ലണ്ടന്‍: സ്റ്റാര്‍ സ്ട്രൈക്കര്‍ മുഹമ്മദ് സല വീണ്ടും ഗോളടി തുടങ്ങി. ലിവര്‍പൂളിനായി അമ്പതാം ഗോള്‍ നേടി ഈ ഈജിപ്ഷ്യന്‍ താരം ടീമിന് വിജയവും സമ്മാനിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ മടക്കമില്ലാത്ത നാല് ഗോളുകള്‍ക്ക് ലിവര്‍പൂള്‍ , റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ തോല്‍പ്പിച്ചു. രണ്ട് ഗോളും സലയുടെ ബൂട്ടില്‍ നിന്നാണ് പിറന്നത്. ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ സലയുടെ ആദ്യ ഗോളുകളാണിത്.
ഈ വിജയത്തോടെ ലിവര്‍പൂള്‍ മൂന്ന് മത്സരങ്ങളില്‍ ആറു പോയിന്റുമായി ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്തെത്തി.
ഇരുപതാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോ ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ സല ലക്ഷ്യം കണ്ടു. ഇടവേളയ്ക്ക് ലിവര്‍പുള്‍ 2-0 ന് മുന്നില്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സല പെനാല്‍റ്റിയിലൂടെ തന്റെ രണ്ടാം ഗോള്‍ കുറിച്ചു. 80-ാം മിനിറ്റില്‍ സാദിയോ മാനെ ലിവര്‍പൂളിന്റെ നാലാം ഗോളും നേടി.
പാരീസില്‍ നടന്ന മറ്റൊരു ഗ്രൂപ്പ് സി മത്സരത്തില്‍ പാരീസ് സെന്റ് ജര്മയിന്സി (പി.എസ്.ജി) നെ നാപ്പോളി സമനിലയില്‍ പിടിച്ചുനിര്‍ത്തി 2-2. രണ്ടാം പകുതിയുടെ അധികസമയത്ത് ഡി മാറിയ നേടിയ ഗോളിലാണ് പിഎസ്ജി നാപ്പോളിക്കൊപ്പം എത്തിയത്. മരിയോ റൂയിയാണ് പിഎസ്ജിയുടെ ആദ്യ ഗോള്‍ അടിച്ചത്. നാപ്പോളിക്കുവേണ്ടി ഇന്സൈന്, മെര്‍ട്ടന്‍സ് എന്നിവര്‍ ലക്ഷ്യം കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: