കോട്ടക്കല്‍: ശബരിമലയില്‍ മനഃപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാനെത്തുന്ന അവിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. കോട്ടക്കലില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തിനും അന്പതിനുമിടയില് പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാനാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്.
വിശ്വാസികളുടെ പ്രശ്നം പരിഗണിച്ചാണ് ഇത്തരമൊരു വിധി പ്രസ്താവിച്ചത്. മതസൗഹാര്‍ദ്ദം തകര്‍ക്കാനായി ആര്‍ക്കും ഓടിച്ചെന്ന് കയറാവുന്ന കേന്ദ്രമല്ല ശബരിമല. അത് വിശ്വാസികളുടെ ഇടമാണ്. പ്രശ്നം ഉണ്ടാക്കാനും മതസൗഹാര്‍ദ്ദം തകര്‍ക്കാനും ലക്ഷ്യമിട്ട് ശബരിമലക്ക് പോകുന്നവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കരുത്.
ശബരിമലയിലെ ആചാരങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അത് തകര്‍ക്കാനുള്ള ചിലരുടെ ശ്രമം നമ്മുടെ സാമൂഹത്തിന് ഭൂഷണമല്ല. പവിത്രമായ ക്ഷേത്രാന്തരീക്ഷത്തിന് യുവതീപ്രവേശനം കളങ്കം സൃഷ്ടിക്കുമെങ്കില്‍ ആരും അതിന് തയ്യാറാകരുതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ശബരിമലയെ കൂടാതെ മറ്റ് ധാരാളം അയ്യപ്പക്ഷേത്രങ്ങളുണ്ട്. അവിടെയെല്ലാം യുവതികള്‍ക്ക് പ്രവേശനവുമുണ്ട്. ശബരിമലയിലെ അയ്യപ്പന് വേറൊരു ഭാവമാണ്, നൈഷ്ഠികബ്രഹ്മചാരിയായ അയ്യപ്പന്റെ ആചാരങ്ങള്‍ തകിടംമറക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്നും കെമാല്‍ പാഷ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: