തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന്റെ നിലപാട് ദുഃഖകരമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര്‍ വര്‍മ. അതിനാലാണ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 19ന് മാത്രമേ ഇക്കാര്യം പരിഗണിക്കാനാവൂ എന്ന നിലപാടാണ് അവര്‍ കൈക്കൊണ്ടത്.
ബോര്‍ഡിന്റെ തീരുമാനത്തില്‍ തങ്ങള്‍ ഒട്ടും തൃപ്തരല്ല. വീണ്ടും ഈ വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും അതംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല. ശബരിമലയിലെ ആചാരങ്ങള്‍ മാറ്റരുത്. ബോര്‍ഡിന് ആത്മാര്‍ഥത ഉണ്ടായിരുന്നെങ്കില്‍ നേരത്തെ ചര്‍ച്ച നടത്താമായിരുന്നു. ശബരിമലയെ സംഘര്‍ഷഭൂമിയാക്കരുത്. മറ്റ് സംഘടനകളുമായി ആലോചിച്ച് തുടര്‍ന്ന് എന്തുവേണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
















