മുംബൈ: സെഞ്ചുറി കുറിച്ച് റെക്കോഡിട്ട മിതാലി രാജിന്റെ മികവില്‍ ഇന്ത്യ എ ഓസ്ട്രേലിയ എ യെ രണ്ടാം മത്സരത്തില്‍ 28 റണ്‍സിന് തോല്‍പ്പിച്ച് മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര സ്വന്തമാക്കി.
അടിച്ചുതകര്‍ത്ത മിതാലി രാജ് 105 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ട്വന്റി 20യില്‍ ഒരു ഇന്ത്യന്‍ വനിതാ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണിത്. ഇതോടെ സ്മൃതി മന്ദാന നേടിയ 102 റണ്‍സിന്റെ റെക്കോഡ് പഴങ്കഥയായി.
61 പന്തിലാണ് മിതാലി 105 റണ്‍സ് അടിച്ചെടുത്തത്. 31 പന്തില്‍ അര്‍ധ സെഞ്ചുറി കുറിച്ച മിതാലി 59 പന്തില്‍ നൂറ് തികച്ചു. പതിനെട്ട് ഫോറും ആറ് സിക്സറും അടിച്ചു.
മിതാലിയുടെ ഈ മിന്നും പ്രകടനത്തില്‍ ഇന്ത്യ എ 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 184 റണ്‍സ് എടുത്തു. 185 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റ് ചെയ്ത ഓസ്ട്രേലിയ എ യെ ഇന്ത്യന്‍ ബൗളര്‍മാര്‍ ഫലപ്രദമായി തടഞ്ഞു. നിശ്ചിത ഓവറില്‍ അവര്‍ക്ക് ഒമ്പത് വിക്കറ്റിന് 156 റണ്‍സ് നേടാനേ കഴിഞ്ഞൂള്ളൂ.
സ്മൃതി (1), ജെമീമ (5), ഹേമലത (2), അനൂജ പാട്ടീല്‍ (0) എന്നിവര്‍ അനായാസം കീഴടങ്ങിയെങ്കിലും മിതാലി പൊരുതി നിന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മിതാലിക്ക് പിന്തുണ നല്കി. 33 പന്തില്‍ 57 റണ്‍സ് നേടി. കൗര്‍ ആറ് ഫോറും മൂന്ന് സിക്സറും അടിച്ചു.
ഓസ്ട്രേലിയന്‍ എ ടീമില്‍ തഹില മക്്ഗ്രത്ത് മാത്രമാണ് ചെറുത്ത് നിന്നത്. താഹില 47 റണ്‍സ് നേടി. ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ ദീപ്തി ശര്‍മ, പൂനം യാദവ്, അനൂജ പാട്ടില്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: