കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് ദിലീപ് കാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പരാതി ലഭിച്ചിരുന്നതായി ഇടവേള ബാബുവിന്റെ മൊഴി. നടിയുടെ പരാതിയില്‍ കുറച്ച് വാസ്തവമുണ്ടെന്ന് തനിക്കും തോന്നിയിരുന്നു. ഇതിനെക്കുറിച്ച് ദിലീപിനോട് സംസാരിച്ചപ്പോള്‍ ആവശ്യമില്ലാത്ത കാര്യത്തില്‍ തലയിടുന്നത് എന്തിനാണെന്ന് ചോദിച്ചതായും ഇടവേള ബാബുവിന്റെ മൊഴിയില്‍ പറയുന്നു.
ഇരയായ നടിയും കാവ്യാ മാധവനും തമ്മില്‍ സ്റ്റേജ് ഷോ റിഹേഴ്സലിനിടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് വഴക്കുണ്ടായി. ഇതേത്തുടര്‍ന്ന് ദിലീപ് ഇരയായ നടിയോട് ദേഷ്യപ്പെട്ടതായി പറഞ്ഞുകേട്ടിട്ടുണ്ട്. നടന്‍ സിദ്ദിഖ് പ്രശ്നത്തില്‍ ഇടപെട്ട് സംസാരിച്ചിരുന്നു. അതിനുശേഷം ഇരയായ നടിയും കാവ്യയും തമ്മില്‍ സംസാരിച്ചിട്ടില്ലെന്നും ഇടവേള ബാബു നല്‍കിയ മൊഴിയില്‍ പറയുന്നു.
ഏതൊക്കെ സിനിമയില്‍ നിന്നാണ് ദിലീപ് ഒഴിവാക്കിയതെന്ന് പ്രത്യേകം പറഞ്ഞിട്ടില്ല. നടിയും ദിലീപും തമ്മിലുള്ള പ്രശ്നങ്ങള്‍ സംഘടന ചര്‍ച്ചചെയ്തിട്ടില്ല. താരങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട പരാതികള്‍ സംഘടനയില്‍ വരാറുണ്ട്. അതാത് സമയത്ത് പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിനാല്‍ രേഖയായി സൂക്ഷിക്കാറില്ലെന്നും ഇടവേള ബാബുവിന്റെ മൊഴിയിലുണ്ട്.
















