ന്യൂദല്‍ഹി: ഛത്തീസ്ഗഡില്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം തുടരുമെന്ന് ഇന്ത്യ ടിവി-സിന്‍എക്സ് സര്‍വ്വെ. രമണ്‍ സിങ്ങ് നാലാമതും മുഖ്യമന്ത്രിയാകും. 90 അംഗ നിയമസഭയില്‍ ബിജെപി 45 മുതല്‍ 55 വരെ സീറ്റ് നേടും. കോണ്‍ഗ്രസ് 25 മുതല്‍ 35 വരെ സീറ്റിലൊതുങ്ങും. അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡ്-ബിഎസ്പി സഖ്യം ഒമ്പത് സീറ്റുകള്‍ നേടും. ബാക്കി സീറ്റുകളില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കും സ്വതന്ത്രര്‍ക്കുമാണ് സാധ്യത.
2013ല്‍ 49 സീറ്റുകള്‍ നേടിയാണ് ബിജെപി ഭരണം തുടര്‍ന്നത്. കോണ്‍ഗ്രസ്സിന് 39 സീറ്റുകളും ലഭിച്ചു. നവംബര്‍ 12, 20 തീയ്യതികളില്‍ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഡിസംബര്‍ 11ന് ഫലം പ്രഖ്യാപിക്കും. മധ്യപ്രദേശും ബിജെപി നിലനിര്‍ത്തുമെന്ന് നേരത്തെ പുറത്തിറങ്ങിയ ഇന്ത്യ ടിവി-സിന്‍എക്സ് സര്‍വ്വെ വ്യക്തമാക്കിയിരുന്നു.
ബിജെപിയുടെ വോട്ട് ശതമാനം 41.04ല്‍നിന്നും 42.2 ശതമാനമായി വര്‍ദ്ധിക്കുമെന്ന് സര്‍വ്വെ പറയുന്നു. കോണ്‍ഗ്രസ്സിന്റേത് 40.29ല്‍നിന്നും 37.21 ശതമാനമായി കുറയും. ബിഎസ്പി-അജിത് ജോഗി സഖ്യത്തിന് 6.38 ശതമാനം വോട്ടുകള്‍ ലഭിക്കും. വികസനമാണ് തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമെന്ന് 35.9 ശതമാനം ആളുകള്‍ അഭിപ്രായപ്പെടുന്നു.
2003 മുതല്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന രമണ്‍ സിങ്ങിനാണ് ഇത്തവണയും ഏറ്റവുമധികം പിന്തുണ. സര്‍വ്വെയില്‍ പങ്കെടുത്ത 40.71 ശതമാനം വോട്ടര്‍മാരും രമണ്‍സിങ്ങിനെ പിന്തുണക്കുന്നു. കോണ്‍ഗ്രസ് നേതാവ് ഭൂപേഷ് ബാഗലിന് 19.2 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. മുഖ്യമന്ത്രിയെന്ന നിലയില്‍ രമണ്‍സിങ്ങിന്റെ പ്രവര്‍ത്തനം വോട്ടര്‍മാര്‍ വിലിയിരുത്തിയത് ഇങ്ങനെ: വളരെ മികച്ചത്-30.42%. മികച്ചത്-15.1%. ശരാശരി-7.72%. മോശം-19.63%. വളരെ മോശം-17.55%. പറയാനാകില്ല-9.58%.
പ്രതികരിക്കാൻ ഇവിടെ എഴുതുക: