ദുബായ്: ആവേശം ആര്‍ത്തിരമ്പിയ ഏഷ്യാകപ്പ് കലാശപോരാട്ടത്തിന്റെ അവസാന പന്തില്‍ വിജയം കുറിച്ച് ഇന്ത്യ. ഇത് ഏഴാം തവണയാണ് ഇന്ത്യ ഏഷ്യാകപ്പ് കിരീടത്തില്‍ മുത്തമിടുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം മൂന്നു വിക്കറ്റ് ബാക്കി നില്‍ക്കെയാണ് ഇന്ത്യ നേടിയത്.
അവസാന പന്ത് വരെ ആവേശവും ആകാംക്ഷയും തുടിച്ച മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ ഇന്ത്യ വിജയം കൈവിട്ടേക്കുമോ എന്നു പോലും തോന്നി. എന്നാല്‍, പരിക്കിനെ തുടര്‍ന്ന് പുറത്ത് പോയി തിരിച്ചെത്തി ബാറ്റു ചെയ്ത കേദാര്‍ ജാദവിന്റെ വീരോചിത പ്രകടനം ഇന്ത്യക്കു വിജയം സമ്മാനിച്ചു. അവസാന പന്തില്‍ കേദാര്‍ വിജയ റണ്‍ നേടിയതോടെയാണ് ഇന്ത്യ കിരീടം നിലനിര്‍ത്തിയത്. സ്‌കോര്‍: ബംഗ്ലാദേശ്- 48.3 ഓവറില്‍ 222 ന് പുറത്ത്. ഇന്ത്യ- 50 ഓവറില്‍ ഏഴിന് 223
ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയതെങ്കിലും അഞ്ചാം ഓവര്‍ മുതല്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് ഇന്ത്യന്‍ നിരയെ സമ്മര്‍ദത്തിലാഴ്‌ത്തി. അഞ്ചാം ഓവറില്‍ നാസ്മുല്‍ ഇസ്ലാം എറിഞ്ഞ നാലാമത്തെ പന്തില്‍, ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച ഫോമിലായിരുന്ന ധവാന്‍ 15 റണ്‍സെടുത്ത് പുറത്താകുകയായിരുന്നു. പിന്നീട് കളിക്കാനിറങ്ങിയ അമ്പാട്ടി റായിഡുവിന് സ്‌കോര്‍ബോര്‍ഡില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല.
രോഹിത് ശര്‍മ നേരിട്ട റൂബല്‍ ഹുസൈന്റെ പന്ത് നാസ്മുല്‍ ഇസ്ലാം ക്യാച്ചെടുത്തതോടെ ഇന്ത്യന്‍ നായകനും പുറത്തായി. 67 പന്തില്‍ നിന്ന് 36 റണ്‍സ് നേടിയ മഹേന്ദ്ര സിങ്ങ് ധോണിയും 61 പന്തില്‍ നിന്ന് 37 റണ്‍സ് നേടിയ ദിനേശ് കാര്‍ത്തിക്കും ചേര്‍ന്നുള്ള പടുത്തുയര്‍ത്തിയ 54 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യക്ക് വീണ്ടും വിജയ പ്രതീക്ഷ നല്‍കിയെങ്കിലും അഞ്ച് ഓവറിനിടയില്‍ ഇരുവരും പുറത്തായതോടെ ഇന്ത്യ വീണ്ടും പ്രതിസന്ധിയിലായി. പിന്നീട് ഇറങ്ങിയ കേദാര്‍ ജാദവ് ( 23), രവീന്ദ്ര ജഡേജ (23 നോട്ടൗട്ട്), ഭുവനേശ്വര്‍ കുമാര്‍ (21) എന്നിവരുടെ പ്രകടനവും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
കുല്‍ദീപ് യാദവിന്റെയും കേദാര്‍ ജാദവിന്റെയും മികച്ച ബൗളിങ് പ്രകടനത്തിലൂടെയാണ് ബംഗ്ലാ കടുവകളെ 48.3 ാം ഓവറില്‍ 222 എന്ന ചെറിയ സ്‌കോറില്‍ ഇന്ത്യ പിടിച്ചുകെട്ടിയത്. ഏകദിനത്തിലെ കന്നി സെഞ്ചുറി നിറവില്‍ ബംഗ്ലാദേശ് ഓപ്പണര്‍ ലിട്ടണ്‍ ദാസ് 121 റണ്‍സ് നേടിയെങ്കിലും തുടരെത്തുടരെ വിക്കറ്റുകള്‍ നഷ്ടമായതോടെ ഒരു വലിയ സ്‌കോര്‍ എന്ന ലക്ഷ്യത്തിലേക്ക് ടീമിനെ നയിക്കാന്‍ അദ്ദേഹത്തിനും സാധിച്ചില്ല.
48 റണ്‍സ് എടുത്ത നായകന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 87 പന്തില്‍ നിന്ന് 121 റണ്‍സ് എടുത്ത ബംഗ്ലാദേശ് ഓപ്പണര്‍ ലിട്ടണ്‍ ദാസാണ് മാന്‍ ഓഫ് ദ മാച്ച്. ലിട്ടണ്‍ ദാസിന്റെ ആദ്യ സെഞ്ചുറി കൂടിയാണിത്. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ശിഖര്‍ ധവനാണ് മാന്‍ ഓഫ് ദ സീരിസ്.ഇതിനു മുന്‍പ് 1984, 1988, 1990, 1995, 2010, 2016 എന്നീ വര്‍ഷങ്ങളിലും കിരീടം ചൂടിയിട്ടുള്ള ഇന്ത്യ തന്നെയാണ് ഏഷ്യാകപ്പ് കിരീട നേട്ടത്തില്‍ ഒന്നാമത്.
















