കോട്ടയം: ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ മത നേതാക്കളും രാഷ്‌ട്രീയ നേതൃത്വവും നുണപ്രചാരണം നടത്തുകയാണെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും ഗാഡ്ഗില്‍ കമ്മിറ്റി അംഗവുമായിരുന്ന ഡോ. വി.എസ്. വിജയന്‍ പറഞ്ഞു. കോട്ടയത്ത് ഭൂഅവകാശ സമിതിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ പാരിസ്ഥിതിക ആഘാതവും പ്രകൃതിക്ഷോഭവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ജനങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്ന തരത്തിലാണ് അതിന്റെ ഘടന. എന്നാല്‍ റിപ്പോര്‍ട്ടിന്റെ മലയാളത്തിലുള്ള കോപ്പി പോലും വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. മുന്നറിയിപ്പും മുന്നൊരുക്കവും ഇല്ലാതെ അണക്കെട്ട് തുറന്നുവിട്ടതാണ് സംസ്ഥാനത്ത് ഇത്രയും ദുരന്തമുണ്ടാകാന്‍ കാരണം. ഓരോ സോണ്‍ അനുസരിച്ചാണ് അണക്കെട്ട് നിര്‍മിക്കേണ്ടതെന്ന് ഗാഡ്ഗില്‍ കമ്മിറ്റി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മാഫിയകളെ സഹായിക്കാനാണെന്നും ഡോ. വിജയന്‍ പറഞ്ഞു.
കാര്‍ഷിക ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും, വ്യവസായ കേന്ദ്രീകൃതമായ വികസന സങ്കല്പവുമാണ് പരിസ്ഥിതി നാശത്തിന് കാരണമെന്ന് ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹും ജന്മഭൂമി മാനേജിങ് ഡയറക്ടറുമായ എം. രാധാകൃഷ്ണന്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഭൂഅവകാശ സമിതി നേതാവ് കെ. ഗുപ്തന്‍ വിഷയം അവതരിപ്പിച്ചു. സേവാഭാരതി അടക്കമുള്ള സന്നദ്ധ സംഘടനകളും, സൈന്യവും, മത്സ്യത്തൊഴിലാളികളും രംഗത്തിറങ്ങിയതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചതെന്ന് വിഷയം അവതരിപ്പിച്ച് കെ. ഗുപ്തന്‍ പറഞ്ഞു. എം.പി. രാധാകൃഷ്ണന്‍, ഡോ. സി.എം. ജോയി, ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, എം.എന്‍. ജയചന്ദ്രന്‍, കെ.എം. പൂവ്, എസ്. രാമനുണ്ണി, എം.കെ. കുമാരന്‍ എന്നിവര്‍ സംസാരിച്ചു.
















