തിരുവനന്തപുരം: ശബരിമലയില്‍ എന്തു വില കൊടുത്തും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തിന് പോലീസിന്റെ നിലപാട് തിരിച്ചടിയായി. താന്‍ കേരളത്തിലെത്തുന്ന ദിവസം എന്തു വിലകൊടുത്തും ശബരിമലയില്‍ സ്ത്രീപ്രവേശനം നടപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം നടപ്പാക്കിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും തങ്ങള്‍ക്ക് നിയന്ത്രിക്കാനാവാത്ത സ്ഥിതിയാകുമെന്നുമുള്ള പോലീസ് നിലപാടാണ് പിണറായി വിജയന് അവസാന നിമിഷം ദുര്‍വാശി ഉപേക്ഷിക്കാന്‍ കാരണമായത്. ഇക്കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹറയും പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയും ഉറക്കമിളച്ചാണ് മുഖ്യമന്ത്രിയെ കാത്തിരുന്നത്.
പുലര്‍ച്ചെ രണ്ടു മണിക്ക് തലസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രിയെ എയര്‍പോര്‍ട്ടില്‍ കാത്തിരുന്നാണ് ഉദ്യോഗസ്ഥര്‍ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയത്. രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളും സന്നിധാനത്ത് പോലീസ് നടപടി വരുത്താവുന്ന ഭവിഷ്യത്തുകളെക്കുറിച്ചും ഇവര്‍ പിണറായിയെ ബോധിപ്പിച്ചു. രാവിലെ ഓഫീസിലെത്തി ഇന്റലിജന്‍സ് മേധാവി ടി.കെ. വിനോദ്കുമാര്‍ സാഹചര്യങ്ങള്‍ വിശദമാക്കി റിപ്പോര്‍ട്ടും നല്കി.
സമാധാനപരമായി സ്ത്രീകളെ നടയില്‍ പ്രവേശിപ്പിക്കാനാവില്ലെന്നും ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടാവുമെന്നും പറഞ്ഞു. ശബരിമലയില്‍ പോലീസ് നടപടിയുണ്ടായാല്‍ സംസ്ഥാനവ്യാപകമായി പ്രതിഷേധങ്ങള്‍ ഉണ്ടാവുമെന്നും ഇത് സര്‍ക്കാരിന് ഗുണകരമാവില്ലെന്നും വ്യക്തമാക്കി. അഞ്ചുദിവസത്തെ സാഹചര്യങ്ങളും ഇന്റലിജന്‍സ് മേധാവി വിവരിച്ചു. ഇതോടെയാണ് പിണറായി അയഞ്ഞത്.
നട അടയ്ക്കുന്ന ദിവസം കൂടുതല്‍ പോലീസിനെ വിന്യസിച്ചും മാധ്യമങ്ങളെ ഒഴിവാക്കിയും വിധി നടപ്പാക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. എന്നാല്‍ ശബരിമല ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ വിയോജിപ്പ് ഉന്നതഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്നാണ് ഡിജിപിയും പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയും മുഖ്യമന്ത്രിയെ അര്‍ധരാത്രി തന്നെ എയര്‍പോര്‍ട്ടിലെത്തി കാര്യങ്ങള്‍ ധരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: