ചിലപുറംമേനികളാകും അകത്തേക്കു നമ്മെ കൂട്ടിക്കൊണ്ടുപോകുക. ഉള്ളിലെ കാതല്‍ എത്രതന്നെയായാലും അതിനെ സ്പര്‍ശിക്കാനോ ദര്‍ശിക്കാനോ ഒരാകര്‍ഷണം കൂടിയേ തീരൂ. ഇപ്പോള്‍ അങ്ങനെയാണ്, ഉള്ളടക്കം എന്താണെന്ന് അതിന്റെ പ്രവേശത്തില്‍ തന്നെ അറിയാന്‍ കഴിയും. ചില മണം കേള്‍ക്കുമ്പോള്‍ രുചി പിടിച്ച് കഴിക്കാന്‍ തോന്നലുണ്ടാകുകയും ചെയ്യുംപോലെ. നല്ല വസ്ത്രം, നല്ല പുറംചട്ട, നല്ല പോസ്റ്റര്‍ എന്നിവയൊക്കെ ഇങ്ങനെ ഉള്ളിലേക്കു പ്രവേശിക്കുന്നതിനുള്ള ആര്‍ജവവും ആവേശവും തന്നുകൊണ്ടിരിക്കും. ചില പുസ്തകങ്ങളുടെ പുറംചട്ട കാണുമ്പോള്‍ തന്നെ വായിക്കാന്‍ തോന്നുമെന്നു പറയാറുണ്ട്. ലോക പ്രശസ്ത ജാപ്പാനീസ് എഴുത്തുകാരന് ഹാരുകി മുറകാമിയുടെ പുസ്തകപുറംചട്ടകള് ഇത്തരം പ്രചോദനം നല്കുന്നവയാണ്.
മുറകാമിയുടെ പുസ്തകങ്ങളുടെ പുറംചട്ട അവയുടെ ഉള്ളടക്കത്തേയും പേരിനേയും ഒരുപോലെ അഭിസംബോധന ചെയ്യുന്നവയാണ്. ചിപ് കിഡ് എന്നുപേരുള്ള ഡിസൈനറുടെ പ്രതിഭയാണ് ഈ പുസ്തകങ്ങള്‍ക്കു ചാരുത നല്‍കുന്നത്. സ്ഥൂലവും സൂക്ഷ്മവും യഥാതഥവും സര്‍റിയലിസവും നിഗൂഢവും അതീവ ലാളിത്യവുമൊക്കെ ഇണങ്ങി നില്ക്കുന്നവയാണ് ഈ പുറംചട്ടകള്‍. 1993 മുതല്‍ 2018വരെയുളള മുറകാമിയുടെ പുസ്തകങ്ങളുടെ കവര്‍ ഡിസൈന്‍ എല്ലാം ചിപ് കിഡിന്റേതാണ്. പരിശോധിച്ചാല്‍ ഇതിഹാസമായിത്തീര്ന്നവയാണ് ഇദ്ദേഹത്തിന്റെ ചില പോസ്റ്ററുകള്‍ എന്നു കാണാന്‍ കഴിയും. ലോകമാകമാനമുള്ള ജനത്തിന്റെ മനസില്‍ പതിഞ്ഞ ജുറാസ്ക് പാര്‍ക്കിന്റെ പോസ്റ്റര്‍ ഡിസൈന്‍ കിഡിന്റേതാണ്.
കഴിഞ്ഞ 25 വര്‍ഷങ്ങളായി മുറകാമിയും കിഡും വലിയ സുഹൃത്തുക്കളാണ്. 93ല്‍ പ്രസിദ്ധീകരിച്ച മുറകാമിയുടെ ദ എലിഫെന്റ് വാനിഷസ് എന്ന പുസ്തകത്തിനാണ് കിഡ് ആദ്യം കവര്‍ ചെയ്തത്. വാദ്യോപകരണമായ ഡ്രംമ്മിനൊപ്പമുള്ള ആനയുടെ മുഖചിത്രമാണ് ഇതിനുള്ളത്. മുന്‍പ് ജപ്പാന്റെ നാടോടി പാരമ്പര്യമായോ ഫിക്ഷനുമായോ അത്രയ്ക്കൊന്നും പരിചയമില്ലാത്ത അവസ്ഥയിലാണ് ഇതു ചെയ്തതെങ്കിലും വ്യത്യസ്തതയാല്‍ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് ദ വൈന്റപ് ബേഡ് ക്രോണിക്കിള്‍, സ്പുട്നിക് സ്വീറ്റ് ഹാര്‍ട്ട്, കാഫ്ക ഓണ്‍ ദ ഷോര്‍, ആഫ്റ്റര്‍ ഡാര്‍ക്, വണ്‍ ക്യു എയ്റ്റി ഫോര്‍, ദ സ്ട്രയ്ഞ്ച് ലൈബ്രറി, മെന്‍ വിത്തൗട്ട് വിമണ്‍, കില്ലിങ് കമന്റേറ്റര്‍ വരെയുള്ള രചനകള്‍ക്ക് പുറംചട്ട മറ്റാരുമല്ല ഒരുക്കിയത്. ഇപ്പോള്‍ മുറകാമിക് തന്റെ പുസ്തകമൊരുക്കാന്‍ ഒരാളേയുള്ളൂ, കിഡ്.
ഓരോ പുസ്തകത്തിന്റെയും കൈയ്യെഴുത്തു പ്രതി വായിച്ച് അതിനെ സമഗ്രമായി ഉള്‍ക്കൊണ്ടും കഥാപാത്രങ്ങളെ മനസിലാക്കിയും പ്രമേയത്തെ അറിഞ്ഞുംകൊണ്ടാണ് ഡിസൈന്‍ ചെയ്യുക. രചനപോലെ തന്നെ പ്രതിഭ ആവശ്യപ്പെടുന്ന മറ്റാരു പണിത്തരമാണ് കവര്‍ചിത്ര രചനയെന്ന് ചിപ് കിഡ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: