കൊച്ചി: ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീം കോടതിവിധിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറിനെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ വാദം തെറ്റെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍. സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നില്ല.
മറിച്ച് വിശ്വാസികളുടെ വിശ്വാസത്തെ സംരക്ഷിച്ച് കലാപ അന്തരീക്ഷം ഒഴിവാക്കണമെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്. ഇതിനെ വളച്ചൊടിച്ച് സംസ്ഥാന സര്‍ക്കാര്‍ കുപ്രചരണം നടത്തുകയാണെന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്റേയും, ഇ.പി. ജയരാജിന്റേയും ഒത്താശയോടെയാണ് വിവിധ മതസ്ഥര്‍ മല ചവിട്ടിയതും, ശബരിമലയില്‍ കയറാനുളള നീക്കങ്ങള്‍ നടത്തിയതും. ദളിത് യുവതിയായ മഞ്്ജുവിനെ കയറ്റാനുള്ള നീക്കങ്ങള്‍ വ്യക്തമാക്കുന്നത് സിപിഎമ്മിന്റെ കുതന്ത്രമാണ്. പുരോഗമന വാദവും സവര്‍ണ്ണ അവര്‍ണ്ണ വേര്‍തിരിവ് ഉണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കമാണ് ഇതിലൂടെ സിപിഎം നടത്തുന്നത്. ഇതിനെതിരെ ബിജെപി ശക്തമായി പ്രതികരിക്കുമെന്നും വിശ്വാസത്തെ സംരക്ഷിക്കാന്‍ ഏതറ്റവും വരെ പോകാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
തന്ത്രിയെയും അയ്യപ്പനെയും പരിഹസിക്കുന്ന സിപിഎം നയം അവസാനിപ്പിക്കണമെന്നും, വിശ്വാസികളുടെ വിശ്വാസത്തെ സംരക്ഷിക്കാത്ത ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രാജിവെയ്‌ക്കണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഇതുവരെ ശബരിമലയില്‍ എത്തിയവര്‍ വിശ്വാസത്തോടെ വരുന്നവരല്ല. മറിച്ച് സര്‍ക്കാരിന്റെ നിലപാടുകള്‍ കൊണ്ട് എത്തിയവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, ജനറല്‍ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
















