കോഴിക്കോട്: ശബരിമല യുവതീ പ്രവേശനത്തിന്റെ മറവില്‍ സംഘര്‍ഷമുണ്ടാക്കാന്‍ സിപിഎം അണിയറയില്‍ ഒരുക്കം കൂട്ടുമ്പോള്‍ പിന്തുണയുമായി മാവോയിസ്റ്റ് സംഘങ്ങളും. ക്ഷേത്ര വിശ്വാസികളുടെ കനത്ത പ്രതിഷേധം ഉയരുമ്പോഴും മുന്‍കൂട്ടി തയാറാക്കി നിര്‍ത്തിയ യുവതികളെ ക്ഷേത്രത്തിലെത്തിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇതിനിടയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശബരിമലയ്‌ക്ക് പോകാന്‍ തയാറാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തുന്ന യുവതികളില്‍ പലരും മാവോയിസ്റ്റ് ബന്ധമുള്ളവരാണ്.
അധ്യാപികയായ ബിന്ദു ഇന്നലെ ശബരിമലക്ക് പോകാന്‍ തയാറാണെന്ന് ചാനലുകളിലൂടെ പ്രഖ്യാപിച്ചു. കോഴിക്കോട് കേന്ദ്രീകരിച്ച് 30 യുവതികള്‍ ശബരിമലയ്‌ക്ക് പോകാന്‍ തയാറെടുക്കുന്നെന്നാണ് ഇവര്‍ നല്‍കിയ വിവരം. ശബരിമലയിലേക്ക് ഒറ്റയ്‌ക്കായിരിക്കില്ല ഒരു സംഘമായാണ് പോവുക എന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. സുരക്ഷയെക്കുറിച്ച് ആശങ്കയില്ലെന്നും സര്‍ക്കാര്‍ സുരക്ഷ ഒരുക്കുമെന്നുമാണ് ബിന്ദു വ്യക്തമാക്കിയത്. ഇടത് ലിബറലാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന ബിന്ദു തനിക്ക് മതവിശ്വാസമില്ലെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രഖ്യാപിക്കുന്നുണ്ട്.
കോഴിക്കോട്ട് നടന്ന വിവാദ സമര മുഖങ്ങളില്‍ ഇവര്‍ പങ്കാളിയായിരുന്നു. ചുംബനസമര സംഘാടകരില്‍ പ്രമുഖരും ഇത്തരം സമരങ്ങളില്‍ പങ്കെടുത്തിരുന്നു. ചുംബനസമരത്തെ പരസ്യമായി സിപിഎം പിന്തുണച്ചിരുന്നു. ശബരിമലയിലെ സിപിഎം അജണ്ട നടപ്പാക്കാന്‍ മാവോയിസ്റ്റ് സംഘങ്ങളും അണിചേരുകയാണ്. താലി പൊട്ടിക്കല്‍ സമരം ആര്‍ത്തവ സമരം, തുടങ്ങിയ വിവാദ സമരങ്ങളില്‍ നേതൃത്വം കൊടുത്തവരും പങ്കാളികളായവരുമാണ് ശബരിമലയിലേക്ക് പോകാന്‍ തയാറെടുക്കുന്നത്. വിശ്വാസത്തെക്കാള്‍ അവകാശം നേടിയെടുത്തു എന്ന് പ്രഖ്യാപിക്കാനാണ് ശബരിമല യാത്രയെന്നാണ് പുതിയ തീര്‍ഥാടക സംഘക്കാര്‍ പറയുന്നത്.
















