ന്യൂദല്‍ഹി: ഇന്ത്യയുടെ ഉരുക്കുമനുഷ്യന് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സംഭാവനകളെ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ദാര്‍ പട്ടേലിന്റെ ഈ വര്‍ഷത്തെ ജന്മവാര്‍ഷികം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണെന്നും, ഏകതാ ശില്‍പ്പം അദ്ദേഹത്തോട് രാജ്യത്തിനുള്ള ആദരം സൂചിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒക്ടോബര്‍ 31ന് നടക്കുന്ന ‘റണ്‍ ഫോര്‍ യൂണിറ്റി’യുടെ ഭാഗമാകാനും അദ്ദേഹം രാജ്യത്തെ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. മന് കി ബാത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇന്ത്യയെ ഒന്നിപ്പിച്ച് നേതാവാണ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍. ഉരുക്ക് മനുഷ്യനെന്ന് വിശേഷിപ്പിക്കപ്പെടുന്ന നേതാവിനോടുള്ള ആദരം പ്രകടിപ്പിക്കാനുള്ള അവസരം യുവാക്കള്‍ പ്രയോജനപ്പെടുത്തണം – പ്രധാനമന്ത്രി പറഞ്ഞു.
ഹോക്കിയിലെ സുവര്ണദിനങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ധ്യാന്‍ചന്ദ്, ബല്‍വിന്ദര്‍ സിംഗ്, ധന്‍രാജ് പിള്ളൈ തുടങ്ങിയ താരങ്ങള്‍ രാജ്യത്തിന്റെ മികച്ച സംഭാവനയാണെന്നും മോദി പറഞ്ഞു. ഭുവനേശ്വറില്‍ നടക്കാനിരിക്കുന്ന ലോക കപ്പ് ഹോക്കി മത്സരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള കായിക താരങ്ങള്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
നവംബര്‍ 11ന് ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ നൂറാം വാര്‍ഷികമാണ്. ലോക മഹായുദ്ധത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സൈനികരും പങ്കെടുത്തിരുന്നു. അവര്‍ ധീരമായി പോരാടി. ജക്കാര്‍ത്തയില്‍ നടന്ന പാരാലിമ്പിക്സ് മത്സരങ്ങളില്‍ പങ്കെടുത്തവരെ കാണാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. 72 മെഡലുകള്‍ നേടി പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചവരെ അഭിനന്ദിക്കുന്നു. പരിമിതികളെ അവരുടെ സ്വപ്രയത്നം കൊണ്ട് മറികടന്ന് ഇവര്‍ എല്ലാവര്ക്കും പ്രചോദനമായെന്ന് അദ്ദേഹം പറഞ്ഞു.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബര്‍ 31നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകതാ ശില്‍പ്പം ഉദ്ഘാടനം ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ശില്‍പ്പമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: