ജലന്തര്‍: പഞ്ചാബില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി വൈദികന് ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. വൈദികന്റെ ബന്ധുക്കള്‍ മരണം നടന്ന ദസൂയയില്‍ എത്തിയ ശേഷമാകും നടപടികള്‍. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്നാണ് പൊലീസ് പോസ്റ്റ്മോര്‍ട്ടം മാറ്റിവച്ചത്.
ഹോഷിയാപൂര്‍ ജില്ലയില്‍പെട്ട ദസൂയയിലെ സിവില്‍ ഹോസ്പിറ്റലിലാണു ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കേരളത്തില്‍നിന്നു സഹോദരനടക്കമുള്ള ബന്ധുക്കള്‍ പഞ്ചാബില്‍ എത്തിയശേഷമേ പോസ്റ്റ്മോര്‍ട്ടം നടത്തൂ എന്നാണ് പഞ്ചാബ് പോലീസിന്റെ അറിയിപ്പ്.
തിങ്കളാഴ്ച രാവിലെ 10 മണിയോടെ ദസൂയ സെന്റ് പോള്‍സ് പള്ളിക്കു സമീപത്തുള്ള സ്വന്തം മുറിയിലാണു വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലില്‍ ഛര്‍ദ്ദിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിനു സമീപത്തുനിന്നു രക്തസമ്മര്‍ദ്ദത്തിന്റെ ഗുളികളും പോലീസ് കണ്ടെടുത്തു.
നിലവില്‍ മരണത്തില്‍ അസ്വഭാവികതയില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം ഗൗരവമുണ്ടെങ്കില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നാണ് പഞ്ചാബ് പോലീസിന്റെ നിലപാട്. കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ ഫാദര്‍ കുര്യാക്കോസ് കാട്ടുതറ മൊഴി നല്‍കിയിരുന്നു. തന്റെ ജീവനു ഭീഷണിയുള്ളതായി വൈദീകന് ബന്ധുക്കളോടും സഹപ്രവര്‍ത്തകരോടും ആശങ്കപ്പെട്ടിരുന്നതായാണു വിവരം
അതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണു ബന്ധുക്കളുടെ ആരോപണം. ഈ പശ്ചാത്തലത്തില്‍ പോസ്റ്റുമോര്‍ട്ടത്തിനായി ഡോക്ടര്‍മാരുടെ ബോര്‍ഡ് രൂപീകരിക്കാനും പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റിനു ശേഷം കടുത്ത മാനസികസമ്മര്‍ദ്ദിലായിരുന്നു ഫാദര്‍ കുര്യാക്കോസെന്ന് ഇദ്ദേഹവുമായി അടുത്തു ബന്ധമുള്ള വൈദികരും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: