിളക്കും, പമ്പാസദ്യയും, പിതൃതര്‍പ്പണവും പൂജയും, ബലിയും തീര്‍ത്ഥാടകര്‍ക്ക് ഒഴിവാക്കാന്‍ കഴിയാത്ത ആചാരാനുഷ്ഠാനങ്ങളാണ്. പ്രകൃതി ത്രിവേണിയില്‍ നടത്തിയ കുടിയൊഴിപ്പിക്കലിന് മുമ്പ് തന്നെ പമ്പയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നു ആവശ്യമുയര്‍ന്നിരുന്നു. ഇന്നിപ്പോള്‍ അത് അനിവാര്യമായിത്തീര്‍ന്നു.
പമ്പയിലെ തിക്കുംതിരക്കും ഒഴിവാക്കാനും പമ്പയെ മാലിന്യവിമുക്തമാക്കാനും വേണ്ടിയാണ് 2005ല്‍ നിലയ്ക്കലില്‍ 250 ഏക്കര്‍ വനഭൂമി ദേവസ്വത്തിന് വിട്ടുനല്‍കിയത്. ദേവസ്വം ബോര്‍ഡ് ഇന്നും ഈ സ്ഥലം കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയിട്ടില്ല. ശബരിമലയിലേയും പമ്പയിലേയും പരിസ്ഥിതി സംരക്ഷിക്കുന്നതിന് 1998ലെ നിയമസഭാ പരിസ്ഥിതി കമ്മറ്റി തയ്യാറാക്കിയ മാസ്റ്റര്‍പ്ലാനും ജസ്റ്റിസ് ചന്ദ്രശേഖരമേനോന്റെ ശബരിമല റിപ്പോര്‍ട്ടും 2003ല്‍ പാസ്സാക്കിയ പമ്പാ ആക്ഷന്‍പ്ലാനും ഇന്നും ചുവപ്പ്നാടയിലാണ്. പമ്പാ ആക്ഷന്‍പ്ലാനിന്റെ 70%ചെലവും കേന്ദ്രഗവണ്മെന്റ് നല്കാന് തയ്യാറാണെന്ന് അറിയിച്ചിട്ടും ഇതുവരെ അതിന് തുടക്കം കുറിക്കാന്‍ സാധിച്ചിട്ടില്ല. കേരളത്തിലെ 44 നദികളില്‍ പമ്പമാത്രമാണ് ദേശീയ നദീസംരക്ഷണപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2016ല്‍ കേന്ദ്രസര്‍ക്കാര്‍ 150 കോടി രൂപ ഇതിനായി അനുവദിച്ചിരുന്നു. നാമമാത്രമായ തുകയാണ് പദ്ധതി വിഹിതമായി ചെലവഴിച്ചത്. ആക്ഷന്‍പ്ലാന്‍ നടപ്പാക്കാന്‍ നോഡല്‍ ഏജന്‍സിയായി 2003 നവംബറില്‍ കേരള വാട്ടര്‍ അതോറിറ്റിയെ നിശ്ചയിച്ചെങ്കിലും തുടര്‍പ്രവര്‍ത്തനം കാര്യക്ഷമമായി നടന്നില്ല.
പിന്നിട്ട നാഴികയുടെ ദൈര്‍ഘ്യം നോക്കാതെ മുന്നോട്ടുള്ള പാതയുടെ നീളം നോക്കുന്നതാണ് ഉത്തമം. ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഒരു തീര്‍ത്ഥാടന കാലം അടുത്ത് നില്ക്കുമ്പോള് പമ്പയുടെ ശുദ്ധീകരണത്തോടൊപ്പം നിലയ്ക്കല്‍ കേന്ദ്രമാക്കി ഭക്തജനങ്ങള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ അടിയന്തരമായി ദേവസ്വം ബോര്‍ഡും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ഒന്നിച്ച് നിന്നെങ്കിലേ മതിയാകൂ. പമ്പയില്‍ ടാറ്റാ പ്രോജക്ട് ലിമിറ്റഡിന്റെ നാല് മണ്ണ്മാന്തി യന്ത്രങ്ങള്‍ രാപ്പകല്‍ ജോലി ചെയ്യുന്നത് ഒഴിച്ചാല്‍ ഫലപ്രദമായ നടപടികള്‍ ഒന്നും നടക്കുന്നില്ല. പമ്പയിലെ മാലിന്യകൂമ്പാരം പോലും തീര്‍ത്ഥാടനകാലത്ത് മുമ്പ് വൃത്തി യാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷയില്ല. അതുകണ്ട് സമാന്തരമായി നിലയ്ക്കല്‍ കേന്ദ്രീകരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്താനുള്ള പണികള്‍ ആരംഭിക്കണം.
2017 നവംബര്‍ 17ന് മലചവിട്ടിയ ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന് അന്ന് നല്കിയ നാല് പ്രധാന പദ്ധതികളായ സ്ത്രീകള്‍ക്കുള്ള കുളിമുറികള്‍, സന്നിധാനത്ത് ശുദ്ധജല ക്ഷാമം പരിഹരിക്കാന്‍ ശുദ്ധജലസംഭരണി, നിലയ്ക്കലില്‍ ആവശ്യമായ ശുചിമുറികള്‍, 24 മുറികളുള്ള പുണ്യദര്‍ശന കോംപ്ലക്സ് എന്നിവയെങ്കിലും പണിതുടങ്ങേണ്ടതാണ്. കൂടാതെ ഭക്തജനങ്ങളുടെ അടിയന്തര ആവശ്യങ്ങളുടെ മുന്‍ഗണനാപട്ടിക തയ്യാറാക്കി സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്യുവാനും ചെയ്യിക്കുവാനും ദേവസ്വം ബോര്‍ഡും ഇതര സര്‍ക്കാര്‍ വകുപ്പുകളും കൈകോര്‍ത്ത് ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഈ തീര്‍ത്ഥാടനകാലം ഭക്തജനങ്ങളെ ഗുരുതരമായ പ്രതിസന്ധികളിലാക്കുകയും കാര്യങ്ങള്‍ കൈവിട്ടുപോകുകയും ചെയ്യുമെന്ന് പറയാതെ വയ്യ.
രവീന്ദ്രവര്‍മ്മ അംബാനിലയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: