ദേഹാത്മബുദ്ധിയാണ് മനസ്സ് എന്നത് തെറ്റായുള്ള തോന്നലാണ്. അതിന്റെ ഫലമായി അഹന്തയും തെറ്റായ പ്രപഞ്ചത്തോന്നലും ഉണ്ടാകുന്നു. അഹന്തയാകുന്ന മിഥ്യയൊഴിഞ്ഞാല്‍ ഉള്ളതുപോലെ പ്രകാശിക്കും. അതെപ്പോഴും എല്ലാവരിലും പ്രകാശിച്ചുകൊണ്ടിരിക്കുന്നതാണ്. പുത്തനായി തോന്നുന്നതല്ല. താനുണ്ടെന്നറിയാത്തവരാരാണ്? മറ്റെല്ലാ തോന്നലുകളുമറ്റാലും ഈ തോന്നലുണ്ടായിരിക്കും. അഹന്തയാണെങ്കില്‍ വിഷയങ്ങളോടു ചേര്‍ന്നേ തോന്നപ്പെടുകയുള്ളൂ. താനേ തനിക്കു വിഷയമായി നി
ല്‍ക്കുന്നതാണത്. തോന്നുന്നത് സത്യമല്ല. അവയ്ക്ക് സാക്ഷിയായി തോന്നാതെ എന്നുമിരിക്കുന്നതാണ് സത്യം. നമ്മെ ദേഹാദി വിഷയങ്ങളോടു ബന്ധപ്പെടുത്താന്‍ പാടില്ല. ഈ ചേര്‍ച്ച തോന്നിപ്പിക്കുന്നതുതന്നെ അഹന്തയാണ്. അഹന്തമൂലം പ്രപഞ്ചത്തോന്നലും വ്യവഹാരങ്ങളും അനര്‍ഥങ്ങളും ഏര്‍പ്പെടുന്നു. സഗുണങ്ങളായിത്തോന്നുന്നവയൊന്നും നാമല്ല. മിഥ്യാസങ്കല്പ്പങ്ങളോടു സംബന്ധപ്പെടാതെ നിന്നാല്‍ സത്യ സ്വരൂപം താനേ വിളങ്ങും. ആത്മാവു നിത്യസത്യം, എന്നും എങ്ങും താനേ പ്രകാശിക്കുമെന്നും പറയുന്ന ശാസ്ത്രങ്ങള്‍ അജ്ഞാനവൃത്തിയെപ്പറ്റിയും പറയുന്നു. ആത്മാവെപ്പോഴും പ്രകാശിക്കുകയാണെങ്കില്‍ അജ്ഞാനമെന്നൊന്നെങ്ങനെ വന്നു ചാടുന്നു ആര്‍ക്ക്? ഇതു യോജിക്കുന്നില്ല. പക്ഷെ ഒരു സത്യാന്വേഷിയുടെ നിലയില്‍ നിന്നു നോക്കുമ്പോള്‍ അവനതുണ്ട്.
അന്വേഷണത്തിനുപകാരപ്പെടുകയും ചെയ്യുന്നു. ‘നീയോ, ഞാനോ, വേറൊരുവരോ’ എല്ലാം ഒന്നുതന്നെ. ജനനമില്ല. മരണമില്ല എന്ന സത്യത്തെ പച്ചക്കു പറഞ്ഞാല്‍ അവനു മനസ്സിലാവുകയില്ല. കൃഷ്ണഭഗവാന് ആദ്യം അര്‍ജ്ജുനനു ഈ ഉള്ളത് ഉള്ളതുപോലെ ഉപദേശിച്ചു. അര്‍ജ്ജുനനത് ഗ്രഹിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് മറ്റു പല വിധത്തിലും വിസ്തരിക്കേണ്ടിവന്നു. എന്നാലും ശരീരത്തോടുകൂടി നില്ക്കുന്ന തന്റെ യഥാര്‍ഥ സ്വരൂപത്തെ അറിയാനാളില്ല. എങ്കിലും എനിക്കു ജനനമോ മരണമോ ഇല്ലെന്നു വീണ്ടും പറയുന്നുണ്ട്. സത്യത്തെ അത്രത്തോളം വളച്ചുകെട്ടിപ്പറയേണ്ടിവന്നു.
താനേ താന്‍ എന്ന ആത്മാവ് ഇതായിട്ടോ അതായിട്ടോ ഇരിക്കുന്നില്ല. കേവല സന്മാത്രമാണ് താന്‍. ഉള്ളത് അജ്ഞാനം അവിടെ ഒടുങ്ങുന്നു. അജ്ഞാനം ആര്‍ക്കെന്നന്വേഷിക്കൂ. നിങ്ങള്‍ ഉണരുമ്പോള്‍ അഹന്ത കൂടെയുണ്ട്. ഉറക്കത്തില്‍ ഞാനുറങ്ങുകയാണെന്നു നിങ്ങള്‍ പറയുന്നില്ല. ഉണരുമെന്നോ വളരെനേരം ഉറങ്ങിയെന്നോ പറയുന്നില്ല. എന്നാലും ഉണര്‍ന്ന നിങ്ങള്‍ ഉറങ്ങിയപ്പോഴും ഉണ്ടായിരുന്നു. ഉണര്‍ന്നപ്പോള്‍ മാത്രം ഉറങ്ങിയെന്നു പറഞ്ഞു. ഉണര്ച്ചയിലും ഉറക്കം അടങ്ങിയിരിക്കുകയാണ്. നമ്മുടെ സന്മാത്രത്തെ നാമറിയണം. ദേഹത്തെക്കൂടി ചേര്‍ത്തുവച്ചുകൊണ്ട് കുഴങ്ങരുത്. ദേഹം വിചാരത്തിന്റെ സന്തതിയാണ്. വിചാരം പതിവുപോലെ നമ്മെ ബാധിച്ചേക്കും. ഉറങ്ങുമ്പോള്‍ ശരീരമെന്നോ, ഈ ലോകമെന്നോ ഒന്നുമില്ല. അതുപോലെ എപ്പോഴും ഇരിക്കാമല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: