കൊല്‍ക്കത്ത: നിലവിലെ ജേതാക്കളായ എടികെ കൊല്‍ക്കത്തയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഐഎസഎല്ലില്‍ കേരളാബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം.
അഞ്ചാം സീസണിലെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയെ അവരുടെ തട്ടകത്തിലാണ് മഞ്ഞപ്പട തകര്‍ത്തത്.
ഗോള്‍രഹിതമായ ഒന്നാം പകുതിക്ക് ശേഷം 76ാം മിനിട്ടില്‍ സ്ലോവേനിയന്‍ താരം മത്തേജ് പൊപ്ലാത്‌നികിന്റെ മിന്നും ഗോളില്‍ കേരളം മുന്നിലെത്തി. എടികെ ഗോള്‍മുഖത്ത് ബ്ലാസ്‌റ്റേഴ്‌സ് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ഉയര്‍ന്ന് കിട്ടിയ പന്ത് പൊപ്ലാത്‌നിക് ഹെഡ് ചെയ്ത് ഗോളാക്കുകയായിരുന്നു.
എണ്‍പത്തിയാറാം മിനിട്ടില്‍ മൊറോക്കോ താരം കിസിറ്റോ കെസിറോണ്‍ ഉജ്വലമായ ഷോട്ടിലൂടെ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം പൂര്‍ത്തിയാക്കി.
















