കോപ്പന്‍ഹേഗ്: ഡെന്മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് ആശ്വാസവും നിരാശയും. സൂപ്പര്‍താരം സിന്ധു ആദ്യ റൗണ്ടില്‍ അട്ടിമറിക്കപ്പെട്ടപ്പോള്‍ സൈന നെഹ്‌വാള്‍ രണ്ടാം റൗണ്ടിലെത്തി. അമേരിക്കയുടെ ബെയ്‌വെന്‍ ഷാങ് ആണ് മൂന്നാം സീഡ് സിന്ധുവിനെ അട്ടിമറിച്ചത്. 55 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ 21-17, 16-21, 21-18 എന്ന സ്‌കോറിനായിരുന്നു അമേരിക്കന്‍ താരത്തിന്റെ ജയം.
സിന്ധുവിനെതിരേ ഷാങ് നേടുന്ന തുടര്‍ച്ചയായ മൂന്നാം ജയമാണിത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഷാങ് അവസാനമായി സിന്ധുവിനെ തോല്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഇന്തോനീഷ്യ ഓപ്പണിലും ഷാങ് സിന്ധുവിനെ തോല്‍പിച്ചിരുന്നു.
വെള്ളി മെഡല്‍ നേടിയ ഏഷ്യന്‍ ഗെയിംസിനുശേഷം നടന്ന ജപ്പാന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടിലും ചൈന ഓപ്പണിന്റെ ക്വാര്‍ട്ടറിലും സിന്ധു തോല്‍ക്കുകയായിരുന്നു. ഹോങ്കോങ്ങിന്റെ ച്യുങ് നാന്‍ യിയെ കടുത്ത പോരാട്ടത്തിനൊടുവില്‍ മറികടന്നാണ് സൈന രണ്ടാം റൗണ്ടിലെത്തിയത്. ഒരു മണിക്കൂറും 21 മിനിറ്റും നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 20-22, 21-17, 24-22 എന്ന സ്‌കോറിനായിരുന്നു സൈനയുടെ വിജയം. ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷമായിരുന്നു സൈന വിജയം പിടിച്ചെടുത്തത്. രണ്ടാം സീഡ് ജപ്പാന്റെ അകാനെ യമാഗുച്ചിയാണ് അടുത്ത റൗണ്ടില്‍ സൈനയുടെ എതിരാളി.
















