ബെംഗളൂരു: റഫാല്‍ യുദ്ധവിമാന കരാറിന്റെ പേരില്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍)നെ രാഷ്‌ട്രീയമായി ഉപയോഗിക്കാനുള്ള രാഹുലിന്റെ തന്ത്രം പൊളിഞ്ഞു. രാഹുലുമായി കുടിക്കാഴ്ചയ്‌ക്ക് തൊഴിലാളികള്‍ തയാറായില്ല. കോണ്‍ഗ്രസ് അനുഭാവികളായ ചില മുന്‍ ജീവനക്കാര്‍ മാത്രമാണ് പങ്കെടുത്തത്.
രാഹുലിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് എച്ച്എഎല്ലില്‍ പരിപാടി നിശ്ചയിച്ചത്. കോണ്‍ഗ്രസ് അനുഭാവികളായ മുന്‍ ജീവനക്കാരായിരുന്നു സംഘാടര്‍. പരിപാടിയില്‍ തൊഴിലാളികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം കഴിഞ്ഞ ദിവസം എച്ച്എഎല്‍ എംപ്ലോയിസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി സൂര്യദേവര ചന്ദ്രശേഖരെ സന്ദര്‍ശിച്ചിരുന്നു.
എന്നാല്‍ രാഷ്‌ട്രീയ കളിക്ക് കൂട്ടുനില്‍ക്കാനാവില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. പിന്നീട് ജീവനക്കാരില്‍ ചിലരെ സമീപിച്ചെങ്കിലും അവരും പങ്കെടുക്കില്ലെന്ന് അറിയിച്ചു. എച്ച്എഎല്‍ മാനേജ്‌മെന്റും പരിപാടിക്കെതിരെ രംഗത്തു വന്നു. പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിനെ രാഷ്‌ട്രീയ നേതാക്കളുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കരുതെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.
ഇതോടെ പരിപാടിയില്‍ നിന്ന് മുഴുവന്‍ തൊഴിലാളികളും വിട്ടു നിന്നു. ഇതോടെ റഫാല്‍ വിഷയം കര്‍ണാടകത്തില്‍ ചര്‍ച്ചയാക്കാമെന്ന രാഹുലിന്റെയും കോണ്‍ഗ്രസ് നേതാക്കളുടെയും മോഹം പൊലിഞ്ഞു. തൊഴിലാളികളുടെ ഭാഗത്തുനിന്നും കേന്ദ്രസര്‍ക്കാരിനെതിരെ വികാരമുയരുമെന്നും ഇത് നേട്ടമാക്കാമെന്നുമായിരുന്നു രാഹുലിന്റെ പ്രതീക്ഷ.
















