ഇടുക്കി: കാലാവസ്ഥ ചതിച്ചു, രണ്ട് മാസത്തിനിടെ രണ്ടാംവട്ടം തുറന്ന ഇടുക്കി ജലസംഭരണി ഇന്നലെ വൈകിട്ടോടെ അടച്ചു. ചെറുതോണി പുഴയുടെ ഒഴുക്ക് നിലച്ചു. വകുപ്പിന് നഷ്ടമായത് മൂന്ന് കോടിയുടെ വെള്ളം.
ഇന്നലെ വൈകിട്ട് 3.15 ഓടെ 2387.02 അടിയെത്തിയപ്പോഴാണ് ചെറുതോണി അണക്കെട്ടിന്റെ 70 സെ.മീ. ഉയര്‍ത്തിവച്ചിരുന്ന മൂന്നാം നമ്പര്‍ ഷട്ടര്‍ അടച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് 2387.50 അടി ജലനിരപ്പ് എത്തിയപ്പോള്‍ ഷട്ടര്‍ ഉയര്‍ത്തിയത്. രണ്ട് ദിവസമായി പദ്ധതി പ്രദേശത്ത് മഴയും ലഭിച്ചിട്ടില്ല. ഇന്നലെ പകല്‍ സമയങ്ങളില്‍ സംഭരണിയിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും പൂര്‍ണമായി നിലച്ചു. 50000 ലിറ്റര്‍ വെള്ളമാണ് സെക്കന്‍ഡില്‍ ചെറുതോണി പുഴയിലൂടെ ഒഴുകിയത്.
ഇത്തരത്തില്‍ ഒരു മണിക്കൂര്‍ ഷട്ടര്‍ തുറന്ന് വച്ചാല്‍ 1,80,000 മീറ്റര്‍ ക്യൂബ് വെള്ളമാണ് നഷ്ടപ്പെടുക. ഒരു മണിക്കൂര്‍ തുറക്കുമ്പോള്‍ 0.2645 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് നഷ്ടമാകുന്നത്. ഇത്തരത്തില്‍ 28 മണിക്കൂറും 15 മിനിറ്റും ആണ് ഷട്ടര്‍ തുറന്നിരുന്നത്. 7.472 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ വെള്ളമാണ് ഒഴുകിപ്പോയത്. യൂണിറ്റിന് നാല് രൂപ മാത്രം കണക്കുകൂട്ടിയാല്‍ 2.99 കോടിയുടെ നഷ്ടം. ദിവസങ്ങളായി തുറന്നുവെച്ചിരിക്കുന്ന മറ്റ് സംഭരണികളുടെ കൂടി കണക്കെടുത്താല്‍ ഇത് ഇരട്ടിയിലും അധികമാകും. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ ഇടുക്കിയിലെ വൈദ്യുതി ഉല്‍പ്പാദനം 14.247 ദശലക്ഷം യൂണിറ്റാണ്. 6-7 ദശലക്ഷം വരെയായിരുന്നത് ഇരട്ടിയിലും അധികമായി കൂടി.
മഴ പെയ്യാതിരുന്നിട്ടും ചെറുതോണി അണക്കെട്ട് തുറന്ന് വലിയ നഷ്ടം വകുപ്പിന് വരുത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കടുത്ത അമര്‍ഷം ഉണ്ട്. പ്രളയത്തിന്റെ ഭീതിയില്‍ പകപോക്കല്‍ പോലുള്ള സര്‍ക്കാരിന്റെ ആലോചനയില്ലാത്ത തീരുമാനമാണ് സംസ്ഥാനത്തെ 45 ഡാമുകള്‍ ഒരുമിച്ച് തുറക്കുന്നതിലേക്ക് എത്തിച്ചത്. തുറന്നതില്‍ പകുതിയോളം ഇന്നലെ മാത്രം അടച്ചു. വൈദ്യുതി-ജലസേചന വകുപ്പുകള്‍ നാഥനില്ലാക്കളരിയായി മാറുന്നതിന്റെ സൂചനയാണ് ഇതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: