കൊച്ചി: സ്ത്രീയെ അലങ്കാരവസ്തുവായി കാണുന്ന മനോഭാവമാണ് താരസംഘടനയായ ‘അമ്മ’യ്ക്കെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി). ഈ സമീപനം ദൗര്‍ഭാഗ്യകരമാണെന്നും മലയാള സിനിമാ ലോകത്തെ ലൈംഗിക അതിക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനും ചൂഷണങ്ങളെ നിസാരവല്ക്കരിക്കാനുള്ള ശ്രമങ്ങളോട് പ്രതിഷേധിക്കുന്നുവെന്നും ഡബ്ല്യൂസിസി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
രാജ്യം മി ടൂ പോലുള്ള തുറന്നുപറച്ചിലുകളെ ശക്തമായി പിന്തുണയ്ക്കുന്ന ഈ കാലത്ത് പരസ്പര വിരുദ്ധ പ്രസ്താവനകളും ഉള്‍പ്പോരുകളുമാണ് അമ്മയ്ക്കുള്ളിലെന്നും ഡബ്ല്യുസിസി കുറ്റപ്പെടുത്തി. കുറ്റാരോപിതനായ ദിലീപ് ഇപ്പോള്‍ അമ്മയുടെ അംഗമല്ലെന്ന വാര്‍ത്ത സ്വാഗതം ചെയ്യുന്നു. തങ്ങളുടെ ബൈലോ അനുസരിച്ചുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ എക്സിക്യൂട്ടീവ് കമ്മറ്റി കാണിച്ച വിമുഖതയില്‍ നിരാശയുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
അതിക്രമത്തെ അതിജീവിച്ച സഹപ്രവര്‍ത്തകയ്ക്കൊപ്പം മറ്റ് മൂന്ന് നടിമാരേയും രാജിവയ്ക്കാന്‍ പ്രേരിപ്പിച്ചത് കമ്മറ്റിയുടെ പക്ഷപാതപരമായ നിലപാടാണെന്ന വസ്തുത അമ്മ അവഗണിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു. അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറയാന്‍ ധൈര്യം കാണിച്ച ദിവ്യ ഗോപിനാഥ്, ശ്രീദേവിക, ശ്രുതി ഹരിഹരന് എന്നിവരുടെ ചെറുത്തുനില്‍പ്പില്‍ അവര്‍ക്കൊപ്പമുണ്ടാകുമെന്നും ഡബ്ല്യുസിസി വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: