കണ്ണൂർ : അയ്യപ്പഭക്തന്മാരെ അടിച്ചമർത്താൻ ശ്രമിച്ചാൽ പിണറായി സർക്കാരിനെ താഴെയിടാൻ മടിക്കില്ലെന്ന മുന്നറിയിപ്പുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. കേരളത്തില്‍ സര്‍ക്കാറിന്റെയും പോലീസിന്റെയും ശക്തി കൊണ്ട് വിശ്വാസികളെ അടിച്ചമര്‍ത്താനാണ് ലക്ഷ്യമെങ്കില്‍ സര്‍ക്കാര്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും അമിത് ഷാ പറഞ്ഞു. കണ്ണൂരില്‍ ബി.ജെ.പി ഓഫീസായ മാരാര്‍ജി ഭവന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നടപ്പാക്കാന്‍ കഴിയുന്ന വിധി മാത്രം കോടതി നടപ്പാക്കാന്‍ ശ്രമിക്കണം. ക്ഷേത്ര ദർശനത്തിലൂടെയല്ല സ്ത്രീപുരുഷ സമത്വം നടപ്പാക്കേണ്ടത്. അയ്യപ്പ ഭക്തന്മാരെ അടിച്ചമർത്താനുള്ള സർക്കാരിന്റെ നീക്കം തീക്കളിയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അയ്യപ്പ സ്വാമിക്ക് ഉറക്കെ ശരണം വിളിക്കാന്‍ അണികളോട് ആഹ്വാനം ചെയ്ത് കൊണ്ടാണ് അമിത് ഷാ പ്രസംഗം തുടങ്ങിയത്. പ്രസംഗത്തിടനീളം ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ നിലപാട് പാര്‍ട്ടി അദ്ധ്യക്ഷന്‍ വ്യക്തമാക്കി കൊണ്ടിരുന്നു.
ഹിന്ദു ആചാരങ്ങളില്‍ സ്ത്രീകള്‍ക്ക് എപ്പോഴും തുല്യ പരിഗണനയാണ്. നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യം മുഴുവന്‍ ആയിരക്കണക്കിന് അയ്യപ്പക്ഷേത്രമുണ്ട്. ശബരിമലയില്‍ മാത്രമാണ് യുവതികള്‍ക്ക് വിലക്ക്. അത് അയ്യപ്പന്‍ നൈഷ്ടിക ബ്രഹ്മചാരിയായത് കൊണ്ടാണ്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പോരാടിയവരാണ് ഹിന്ദു വിഭാഗങ്ങള്‍. ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ ഏതറ്റവും പോകാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിധിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ അടിയന്തരാവസ്ഥ നടപ്പിലാക്കുകയാണ്. ആയിരമോ രണ്ടായിരമോ ഡിവൈഎഫ്ഐ പ്രവർത്തകരെ വച്ച് അയപ്പഭക്തരെയോബിജെപി പ്രവർത്തകരെയോ നേരിടാൻ ശ്രമിച്ചാൽ അതിനെ എതിർത്ത് ഈ രാജ്യം മുഴുവൻ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് ശബരിമലയില്‍ ഭക്തരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ പിണറായി സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ ബിജെപി മടിക്കില്ല. ബിജെപിയുടെ ദേശീയ ശക്തി മുഴുവന്‍ ഭക്തര്‍ക്കൊപ്പം നിലകൊള്ളും. ശബരിമലയില്‍ പ്രതിഷേധം നടത്തിയ രണ്ടായിരത്തോളം ബിജെപി, ബിഡിജെഎസ് പ്രവര്‍ത്തകരെ പോലീസ് പിടികൂടിയത് എന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പഭക്തരുടെ ആചാരാനുഷ്‌ടാനങ്ങള്‍ സംരക്ഷിക്കാന്‍ ഈ മാസം 30 മുതല്‍ ബിജെപി വിവിധ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള, ഒ.രാജഗോപാൽ. എംഎൽഎ, വി മുരളീധരൻ എം.പി, പി.കെ കൃഷ്ണദാസ്, സി.കെ.പത്മനാഭൻ, കെ.വി. ധരൻ മാസ്റ്റർ തുടങ്ങി നിരവധി നേതാക്കൾ ചടങ്ങില്‍ സംബന്ധിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: