കൊച്ചി: പോലീസ് സിവില്‍ തര്‍ക്കത്തില്‍ നടപടി സ്വീകരിക്കരുതെന്ന ഉത്തരവ് നിലനില്‍ക്കെ നിയമവിരുദ്ധമായി ഇടപെട്ട തൊടുപുഴ സിഐ എന്‍.ജി. ശ്രീമോനെതിരെ കര്‍ശനമായ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിക്കാത്തതെന്തെന്ന് ഹൈക്കോടതി ചോദിച്ചു.
ഇതു സംബന്ധിച്ച് ഹര്‍ജി പരിഗണിക്കുന്ന അടുത്തമാസം ഒമ്പതിന് വ്യക്തമാക്കണമെന്ന് ഡിവിഷന് ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്കി. പോലീസ് പീഡനമാരോപിച്ച് തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശി ബേബിച്ചന് വര്‍ക്കി നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
ശ്രീമോനെതിരെ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഈ മാസം 10ന് കോടതി ഉത്തരവിട്ടിരുന്നു. ഇന്നലെ ഹൈക്കോടതി ഹര്‍ജികള്‍ പരിഗണിക്കെ ഇടപെടലുകള്‍ സംബന്ധിച്ച് ഐജിയും ആഭ്യന്തര സെക്രട്ടറിയും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ വൈരുധ്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
എന്നാല്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് നല്‍കിയതെന്ന് ഐജി അറിയിച്ചു. എന്തുകൊണ്ടാണ് വ്യത്യാസം വന്നതെന്ന് വ്യക്തമാക്കി സത്യവാങ്മൂലം നല്കാന് ഐജിയോട് കോടതി നിര്‍ദേശിച്ചു.
തൊടുപുഴ പോലീസിന്റെ അധികാര പരിധിയില്‍പ്പെടാത്ത ഭൂമിയും ആളുകളും ഉള്‍പ്പെട്ട തര്‍ക്കത്തില്‍ തൊടുപുഴ സിഐ ഇടപെടുന്നുവെന്നും പീഡിപ്പിക്കുന്നുവെന്നുമാരോപിച്ചാണ് ബേബിച്ചന് വര്‍ക്കി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട സിവില്‍ തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ ശ്രീമോന് ഇടപെട്ടെന്ന പരാതി അന്വേഷിക്കാന്‍ ഇന്റലിജന്‍സ് എഡിജിപിയെ ചുമതലപ്പെടുത്തിയിരുന്നതായി ആഭ്യന്തരവകുപ്പ് ജോയിന്റ് സെക്രട്ടറി നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
ഇങ്ങനെയൊരു കേസില്‍ ശ്രീമോന് ഇടപെടാന്‍ പാടില്ലായിരുന്നുവെന്നാണ് എഡിജിപിയുടെ റിപ്പോര്‍ട്ട് പറയുന്നത്. ഈ സാഹചര്യത്തില്‍ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി വ്യക്തമാക്കി അറിയിക്കാന്‍ ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: