പാരീസ്: ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനായുള്ള സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അരങ്ങേറ്റം അര മണിക്കൂറില്‍ അവസാനിച്ചു. വലന്‍സിയക്കെതിരായ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട് റൊണാള്‍ഡോ കണ്ണീരോടെ കളിക്കളം വിട്ടു.
വലന്‍സിയയുടെ പ്രതിരോധനിരക്കാരന്‍ ജെയ്‌സണ്‍ മുര്‍ലിയോയുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് റഫറി റൊണാള്‍ഡോയെ പുറത്താക്കിയത്. റഫറിയുടെ തീരുമാനം വിവാദമായി.
റൊണാള്‍ഡോയുമായി കൂട്ടിയിടിച്ച കൊളംമ്പിയന്‍ താരം മുര്‍ലിയോ മുഖം പൊത്തി താഴെ വീണു. റഫറി ഫെലിക്‌സ് ബ്രിച്ച് അസിസ്റ്റ്ന്‍ഡ് റഫറിയുമായി ചര്‍ച്ച നടത്തിയശേഷം റൊണാള്‍ഡോയെ ചുവപ്പ് കാര്‍ഡ് കാട്ടി പുറത്താക്കി.
വീഡിയോ അസിസ്റ്റന്‍ഡ് റഫറീ സംവിധാനം ഉപയോഗിച്ചിരുന്നെങ്കില്‍ റഫറിക്ക് ശരിയായ തീരുമാനം എടുക്കാനാകുമായിരുന്നെന്ന് യുവന്റസ് കോച്ച് മാസിമിലിയാനോ അലെഗ്രി പറഞ്ഞു.
തീരുമാനം നിരാശപ്പെടുത്തി. അടുത്ത മത്സരത്തിലും റൊണാള്‍ഡോയുടെ സേവനം ഞങ്ങള്‍ക്ക് നഷ്ടമാകുമെന്ന് കോച്ച് കൂട്ടിചേര്‍ത്തു.
















