മാവേലിക്കര: കയറിനും കൈത്തറിക്കും കശുവണ്ടിക്കും പിന്നാലെ മറ്റൊരു പരമ്പരാഗതമേഖലയായ ഈറ്റവ്യവസായവും കടുത്ത പ്രതിസന്ധിയില്‍. ആറുമാസമായി ഈറ്റയ്ക്ക് ക്ഷാമമാണ്. ബാംബു കോര്‍പ്പറേഷന്റെ ഡിപ്പോകള്‍ പല സ്ഥലങ്ങളിലും പൂട്ടി. ഈ ഡിപ്പോകള്‍ വഴി ഈറ്റ ലഭിച്ചുവന്ന പരമ്പരാഗത തൊഴിലാളികളാണ് വെട്ടിലായത്. ലോഡ് വന്നാല്‍ തൊഴിലാളികളുടെ സൗജന്യനിരക്കിലുള്ള പാസ് വാങ്ങി ബന്ധപ്പെട്ടവര്‍ സ്വകാര്യമുതലാളിമാര്‍ക്ക് കൈമാറുകയും അവരില്‍ നിന്നും വന്‍വില വാങ്ങുകയും ചെയ്യുന്നതായാണ് ആക്ഷേപം.
1971ല്‍ രൂപീകൃതമായ ബാംബു കോര്‍പ്പറേഷന്റെ തലപ്പത്ത് വ്യവസായവുമായി ബന്ധമുള്ളവര്‍ വരാത്തതാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. അതാത് കാലത്തെ സര്‍ക്കാരിന്റെ രാഷ്ട്രീയമനുസരിച്ചായിരുന്നു ഭരണത്തില്‍ ആളുകളെത്തിയത്. കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍, പുനലൂര്‍ താലൂക്കുകളിലും എറണാകുളത്ത് കുന്നത്തുനാട്ടിലും കോതമംഗലത്തും തൃശൂരില്‍ ചാലക്കുടിയിലും ആയിരക്കണക്കിന് തൊഴിലാളികളാണ് ഈറ്റവ്യവസായത്തെ ആശ്രയിച്ചുള്ളത്. കോഴിക്കോട്, കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലും നിരവധി പേരുണ്ട്.
മേഖലയില്‍ പണിയെടുക്കുന്ന ഭൂരിഭാഗം തൊഴിലാളികളും സാംബവസമുദായത്തില്പെട്ടവരാണ്. കോര്‍പ്പറേഷനില്‍ ഈറ്റതൊഴിലാളികളായി നിലവില്‍ പരിഗണിക്കുന്നത് വ്യവസായിക അടിസ്ഥാനത്തില്‍ പനമ്പുനെയ്ത്തില് ഏര്‍പ്പെട്ടിരിക്കുന്നവരെ മാത്രമാണ്. ഇതില്‍ അഞ്ച് ശതമാനം പോലും സാംബവസമുദായമില്ല. ഇത് പരമ്പരാഗതതൊഴിലാളികളെ വ്യവസായത്തില്‍ നിന്നും ആട്ടിയോടിക്കാനുള്ള സംഘടിതനീക്കത്തിന്റെ ഭാഗമാണെന്ന് സാംബവ മഹാസഭ ജനറല്‍ സെക്രട്ടറി രാമചന്ദ്രന് മുല്ലശ്ശേരി പറഞ്ഞു.
എസ്. ശ്രീകാന്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: